പശ്ചിമേഷ്യ പാര അംപ്യൂട്ടി ചാമ്പ്യൻഷിപ്: ഇന്ത്യൻ ടീമിൽ ചാലിശേരിയിലെ ലെനിനും
text_fieldsപെരുമ്പിലാവ്: ചാലിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി വി.പി. ലെനിൻ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭിന്നശേഷി കുട്ടികൾക്കായി വേൾഡ് അംപ്യൂട്ടി ഫുട്ബാൾ ഫെഡറേഷനു കീഴിൽ വെസ്റ്റ് ഏഷ്യൻ പാര അംപ്യൂട്ടി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്കാണ് ഒമ്പതാം ക്ലാസ് വിദ്യാർഥി ലെനിൻ തിരഞ്ഞെടുക്കപ്പെട്ടത്. മാർച്ച് അഞ്ച് മുതൽ ഒമ്പത് വരെ ഇറാൻ കിഷ് ഐലൻഡിലാണ് മത്സരം.
ഇന്ത്യൻ ടീമിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായി ലെനിൻ ബൂട്ടണിയും. സ്കൂളിലെ കായിക അധ്യാപിക ഷക്കീല മുഹമ്മദും സ്കൂൾ കോച്ച് റംഷാദുമാണ് ലെനിലിലുള്ള കഴിവ് കണ്ടെത്തിയത്. പാര അംപ്യൂട്ടി ഫുട്ബാൾ ഇന്ത്യൻ ടീമിലേക്ക് 2019ൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേ ടീമിനെത്തന്നെയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നിലനിർത്തിയത്. കോവിഡ് മഹാമാരിയെ തുടർന്ന് 2020ൽ ഇന്ത്യക്കു വേണ്ടി മലേഷ്യയിൽ പോയി കളിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. ഗ്രാമവാസികൾക്കു പുറമെ സ്കൂൾ അധ്യാപകരും പി.ടി.എ കമ്മിറ്റിയും ഏറെ സന്തോഷത്തിലാണ്.
അടുത്ത ദിവസം മുതൽ തൃശൂരിൽ കോച്ചിങ് ക്യാമ്പ് നടക്കും. മാർച്ച് രണ്ടിന് ടീം ഇറാനിലേക്ക് യാത്ര തിരിക്കും. 1,60,000 രൂപയാണ് ഇറാനിലേക്കുള്ള യാത്രക്കും താമസത്തിനുമായി ചെലവ് വരുകയെന്ന് അസോസിയേഷൻ അറിയിച്ചു. ലെനിന്റെ ആഗ്രഹത്തിന് ഫുട്ബാൾ പ്രേമികൾ കനിയുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ചാലിശേരി പെരുമണൂർ വലിയകത്ത് പ്രദീപ് -സ്നിധി ദമ്പതിമാരുടെ മൂന്ന് മക്കളിൽ മൂത്തവനാണ് ലെനിൻ. അഞ്ചു വർഷം മുമ്പ് പാഴ് വസ്തുക്കൾകൊണ്ട് അലങ്കാര വസ്തുക്കൾ നിർമിച്ച് കഴിവ് തെളിയിച്ച് പഞ്ചാബിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
സ്കൂളിൽ ലെനിന് യാത്രയയപ്പ് നൽകി. അധ്യാപകരും വിദ്യാർഥികളും ചേർന്ന് യാത്രച്ചെലവിനായി 53,000 രൂപ കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. മുരുകദോസ്, പ്രധാനാധ്യാപിക ടി.എസ്. ദേവിക, കായികാധ്യാപിക ഷക്കീല മുഹമ്മദ്, സ്കൂൾ കോച്ച് റംഷാദ്, അധ്യാപകരായ ചന്ദ്രൻ, ബിജേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.