കടലും കരയും വിറപ്പിച്ച് മിന്നൽ ചുഴലി; വ്യാപക നാശം
text_fieldsചാവക്കാട്: കടലും കരയും വിറപ്പിച്ചെത്തിയ മിന്നൽ ചുഴലിയിൽ വ്യാപക നാശം. ചാവക്കാട് നഗരസഭയിലും പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട്, ഒരുമനയൂർ പഞ്ചായത്തുകളിലും വിവിധയിടങ്ങളിൽ തെങ്ങുകളും മരങ്ങളും വീണാണ് നാശനഷ്ടമുണ്ടായത്.
ചുഴലിക്കാറ്റിൽ കടലിൽ മത്സ്യബന്ധനത്തിനു പോയ വള്ളത്തിന്റെ മേൽക്കൂര തകർന്നു. 40 തൊഴിലാളികളുണ്ടായിരുന്ന വള്ളത്തിൽ ആളപായമില്ല. തിങ്കളാഴ്ച പുലർച്ചെ ആറിന് മുനക്കകടവ് അഴിമുഖത്ത് നിന്നും മത്സ്യ ബന്ധനത്തിനു പോയ തിരുവത്ര ചോഴിയേരകത്ത് വാസുദേവന്റെ ഉടമസ്ഥയിലുള്ള അപ്പുമാർ -3 എന്ന വള്ളമാണ് തിരിച്ച് വരുമ്പോൾ അപകടത്തിൽപ്പെട്ടത്. ബോട്ടിന്റെ മേൽക്കൂര പറന്നുപോയി. ഒരു ലക്ഷത്തോളം രൂപയാണ് നഷ്ടം കണക്കാക്കുന്നത്.
ചാവക്കാട് കാജാ സെൻറർ കോംപ്ലക്സിലെ വലിയ പരസ്യ ബോർഡ് കാറ്റിൽ തകർന്നു വീണു. മണത്തലയിൽ തെങ്ങ് മുറിഞ്ഞ് വീണ് സമീപത്തെ മതിലും ഷെഡും തകർന്നു. പുന്നയൂർ പഞ്ചായത്തിൽ എടക്കഴിയൂർ ആറാംകല്ലിനു പടിഞ്ഞാറ് മരം വീണ് മതിൽ തകർന്നു.
എടക്കഴിയൂർ നാരായണൻ വൈദ്യർ റോഡിൽ ലൈനിനു മേൽ മരം വീണ് വൈദ്യുതിക്കാല്‍ ഒടിഞ്ഞു. വടക്കേക്കാട് പഞ്ചായത്തിൽ മണികണ്ഠേശ്വരത്ത് മരം റോഡിലേക്ക് കടപുഴകി വീണു. ഗുരുവായൂരിൽ നിന്ന് അഗ്നി രക്ഷാ സേനയെത്തിയാണ് മരം മുറിച്ചു മാറ്റിയത്. മണികണ്ഠേശ്വരം യൂണിയൻ ഷെഡിനു സമീപം നിന്ന പൂമരമാണ് നിലം പൊത്തിയത്. പ്രദേശത്ത് ഏറെ നേരത്തേക്ക് ഗതാഗതം തസ്സപ്പെട്ടു.
പുന്നയൂർക്കുളം പഞ്ചായത്തിൽ കിടക്കാടും തൃപ്പറ്റിലും നിരവധി മരങ്ങൾ കടപുഴകി വീണു. തൃപ്പറ്റ് കല്ലാട്ടയിൽ ഉസ്മാന്റെ വീട്ടുപറമ്പിലെ തെങ്ങ്, അയിനി എന്നിവ കടപുഴകി വീണു. സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ തെങ്ങ് ഒടിഞ്ഞു വീണു. തേക്കുമരവും കടപുഴകി വീണു. ചമ്മന്നൂർ മാഞ്ചിറയിൽ കോറോത്ത് കാട്ടിൽ സുബൈറിന്റെ വീടിന് മുകളിൽ തേക്ക് മരം വീണ് ഭാഗികമായി കേടുപാടുണ്ടായി. വടക്കേക്കുന്ന് കല്ലിപ്പറമ്പിൽ ഹംസയുടെ വീടിനു മുകളിൽ തെങ്ങ് മുറിഞ്ഞു വീണു. ഒരുമനയൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ മരം വീണ് മതിൽ തകർന്നു. പാലം കടവിൽ വൈദ്യുതി കമ്പിക്കു മുകളിൽ മരം വീണു. മൂന്നാം കല്ലിൽ തേക്ക് മരം കടപുഴകി റോഡിലേക്ക് വീണതിനാൽ ഗതാഗത തടസ്സുണ്ടായി.
