ഗസ്സയിൽ നടക്കുന്നത് കൂട്ടക്കൊലതന്നെ -ഡോ. സന്തോഷ് കുമാർ
text_fieldsആക്രമണത്തിൽ പരിക്കേറ്റ് മരിച്ചവരുടെ അഞ്ച് മടങ്ങെങ്കിലും മരുന്നും വെള്ളവും ഭക്ഷണവും കിട്ടാതെ മരിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ മെഡിക്കൽ ടീം ഡയറക്ടർ
തൃശൂർ: ഇസ്രായേൽ നടത്തുന്നത് അക്ഷരാർഥത്തിൽ കൂട്ടക്കൊലയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ അടിയന്തര മെഡിക്കൽ ടീമിന്റെ ഡയറക്ടറായി ഗസ്സയിൽ സേവനമനുഷ്ഠിക്കുന്ന ഡോ. എസ്.എസ്. സന്തോഷ് കുമാർ. ഇസ്രായേലിന് ആക്രമിക്കാൻ അമേരിക്ക നൽകുന്ന ആയുധങ്ങൾ പല വഴിയിലൂടെ 24 മണിക്കൂർകൊണ്ട് പല ദേശങ്ങൾ കടന്ന് ഗസ്സയുടെയും റഫയുടെയും ആകാശത്തെത്തും.
പക്ഷേ, അതിജീവിതർക്ക് കുടിവെള്ളവും മരുന്നും ഭക്ഷണവും പേരിനെങ്കിലും എത്താൻ മൂന്ന് മാസത്തോളം എടുക്കുന്നു. യുദ്ധക്കെടുതിയും ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളും നേരിട്ടവർക്ക് ചികിത്സയും മരുന്നും നൽകി സഹായിക്കാൻ ഇതിനകം 43 രാജ്യങ്ങളിൽ യു.എൻ രക്ഷാദൗത്യത്തിന്റെ ഭാഗമായ തനിക്ക് ഗസ്സയോളം ഭീകരത അപൂർവമായേ കാണാനായിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ മുഴുസമയ പ്രവർത്തനത്തിനിടെ മെഡിക്കൽ ടീം നിർബന്ധിച്ച് രണ്ടാഴ്ചത്തെ അവധി നൽകി നാട്ടിലേക്കയച്ച ഡോ. സന്തോഷ് കുമാർ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ഗസ്സയിലെ ജീവൻരക്ഷാ ദൗത്യത്തിന് ഉതകുന്ന ഒരു മെഡിക്കൽ പഠനത്തിനായി എത്തിയതായിരുന്നു.
അദ്ദേഹം വെള്ളിയാഴ്ച മെഡിക്കൽ വിദ്യാർഥികൾക്കും ക്ഷണിക്കപ്പെട്ടവർക്കും മുന്നിൽ ഗസ്സയിലെ അനുഭവം വിവരിച്ചു. ദിവസങ്ങൾക്കകം തിരിച്ച് ഗസ്സയിലേക്ക് പോകും.
‘‘കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ടെന്റുകളിലാണ് ഭൂരിഭാഗവും ജീവിക്കുന്നത്, അതിന് ജീവിതമെന്ന് പറയാനാവില്ല’’ -ഡോ. സന്തോഷ് പറഞ്ഞു. ‘‘ഒരു ശൗചാലയം ഒരു ദിവസം 1500 പേർ വരെ ഉപയോഗിക്കും. അവിടെ ഇടം കിട്ടാത്തവർ പൊതുസ്ഥലം ആശ്രയിക്കും. അതിന്റെ മാലിന്യം അവിടമാകെ ഒഴുകിപ്പരക്കുകയാണ്. കിട്ടുന്ന ഏത് വെള്ളവും അവർ ശേഖരിക്കും. തിളപ്പിച്ച് കുടിക്കാൻ ഇന്ധനമില്ലാത്തതിനാൽ അങ്ങനെത്തന്നെ കുടിക്കും.
അതിൽ പകുതിയോളം പേർ ജലജന്യ രോഗങ്ങൾക്ക് ഇരയാവുന്നുണ്ട്. മരുന്നും വെള്ളവും ഭക്ഷണവും കിട്ടാതെ നരകയാതന അനുഭവിക്കുകയാണ്. ആക്രമണത്തിൽ പരിക്കേറ്റ് മരിച്ചവർ 34,000 ആണെന്നാണ് ഔദ്യോഗിക കണക്കെങ്കിൽ അതിന്റെ അഞ്ച് മടങ്ങെങ്കിലും ഇത്തരം പ്രശ്നങ്ങൾ കാരണം മരിച്ചിട്ടുണ്ട്’’ -അദ്ദേഹം പറഞ്ഞു.
