വയനാട് പുനരധിവാസം; തൃശൂർ കോർപറേഷൻ അഞ്ചുകോടി നൽകും
text_fieldsതൃശൂർ: വയനാട് പുനരധിവാസത്തിന് അഞ്ചുകോടി രൂപ നൽകാൻ തൃശൂർ കോർപറേഷൻ കൗൺസിൽ യോഗം ഏകകണ്ഠമായി തീരുമാനിച്ചു. കൗൺസിൽ യോഗത്തിന്റെ ആരംഭത്തിൽ വയനാട് പാക്കേജിലേക്ക് രണ്ടുകോടി രൂപ നൽകണമെന്ന് മേയർ എം.കെ. വർഗീസ് പറഞ്ഞെങ്കിലും അത് അപര്യാപ്തമാണെന്നും അഞ്ചുകോടി നൽകണമെന്നും പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ. പല്ലൻ അഭിപ്രായപ്പെട്ടു. ഇത് കൗൺസിൽ അംഗീകരിക്കുകയായിരുന്നു. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ കക്ഷി ഉപനേതാവ് ഇ.വി. സുനിൽരാജ് ആവശ്യപ്പെട്ടു.
കോർപറേഷൻ ജനറൽ, വൈദ്യുതി വിഭാഗങ്ങൾക്കായി 140 കോടി രൂപ സംസ്ഥാന സർക്കാർ നൽകാനുണ്ടെന്നും രണ്ടിടത്തും ഭരിക്കുന്നത് എൽ.ഡി.എഫ് ആയതിനാൽ കോർപറേഷൻ ഭരണസമിതി അത് മറച്ചുവെച്ചുവെന്നും രാജൻ പല്ലൻ ആരോപിച്ചു. കെട്ടിട നികുതി പിരിവിൽ 2016 മുതൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ റവന്യൂ റിക്കവറി അടക്കമുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് റാന്തൽ വിളക്കുകളുമായാണ് പ്രതിപക്ഷ കൗൺസിലർമാർ എത്തിയത്. ഇക്കാര്യത്തിൽ അടുത്ത ദിവസം പരിഹാരം കാണുമെന്ന് മേയർ ഉറപ്പുനൽകി. വെള്ളപ്പൊക്കത്തിൽ നാശം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് വ്യാപാരികൾ ലൈസൻസ് പുതുക്കുന്നതിൽ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ‘റെസിഡൻസി പർപ്പസ്’ എന്നും ‘കമേഴ്സ്യൽ പർപ്പസ്’ എന്നും നോക്കാതെ ലൈസൻസ് പുതുക്കണണമെന്നും ആവശ്യപ്പെട്ടു. ജോൺ ഡാനിയൽ, പ്രതിപക്ഷ കക്ഷി പാർലമെന്ററി പാർട്ടി സെക്രട്ടറി കെ. രാമനാഥൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറമ്പിൽ, ലാലി ജെയിംസ്, എ.കെ. സുരേഷ്, സിന്ധു ആന്റോ, മേഫി നെൽസൺ, ലീല വർഗീസ്, മേഴ്സി അജി, വിനേഷ് തയ്യിൽ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.