ഗുരുവായൂർ: തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ ഉണ്ടായ മിന്നൽ ചുഴലി നഗരസഭയിൽ പലയിടത്തും നാശം വിതച്ചു. ചൊവ്വല്ലൂർപ്പടി, മന്നിക്കര, ഇരിങ്ങപ്പുറം, കപ്പിയൂർ, താമരയൂർ മേഖലയിൽ പലയിടത്തും മരങ്ങൾ വീണു. മരം വീണ് വൈദ്യുതി തൂണുകൾ പലയിടത്തും തകർന്നു. വീടുകൾക്കും കേടുപാട് സംഭവിച്ചു. വാഹന ഗതാഗതവും തടസ്സപ്പെട്ടു. ചില വീടുകളിലെ ഷീറ്റുകൾ പറന്നു പോയി. മന്നിക്കരയിൽ മണ്ടുംപാല ഫ്രാൻസിസിന്റെ വീടിന് മുകളിലെ ഷീറ്റ് പറന്നു പോയി. വിറകു പുരക്ക് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയും ചെയ്തു.
കുന്നംകുളം: കനത്ത മഴക്കിടയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ കുന്നംകുളം മേഖലയിൽ മരങ്ങൾ വീണ് വ്യാപക നാശം. നിരവധി വീടുകളുടെ മുകളിലേക്ക് മരങ്ങൾ വീണു. വൈദ്യുതി കമ്പിയിൽ വീണ് വൈദ്യുതി തൂണുകൾ തകർന്നു. റോഡിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. കാണിപയ്യൂർ, സീനിയർ ഗ്രൗണ്ടിന് സമീപം, അകതിയൂർ, കല്ലഴിക്കുന്ന് എന്നിവിടങ്ങളിലാണ് വീടിന് മുകളിലേക്ക് മരങ്ങൾ വീണ് മേൽക്കൂരകൾ തകർന്നത്. വ്യാപക നാശം സംഭവിച്ചെങ്കിലും എവിടെയും ആളപായമില്ല.
കാണിപ്പയ്യൂർ ബ്ലോക്ക് റോഡിൽ പനക്കൽപ്പറമ്പില്‍ കൊച്ചുകുട്ടിയുടെ ഓടുമേഞ്ഞ വീടിനു മുകളിലേക്കാണ് പറമ്പിലെ കൂറ്റന്‍ പ്ലാവിന്റെ കൊമ്പ് പൊട്ടിവീണത്.
വീടിന്റെ മുന്‍ഭാഗം പൂർണമായും തകര്‍ന്നിട്ടുണ്ട്. കല്ലഴിക്കുന്ന് മുത്താളി വീട്ടിൽ സുകുമാരന്റെ വീടിന് മുകളിലേക്ക് പൂള മരം വീണു. കുന്നംകുളം സീനിയർ ഗ്രൗണ്ടിന് സമീപം കിടങ്ങനെ വിട്ടിൽ എൽജോ, പൈലുണ്ണി എന്നിവരുടെ വിടിന് മുകളിലേക്ക് മരം വീണ് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. അകതിയൂർ നോങ്ങല്ലൂരിൽ റബ്ബർ മരവും ചൊവ്വന്നൂർ ബ്ലോക്ക് റോഡിൽ ചിറ്റിലപ്പിള്ളി സൈമന്റെ പറമ്പിലെ ജാതിമരവും റോഡിലേക്ക് വീണു. വൈദ്യുതി കാൽ തകർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തൃശൂർ റോഡിൽ കാണിപയ്യൂർ യൂണിറ്റി ആശുപത്രിക്കു സമീപം തേക്ക് മരം വീണ് ഗതാഗത തടസം നേരിട്ടു.
പഴഞ്ഞി വൺവേ റോഡിൽ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന് മുന്നിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാവ് ഒടിഞ്ഞു വീണു. കേച്ചേരി എരനെല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിന് മുകളിലേക്ക് ആൽമരം പൊട്ടി വീണ് അപകടം സംഭവിച്ചു. പുറനാട്ടുകരയിൽ ശാരദ മഠത്തിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. കാട്ടകാമ്പാൽ പഞ്ചായത്തിലെ മൂലേപ്പാട് എസ്.സി-എസ്.ടി ഫ്ലാറ്റിന് മുകളിലെ ഷീറ്റ് ശക്തമായ കാറ്റിൽ പറന്നു പോയി. കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തിന്റെ 100 അടിയോളം ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള പുക കുഴലിന്റെ മുകൾ ഭാഗം പൊട്ടി വീണു.
