ഏതു വഴി പോകും മാമ്പ്രയിലേക്ക്?
text_fieldsമാള: മാമ്പ്രയിലേക്ക് പോകാൻ വഴി എവിടെയെന്ന് യാത്രികർ. ഹൈവേ റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങളിലാണ് ദേശീയപാതയിൽനിന്ന് മാമ്പ്ര, വെസ്റ്റ് കൊരട്ടി പ്രദേശങ്ങളിലെ നൂറുകണക്കിന് വീട്ടുകാർക്ക് പോകേണ്ട വഴിയടച്ചത്.
ചിറങ്ങരയിൽനിന്ന് വെസ്റ്റ് കൊരട്ടി ഭാഗത്തേക്ക് കടക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ പണി പൂർത്തീകരിക്കാത്തതും കുരുക്കായി. ചിറങ്ങരയിൽനിന്ന് പൊങ്ങം മേൽപാലം വഴി മാമ്പ്രയിലേക്ക് സുഗമമായി സഞ്ചരിക്കാം. ചിറങ്ങര മേൽപാലത്തിനും പൊങ്ങം മേൽപാലത്തിനും ഇടയിൽ ലെവൽ ക്രോസും നിലവിലുണ്ട്. അതേസമയം തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കൊരട്ടി ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് കൊരട്ടി മേൽപാലത്തിലൂടെ കറങ്ങിത്തിരിഞ്ഞ് വേണം മാമ്പ്ര, വെസ്റ്റ് കൊരട്ടി പ്രദേശങ്ങളിലേക്ക് എത്താൻ. ഇതിനു പക്ഷേ മുന്നറിയിപ്പ് ബോർഡുകൾ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല.
ചിറങ്ങരയിൽ നിർമാണ പ്രവർത്തനങ്ങൾക്കിടയിലൂടെ അപകടകരമായ രീതിയിൽ ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ഹെവി വാഹനങ്ങൾക്ക് ഒന്നും തന്നെ ഇതുവഴി കടന്നു പോകാനാകില്ല. മാമ്പ്ര ഭാഗത്തുനിന്ന് പൊങ്ങം മേൽപ്പാലം വഴി തിരിച്ച് ഹൈവേയിലേക്ക് കടന്നു വരാൻ കഴിയും. വൺവേ നിലനിൽക്കുന്നതിനാൽ അങ്ങോട്ട് പോകുക പക്ഷെ സാധ്യമല്ല. കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ച് കറുകുറ്റി വഴി കറങ്ങിത്തിരിഞ്ഞ് പൊങ്ങം മേൽപാലത്തിലെത്തി വേണം പോകേണ്ടത്. ഇതിനും പക്ഷേ ദിശാബോർഡുകൾ സ്ഥാപിച്ചിട്ടില്ല. നിർമാണ പ്രവർത്തനങ്ങൾക്കിടെ ഇത്തരം അബദ്ധങ്ങൾ സംഭവിക്കാതിരിക്കാൻ അധികൃതർ മുൻകൈയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.