റേഷൻ കടയിൽ ഇറക്കിയ ലോഡിൽ വൻ തൂക്കക്കുറവ്
text_fieldsതൃശൂർ: കോവിഡ് കാലത്തും റേഷൻ ഭക്ഷ്യധാന്യങ്ങളിൽ വെട്ടിപ്പ്. 2021 മേയ് മാസത്തെ റേഷൻ അരി ഭക്ഷ്യധാന്യങ്ങൾ സപ്ലൈകോ റേഷൻ കടകളിലേക്ക് നൽകിയതിലാണ് വൻ വെട്ടിപ്പ് കണ്ടെത്തിയത്. മുല്ലക്കര എ.ആർ.ഡി നമ്പർ 354ാം റേഷൻ വ്യാപാരി സൈപ്ല ഓഫിസർക്ക് പരാതി നൽകി.
ഇക്കഴിഞ്ഞ 11ന് എത്തിയ ലോഡിലാണ് മട്ട അരി -64 കി.ഗ്രാം, പുഴുക്കലരി -54 കി.ഗ്രാം, ഗോതമ്പ് -28 കി.ഗ്രാം എന്നിങ്ങനെ 146 കി.ഗ്രാം ഭക്ഷ്യധാന്യങ്ങൾ കുറവുള്ളതായി കണ്ടെത്തിയത്. സമാനമായി മറ്റു നിരവധി റേഷൻകടകളിലും അനുഭവമുണ്ടെന്ന് പറയുന്നു. തൃശൂർ താലൂക്കിൽ മാത്രം 294 റേഷൻ കടകളിലായി പ്രതിമാസം വൻതോതിൽ ഭക്ഷ്യധാന്യങ്ങളിൽ ക്രമക്കേട് നടക്കുന്നതായാണ് ആക്ഷേപം.
ഇത് സംബന്ധിച്ച പരാതി കലക്ടർക്ക് നൽകിയതിൽ ജില്ല സപ്ലൈ ഓഫിസറോട് റിപ്പോർട്ട് തേടിയെങ്കിലും കർശന ഇടപെടൽ ഇല്ലാതിരുന്നതാണ് ഭക്ഷ്യധാന്യങ്ങളുടെ വെട്ടിപ്പ് തുടരാൻ കാരണമെന്നാണ് ആരോപണം. നേരത്തേ സമാനമായ അനുഭവം ഉണ്ടായപ്പോൾ റേഷൻ വ്യാപാരികൾ ജില്ല സപ്ലൈ ഓഫിസർക്ക് നൽകിയ പരാതിയിൽ കുറവുള്ള ഭക്ഷ്യധാന്യങ്ങൾ ഉടൻ എത്തിച്ച് നൽകാൻ നടപടിയുണ്ടായിരുന്നു. എന്നാൽ, പരാതി നൽകുന്ന റേഷൻ വ്യാപാരികൾക്കെതിരെ പിന്നീട് ഉദ്യോഗസ്ഥർ പ്രതികാര നടപടി സ്വീകരിക്കുകയാണത്രെ. തൂക്കക്കുറവ് വെട്ടിപ്പ് ആരോപണത്തെ തുടർന്ന് സപ്ലൈകോ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് സ്ഥലം മാറ്റിയിരുന്നു. പിന്നീട് ഉന്നത സ്വാധീനത്തെ തുടർന്ന് അയാൾ തൽസ്ഥാനത്തുതന്നെ അടുത്തിടെ എത്തി.
ഇക്കാര്യം ചൂണ്ടിക്കാട്ടി നേർകാഴ്ച അസോസിയേഷൻ സെക്രട്ടറി പി.ബി. സതീഷ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ല സപ്ലൈ ഓഫിസറോട് ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയതായി സതീഷിന് വിജിലൻസ് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.