പഴഞ്ഞി മാർത്തോമ സ്കൂളിന് മുന്നിലെ മാവ് ഒടിഞ്ഞു വീണു. പലയിടത്തും മരങ്ങൾ വൈദ്യുതി കമ്പികളിലേക്ക് വീണ് വൈദ്യുതി ബന്ധം പൂർണമായും നിലച്ചിരിക്കുകയാണ്. പലയിടത്തും രാത്രി ഏറെ വൈകിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല.
ഒല്ലൂര്‍: തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. പൂത്തൂര്‍ പഞ്ചായത്തിലെ മുരുക്കുംപാറ, വെങ്ങോല വെള്ളക്കാരിതടം, പൂത്തന്കാട് എന്നീ പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണ് വൈദ്യുതി ബന്ധം തകരാറിലായി. പൂത്തന്‍ കാട് ശാന്തി രോഡില്‍ തോട്ടുപുറം വീട്ടില്‍ കമലാഹരന്റെ വീടിന്റെ മേൽക്കൂര കാറ്റില്‍ പറന്ന് പോയി, മുപ്പരത്തി രാജന്റെ വീടിന്റെ മുകളിലേക്ക് തേങ്ങ് വീണ് വീടിന് നാശം സംഭവിച്ചു. ഇളംതുരുത്തി തൊഴുത്തുവളപ്പില് തങ്കമണിയുടെ വീടിന് മുകളിലേക്ക് തേക്ക് മരം വീണു. കുന്നകാട്ടുക്കര മേനക്കത്ത് രവീന്ദ്രന്റെ വീടിന് മുകളില്‍ മാവ് വീണു. നടത്തറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും മരം വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
മണ്ണുത്തി: പൂവ്വന്‍ച്ചിറ ചൂലിപ്പാടം സെന്ററില്‍ മരം വീണ് വൈദ്യുതിതൂണുകള്‍ ഒടിഞ്ഞ് വീണു. റോഡില്‍ വാഹനങ്ങൾ ഇല്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. നമ്പിയത്ത് ഷാജിയുടെ വീടിന് സമീപമാണ് അപകടം ഉണ്ടായത്. ഇയാളുടെ കുടുംബം പരിക്കില്ലാതെ രക്ഷപ്പെട്ടു. കണ്ണാറ കമ്പനിപടിയില്‍ സമന്യ നഗര്‍ മുള്ളന്കുന്നേല് രാജുവിന്റെ വീടിന് മുന്നില്‍ നിറുത്തിയിട്ടിരുന്ന കാറിന് മുകളിലെക്ക് സമീപത്തെ പറമ്പിലെ തെങ്ങ് വീണ് കാറിന് കേട്പറ്റി. ഈ പ്രദേശത്തും വ്യാപകമായ നാശം സംഭവിച്ചിട്ടുണ്ട്. നിരവധി റബര്‍മരങ്ങള്‍ കടപുഴകി വീണു. മണ്ണുത്തിയില്‍ കാര്‍ ഷോറുമിന്റെ മേൽക്കൂരയിലെ ഷീറ്റ് ശക്തമായ കാറ്റില്‍ പറന്ന് പോയി.
ഗുരുവായൂർ: തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ ഉണ്ടായ മിന്നൽ ചുഴലി നഗരസഭയിൽ പലയിടത്തും നാശം വിതച്ചു. ചൊവ്വല്ലൂർപ്പടി, മന്നിക്കര, ഇരിങ്ങപ്പുറം, കപ്പിയൂർ, താമരയൂർ മേഖലയിൽ പലയിടത്തും മരങ്ങൾ വീണു. മരം വീണ് വൈദ്യുതി തൂണുകൾ പലയിടത്തും തകർന്നു. വീടുകൾക്കും കേടുപാട് സംഭവിച്ചു. വാഹന ഗതാഗതവും തടസ്സപ്പെട്ടു. ചില വീടുകളിലെ ഷീറ്റുകൾ പറന്നു പോയി. മന്നിക്കരയിൽ മണ്ടുംപാല ഫ്രാൻസിസിന്റെ വീടിന് മുകളിലെ ഷീറ്റ് പറന്നു പോയി. വിറകു പുരക്ക് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയും ചെയ്തു.
