ഇവിടെയുണ്ട് ഇപ്പോഴും ആ സമരാരവം
text_fieldsകൊടുങ്ങല്ലൂർ: സ്വാതന്ത്ര്യസമരത്തെ ആവേശപൂർവം നെഞ്ചേറ്റിയ കൊടുങ്ങല്ലൂരിലെ സമരഭടന്മാരിൽ മഹാന്മാ ഗാന്ധിയുടെ സ്വാധീനം വളരെ വലുതായിരുന്നു.
രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ അലയൊലികൾ ഈ നാട്ടിലെ സ്വാതന്ത്ര്യദാഹികളെയും കർമോത്സുകരാക്കിയിരുന്നു. ഗാന്ധിയൻ ആഹ്വാനങ്ങളും ഉൾചേർന്നതായിരുന്നു ആ പോരാട്ട വീര്യം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ വിദേശവസ്ത്ര ബഹിഷ്കരണം, നികുതി നിഷേധം, കള്ളുഷാപ്പ് ഉപരോധം, ക്വിറ്റ് ഇന്ത്യ സമരം തുടങ്ങിയ സമരാഹ്വാനങ്ങളിലെല്ലാം കൊടുങ്ങല്ലൂരിലെ സ്വാതന്ത്ര്യസമര പോരാളികളും പങ്കാളികളായി.
പ്രഭാതഭേരിയും പതാക വന്ദനത്തോടെയുമാണ് ഓരോ ദിവസവും കർമഭടന്മാർ രംഗത്തിറങ്ങുക. ദേശീയോദ്ഗ്രഥന ഗാനം ആലപിച്ചും ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യം മുഴക്കിയുമുള്ള പ്രകടനമാണ് പ്രഭാതഭേരി. തുടർന്ന് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കേ മൈതാനിയിൽ സംഗമിച്ചായിരിക്കും സേനാനികളുടെ പതാക വന്ദനം.
ഇതോടെ ഇവിടം ഗാന്ധി മൈതാനം എന്ന് അറിയപ്പെടാൻ തുടങ്ങി. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഗർജിക്കുന്ന സിംഹം എന്ന് വിശേഷണമുള്ള മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ഗാന്ധിജിയുടെ ആഹ്വാനം ശിരസ്സാവഹിച്ച് കലാലയ ജീവിതം ഉപേക്ഷിച്ച് പോരാട്ടത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടുകയായിരുന്നു. കൊടുങ്ങല്ലൂരിലെ എറിയാട് പഞ്ചായത്തിൽ ജനിച്ച ആ വീരപുത്രന്റെ മുഖ്യപ്രവർത്തന മണ്ഡലം മലബാറായിരുന്നെങ്കിലും ജന്മനാട്ടിലെ കർമഭടന്മാരും ആ പോരാട്ടവീര്യം ഏറ്റുവാങ്ങിയിരുന്നു. ഗാന്ധിജിയുടെ പറവൂർ സന്ദർശനം സ്വാതന്ത്ര്യദാഹം കൊടുമ്പിരികൊണ്ട കൊടുങ്ങല്ലൂരിനെയും പരിസര പ്രദേശങ്ങളെയും ആവേശഭരിതമാക്കിയ വലിയ സംഭവമായിരുന്നു. ഇതോടെ വിദ്യാർഥികളും ഉദ്യോഗസ്ഥരുമൊന്നും ഗാന്ധിജിയെ കാണാൻ പോകരുതെന്ന വിലക്ക് വന്നു. ഇത് വകവെക്കാതെ പ്രവർത്തിച്ച ഗാന്ധിഭക്തനായ ശ്രീനാരായണപുരം പനങ്ങാട്ടെ പി. കേശവൻ നായർക്ക് അധികൃതരുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെ അദ്ദേഹത്തിന് ‘ഗാന്ധി കേശവൻ’ എന്ന വിശേഷണവും കിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.