ഷീലയെ കേസിൽ കുടുക്കിയതാര്? ഇനിയും ഉത്തരമായില്ലെന്ന് എക്സൈസ്
text_fieldsതൃശൂർ: ചാലക്കുടി ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കിയതിന് പിന്നിൽ ആരെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് എക്സൈസ്. ഷീലയുടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന ബാഗിൽ എൽ.എസ്.ഡി സ്റ്റാമ്പ് സൂക്ഷിച്ചിട്ടുണ്ടെന്ന് എക്സൈസിന് വിവരം നൽകിയ ഫോൺ നമ്പറിന്റെ ഉടമയെ തിരിച്ചറിയാനായി അന്വേഷണം തുടരുകയാണെന്ന് കമീഷൻ മുമ്പാകെ ഹാജറായ അസി. എക്സൈസ് കമീഷണർ മജു ബോധിപ്പിച്ചു.
ഇതിനായി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. പൊലീസിന്റെ സഹായത്തോടെ നമ്പർ ഉപയോഗിച്ചയാളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഷീലയുടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന ബാഗിൽ എൽ.എസ്.ഡി സ്റ്റാമ്പ് എന്ന് പറയുന്ന വസ്തു വെച്ചയാളെയും കണ്ടെത്തേണ്ടതുണ്ട്.
ഇക്കാര്യത്തിൽ ബന്ധുവായ ഒരു യുവതിയെ സംശയം ഉണ്ടെന്ന് ഷീല അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരോട് ഈമാസം 24ന് ഹാജറാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാൽ ഹാജറാകാനാവില്ലെന്ന് അറിയിച്ചിരുന്നു. വീണ്ടും ഇവരോട് 31ന് ഹാജറാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ അടക്കം പരിശോധിച്ചിരുന്നു.
ഷീലയുടെ സ്കൂട്ടറിൽ നിന്ന് പിടിച്ചെടുത്ത ബാഗ് ഫോറൻസിക് പരിശോധനക്ക് നൽകിയിട്ടുണ്ട്. ഇതിൽനിന്ന് വിരലടയാളം കണ്ടെത്താനാകുമോ എന്നറിയാനാണിത്. ഷീലയെ അറസ്റ്റ് ചെയ്ത ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ കെ. സതീശന്റെ കസ്റ്റഡിയിൽ നാലര മണിക്കൂർ മാത്രമാണ് തൊണ്ടിമുതൽ ഉണ്ടായിരുന്നത്. പിന്നാലെ റേഞ്ച് ഓഫിസിൽ ഏൽപിച്ചു.
അവിടെനിന്നാണ് പരിശോധനക്കായി പിടിച്ചെടുത്ത വസ്തു കാക്കനാട്ടെ റീജനൽ ലാബിലേക്ക് അയച്ചതെന്നും 24 മണിക്കൂറിനകം ഈ നടപടികൾ പൂർത്തിയായതായും അസിസ്റ്റന്റ് എക്സൈസ് കമീഷണർ ബോധിപ്പിച്ചു. ലഹരിവസ്തുക്കൾ പിടികൂടിയാൽ പരിശോധിക്കാനുള്ള ശാസ്ത്രീയ സംവിധാനം ഇല്ലേയെന്ന് കമീഷൻ ആരാഞ്ഞു. നിലവിൽ ഇതിന് സംവിധാനമില്ലെന്ന് അസിസ്റ്റന്റ് കമീഷണർ പറഞ്ഞു.
ഇൻസ്പെക്ടർമാരായി സർവിസിൽ പ്രവേശിക്കുന്നവർക്ക് മിക്ക ലഹരിവസ്തുക്കളും കണ്ടാൽ തിരിച്ചറിയുന്നതിനുള്ള പരിശീലനം നൽകാറുണ്ട്. താഴെ തലത്തിൽ ജോലിയിൽ കയറുന്നവർക്ക് ഈ പരിശീലനം ലഭിക്കാറില്ല. ചില ഉദ്യോഗസ്ഥർ രുചിയും മണവും നോക്കി ലഹരിവസ്തു സ്ഥിരീകരിക്കാറുണ്ട്. രാസ ലഹരിയുടെ സ്ഥിരീകരണം അടക്കം നടത്തുന്നതിന് ശാസ്ത്രീയ സംവിധാനം ഒരുക്കൽ ചെലവേറിയ സംഗതിയാണെന്നും എക്സൈസ് ബോധിപ്പിച്ചു.
ചെലവ് ചൂണ്ടിക്കാട്ടി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ അനുവദിക്കാനാവില്ലെന്നും ആഗോള തലത്തിൽതന്നെ അറിയപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന സംഭവമാണ് ചാലക്കുടിയിലുണ്ടായതെന്നും പരിശോധന വിഷയത്തിൽ സർക്കാറിന് ശിപാർശകൾ നൽകാൻ കഴിയുമെന്നും ഈ ഘട്ടത്തിൽ കമീഷൻ ചൂണ്ടിക്കാട്ടി.
സർക്കിൾ അടിസ്ഥാനത്തിൽ ഈ സംവിധാനം ഏർപ്പെടുത്തുന്നത് ഗുണകരമായിരിക്കുമെന്ന് എക്സൈസ് അറിയിച്ചു. സംഭവിച്ച കാര്യങ്ങൾ പുറത്തുവരണമെന്നതിനാലാണ് കേസ് അവസാനിപ്പിക്കാതെ തുടരന്വേഷണ സാധ്യത ഉപയോഗപ്പെടുത്തിയതെന്നും അസിസ്റ്റന്റ് കമീഷണർ ബോധിപ്പിച്ചു.
രാസ ലഹരി പരിശോധനക്ക് ശേഖരിക്കുന്ന സാമ്പ്ൾ പിടിച്ചെടുത്ത മൊത്തം അളവിനൊപ്പം പരിഗണിക്കാത്തത് കേസിന്റെ സ്വഭാവത്തെ ബാധിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ഇതിലും ശിപാർശകൾ പരിഗണിക്കാമെന്ന് കമീഷൻ അറിയിച്ചു.
ഷീലയെ അറസ്റ്റ് ചെയ്ത ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനും കമീഷൻ മുമ്പാകെ ഹാജറായിരുന്നു. പറയാനുള്ള കാര്യങ്ങൾ എഴുതി തയാറാക്കി സമർപ്പിക്കാൻ കമീഷൻ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടു. കേസിൽ അന്വേഷണ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നതും മനുഷ്യാവകാശ ലംഘനവും രണ്ടായി പരിഗണിക്കേണ്ട കാര്യമാണെന്നും കമീഷൻ പറഞ്ഞു.
ഷീല സണ്ണിയെ ഫെബ്രുവരി 27നാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഷീലയുടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന ബാഗിൽനിന്ന് 12 എൽ.എസ്.ഡി സ്റ്റാമ്പ് കണ്ടെടുത്തുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. തുടർന്ന് 72 ദിവസമാണ് ഇവർ ജയിലിൽ കഴിഞ്ഞത്. പിടിച്ചെടുത്ത സ്റ്റാമ്പ് കാക്കനാട് റീജനൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുവല്ലെന്ന് തെളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.