പെണ്ണുങ്ങൾക്കെന്താ ദ്വയാർഥപ്രയോഗം നടത്തിയാൽ? പ്രൊജക്ട് ഡാർലിങ് ഉത്തരം തരും
text_fieldsതൃശൂർ സംഗീത നാടക അക്കാദമി തോപ്പിൽഭാസി ബ്ലാക്ക് ബോക്സിൽ നടന്ന ‘പ്രൊജക്ട് ഡാർലിങ്’ എന്ന നാടകത്തിൽനിന്ന്
തൃശൂർ: ഒരു കാലത്ത് നാടകങ്ങളിലും സിനിമകളിലും ദ്വയാർഥ പ്രയോഗങ്ങളും ഐറ്റം ഡാൻസുകളും കളിച്ചിരുന്ന പഴയകാല വനിത ആർട്ടിസ്റ്റുകളെ തേടി ഒരുപറ്റം യുവജനങ്ങൾ നടത്തുന്ന യാത്ര വളരെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ബംഗളൂരുവിൽനിന്നുള്ള പ്രൊജക്ട് ഡാർലിങ് എന്ന നാടകം. ആക്ഷേപഹാസ്യം കൂട്ടിക്കലർത്തിയുള്ള നാടകാവതരണം നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കപ്പെട്ടത്.
സ്ത്രീ ലൈംഗികതയെ കുറിച്ചുള്ള ധീരമായ ചോദ്യങ്ങൾ മുന്നോട്ടുവെച്ചാണ് ഡ്രമാനൻ പ്രൊഡക്ഷന്റെ ‘പ്രൊജക്റ്റ് ഡാർലിങ്’ നാടകവേദിയെ പ്രകമ്പനം കൊള്ളിച്ചത്. ഇന്ത്യ ഫൗണ്ടേഷൻ ഫോർ ആർട്സുമായി (ഐ.എഫ്.എ) ചേർന്ന് നടത്തിയ 60കളിലെ കന്നട കമ്പനി തിയറ്ററിലെ സ്ത്രീ സാന്നിധ്യത്തെ കുറിച്ചുള്ള ഗവേഷണത്തിന്റെ കണ്ടെത്തലുകളാണ് ശരണ്യ രാംകുമാറിന്റെ സംവിധാനത്തിൽ കാണികൾക്ക് മുന്നിൽ അരങ്ങേറിയത്. ഒരുകാലത്ത് കന്നട നാടക വേദി ഭരിച്ചിരുന്ന ധീരയും പ്രതിരൂപിയുമായ ഖാനവലി ചെന്നിയെ നാടകം പരിചയപ്പെടുത്തുന്നു.
ചെന്നിയെ തേടി പുറപ്പെടുന്ന ഒരു കൂട്ടം കലാകാരന്മാരുടെ യാത്രയാണ് നാടകം. സത്യവതി, ഹെലൻ ഹുബാലി, ചന്ദ്ര, മാലതി ശ്രീ, ചിന്ധോടി ലീല എന്നിങ്ങനെ അറുപതുകളിൽ ജനപ്രീതി നേടിയ നായികമാരുടെയും ഹാസ്യ കലാകാരൻമാരുടെയും വിലമതിക്കാനാവാത്തതും എന്നാല് മറന്നുപോയതുമായ സംഭാവനകളെ പ്രൊജക്റ്റ് ഡാർലിങ് രേഖപ്പെടുത്തി.
സ്ത്രീ ലൈംഗികതയെ നിർവചിക്കുന്നത് എന്താണെന്ന് നാടകം ആശ്ചര്യപ്പെടുന്നു. ഇത് സംസ്കാരത്തിനും സെൻസറിനും ഇടയിലാണ്. ഒരു സ്ത്രീ അവരുടെ ശരീരത്തെ സ്വയം എങ്ങനെ വീക്ഷിക്കുന്നു എന്നതിന്റെ കാഴ്ച കൂടിയാണ് ‘പ്രൊജക്റ്റ് ഡാർലിങ്’.
‘പോസ്റ്റ് ഡ്രാമറ്റിക് തിയേറ്റർ എന്ന ജർമ്മൻ സാങ്കേതികതയാണ് നാടകം ഉപയോഗിക്കുന്നത്. തുടക്കവും മധ്യവും അവസാനവും ഇല്ലാതെ സന്തോഷവും ക്രോധവും ഒരുമിച്ചുള്ള ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. അതിനാൽ തന്നെ ഒരു കഥയെ ആസ്പദമാക്കാതെ സ്ത്രീത്വത്തിന്റെ അനുഭവങ്ങൾക്ക് ഊന്നൽ കൊടുക്കാനാണ് ഞങ്ങൾ ശ്രമിച്ചത്’ -സംവിധായിക ശരണ്യ രാംകുമാർ വ്യക്തമാക്കി.
പുതിയതും പരീക്ഷണാത്മകവുമായ ഭാഷയാണ് നാടകത്തിന്റേത്. പ്രൊജക്ടർ, ലൈറ്റ്, കാമറ, ടൈപ്പ് റൈറ്ററുകൾ, ലൈവ് ഗൂഗിൾ സെർച്ച്, ആധുനിക ഉപകരണങ്ങൾ, പാവകളി എന്നിങ്ങനെ വിവിധ മാധ്യമങ്ങൾ അരങ്ങിൽ അവതരിപ്പിച്ചത് പ്രേക്ഷകർക്ക് നവ്യാനുഭവമായി. നൂതന ലോകവും പുരാതന ലോകവും തമ്മിലുള്ള സംഗമത്തെ വേറിട്ട നർമതലങ്ങളിലൂടെ അവതരിപ്പിച്ചത് കാണികളെ കൂടുതൽ രസിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.