ചാലിശ്ശേരി മിനി സിവിൽ സ്റ്റേഷനിലെ വഴിയിട വിശ്രമ കേന്ദ്രം നോക്കുകുത്തി
text_fieldsപെരുമ്പിലാവ്: ചാലിശ്ശേരി പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ടേക് എ ബ്രേക് ടോയ് ലറ്റ് കോംപ്ലക്സ് ഒരുവർഷം പിന്നിട്ടിട്ടും അടഞ്ഞുതന്നെ. ഉദ്ഘാടനം കഴിഞ്ഞ് 14 മാസം പിന്നിട്ടിട്ടും പൊതുജനത്തിനായി തുറന്ന് നൽകണമെന്നാവശ്യം ശക്തമായി.
2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമൽ പുരസ്കാര ഫണ്ട് വിനിയോഗിച്ച് പണി കഴിച്ച ടേക് എ ബ്രേക്ക് ടോയ് ലറ്റ് കെട്ടിടത്തിനാണ് ഈ അവസ്ഥ. കെട്ടിടം നിർമാണം പൂർത്തിയായി ഒന്നര വർഷം കഴിഞ്ഞാണ് വിശ്രമകേന്ദ്രം 2023 ജൂലൈ 30ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് കോമ്പൗണ്ടിൽ ഹോമിയോ, ആയുർവേദ ഡിസ്പെൻസറി, വില്ലേജ്, പഞ്ചായത്ത്, കെ.എസ്.ഇ.ബി, കൃഷി ഓഫിസ് എന്നീ സ്ഥാപനങ്ങളും പഞ്ചായത്ത് ഓഡിറ്റോറിയവും പ്രവർത്തിക്കുന്നുണ്ട്.
പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും നിരവധി പേരാണ് വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി സിവിൽ സ്റ്റേഷനിലേക്ക് എത്തുന്നത്. എന്നാൽ, കോഫി ഹൗസ്, ശുചിമുറി, വിശ്രമസ്ഥലം എന്നീ സൗകര്യങ്ങളടങ്ങിയ കെട്ടിടം തുറക്കാതിരിക്കുന്നത് ഗ്രാമവാസികളോടുള്ള തികഞ്ഞ അനാസ്ഥയാണെന്ന ആക്ഷേപമുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം ആളുകൾക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാൻ വഴിയിട വിശ്രമകേന്ദ്രം തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.