പ്രാഥമിക കൃത്യനിർവഹണത്തിന് മറകെട്ടിയ ഇടമില്ലാതെ സ്ത്രീകൾ ഉടുതുണികൊണ്ട് മുഖമാകെ മൂടി തുറസ്സായ സ്ഥലത്തിരിക്കും. ആരെങ്കിലും കടന്നുപോകുന്ന കാൽപ്പെരുമാറ്റം കേട്ടാൽ ആ തുണിമറക്കകത്തുനിന്ന് അവരുടെ കരച്ചിൽ കേൾക്കാം; അത്രക്കധികം തകർന്നുപോയ ഒരു ജനസമൂഹമാണ് ഇപ്പോൾ ഗസ്സയിലുള്ളത്. അതിനെതിരെ ആരും ഒന്നും മിണ്ടുന്നില്ല. എല്ലാവരും ഒരു വിഡിയോ ഗെയിം കാണുന്ന ലാഘവത്തോടെയാണ് ഗസ്സയുടെ വേദന കാണുന്നത്.
‘‘പ്രസവമടുക്കുന്നതുവരെ ഗസ്സയിലെ പെണ്ണുങ്ങൾ സഹിച്ച് ജീവിക്കും. പ്രസവത്തോടടുത്ത നിമിഷം ഏതെങ്കിലുമൊരു ആശുപത്രിയിലേക്ക് ഓടിക്കയറും. ശുചിത്വമില്ലാത്ത ഒരു ടേബിളിൽ അവരുടെ പ്രസവം നടക്കും, ഒരു മണിക്കൂറിനകം ആശുപത്രി വിടുതൽ നൽകും.
അനസ്തീഷ്യ നൽകാൻ സംവിധാനമേയില്ല. തുടർ ശുശ്രൂഷക്ക് സ്ഥലമോ സമയമോ നൽകാൻ മരുന്നോ ഇല്ല. കൈക്കുഞ്ഞുമായി അവർ പോകുന്നത് മലമൂത്രം ഒഴുകിപ്പരക്കുന്ന ഇടത്തേക്കാണ്. അടുത്ത കാലത്ത് ജനിക്കുന്ന കുട്ടികളിൽ പകുതിയും ഇത്തരത്തിൽ മരിക്കുകയാണ്’’ -ഡോ. സന്തോഷ് പറഞ്ഞു.
ദാഹവും വിശപ്പും സഹിക്കാതെ വരുമ്പോൾ ഭക്ഷണവുമായി വരുന്ന വാഹനങ്ങൾ അവർ ആക്രമിക്കും. അപ്പോൾ കൂട്ടത്തിലുള്ള കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഓർക്കാറില്ല. വിശപ്പ് അത്രമേൽ കഠിനമായിട്ടുണ്ടാകും. മണ്ണിൽ വീണ ഭക്ഷണവും എടുത്ത് കഴിക്കും.
താനടങ്ങുന്ന 25 അംഗ മെഡിക്കൽ ടീം അൽഅഖ്സ ആശുപത്രിയിലുള്ളപ്പോൾ അതിനോട് ചേർന്ന കെട്ടിടങ്ങളെല്ലാം മിസൈലും ബോംബും വർഷിച്ച് തകർത്തത് ഡോ. സന്തോഷ് ദൃശ്യങ്ങൾ സഹിതം വിശദീകരിച്ചു.
താനുൾപ്പെടെ മെഡിക്കൽ സംഘത്തിലുള്ളവരും ഭക്ഷണം ഒരു നേരമാക്കി. കുളിയും തുണി നനക്കലും ഉപേക്ഷിച്ചു. ഇടക്ക് ഇന്റർനെറ്റ് ലഭ്യമാകുന്നത് പുറത്തേക്ക് പോകുന്ന വിളികൾ നിരീക്ഷിക്കാനാണ്. ഇസ്രായേൽ സൈന്യത്തിന് സംശയം തോന്നിയാൽ ഡ്രോണുകൾ വരും. ഡ്രോണുകളെത്തിയാൽ പിന്നാലെ മിസൈലുകൾ വരുമെന്ന് ഗസ്സക്കാർക്കറിയാം. പിന്നെ പ്രാണരക്ഷാർഥം പരക്കം പാച്ചിലാണ്.
ആ ശ്രമത്തിനിടെ അവരുടെ മേൽ മിസൈലും ബോംബും വർഷിക്കും. രക്ഷപ്രവർത്തകരെപ്പോലും വെറുതെ വിടാത്തത് തനിക്ക് ആദ്യനുഭവമാണെന്നും ഡോ. സന്തോഷ് പറഞ്ഞു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ഓർത്തോപീഡിക് സർജനും മുൻ സൂപ്രണ്ടുമാണ് ഡോ. സന്തോഷ് കുമാർ. ജൂബിലി മിഷൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. പ്രവീൺ ലാൽ ഇന്ററാക്ഷന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.