ചേലക്കര: ശക്തമായ കാറ്റിൽ പുലാക്കോട്-പങ്ങാരപ്പിള്ളി മേഖലകളിൽ വ്യാപക നാശം. തിങ്കളാഴ്ച ഉച്ചക്കു വീശിയ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി ലൈനുകൾ പൊട്ടി. പലയിടത്തും മരം വീണു ഗതാഗതം മുടങ്ങി. വൈദ്യുതി തകരാർ പരിഹരിക്കാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കിണഞ്ഞു പരിശ്രമിച്ചിട്ടും വൈകുന്നേരം വരെയും പുനഃസ്ഥാപിക്കാനായില്ല. നിരവധി വീടുകൾ മരങ്ങൾവീണ് നാശം സംഭവിച്ചു. പുലാക്കോട് പറക്കുന്നത്ത് ജാനകിക്ക് (72) മരം പരിക്കേറ്റു. പുലാക്കോട് പുന്നംകുളങ്ങര യശോദ, കുട്ടാടൻ ഇലവനാംകുഴി പ്രകാശൻ, പറക്കുന്നത്ത് സുധീഷ്, രതീഷ്, പങ്ങാരപ്പിള്ളി അള്ളന്നൂർ ശ്രീനിവാസൻ എന്നിവരുടെ വീടുകൾ മരം വീണു തകർന്നത്.
പാവറട്ടി: മരങ്ങൾ വീണു വീടുകൾ തകർന്നു. വൈദ്യുതിലൈനിലേക്ക് മരങ്ങൾ വീണ് പലയിടത്തും തൂണുകളും കമ്പികളും പൊട്ടി വൈദ്യുതി നിലച്ചു. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല. പുതുമനശ്ശേരി സർ സയ്യിദ് ഇംഗ്ലീഷ് സ്കൂളിലെ ഫുട്ബാൾ ടർഫിന്റെ ഇരുമ്പ് ഫ്രെയിം വലിയ ശബ്ദത്തോടെ തകർന്നു വീണു. കുട്ടികളെല്ലാം ക്ലാസ് മുറികളിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പെരുവല്ലൂരിലും മരങ്ങൾ കടപുഴകി വീണു. വൈദ്യുതി തൂണുകളും കമ്പികളും പൊട്ടിവീണു.
പെരുവല്ലൂർ അംബേദ്കർ ഹാളിലെ ദുരിതാശ്വാസ ക്യാമ്പിന് മുകളിലേക്ക് സമീപത്തുള്ള മരം വീണു. പെരുവല്ലൂർ പാലത്തിന് സമീപം ബണ്ട് റോഡിൽ മരം വീണ് കമ്പി പൊട്ടിവീണ് കരുമത്തിൽ ഹരിചന്ദ്രന്റെ പശു ഷോക്കേറ്റ് ചത്തു. എളവള്ളിയിലും മരങ്ങൾ വീണ് നാശമുണ്ടായി. താമരപ്പിള്ളി യുവശക്തി റോഡിൽ തേക്ക് വീണു. കാക്കശ്ശേരി ഗവ. സ്കൂളിലെ മാവ് വളപ്പിന് പുറത്തേക്ക് വീണു. മുൻ പഞ്ചായത്ത് പ്രസിഡന്റ് തുളസി രാമചന്ദ്രന്റെ വീട്ടുവളപ്പിലെ തെങ്ങു വീണു. സമീപത്തെ രാജുവിന്റെ വിട്ടിലെ തെങ്ങും വീണിട്ടുണ്ട്.
എരുമപ്പെട്ടി: മിന്നൽ ചുഴലിൽ മരങ്ങൾ വീണ് വീടുകൾ ഭാഗികമായി തകർന്നു. ചിറ്റണ്ട പാക്കത്ത് കാർത്ത്യനിയുടെ ഓടുമേഞ്ഞ വീടിന്് മുകളിലേക്ക് വീട്ടുപറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വീടിനുള്ളിൽ രോഗിയായ മകൾ അജിത(41) കിടക്കുന്ന മുറിയുടെ മുകളിലേക്കാണ് തെങ്ങ് വീണത്. ഓടുകൾ തകർന്ന് വീണെങ്കിലും അജിത പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാഞ്ഞിരക്കോട് കോരട്ടിയാംകുന്ന് നഗറിലെ കാവീട്ടിൽ കാളിയുടെ വീടിന് മുകളിലേക്ക് തേക്ക് മരം കടപുഴകി വീണ് ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചു.
കുണ്ടന്നൂർ മുട്ടിക്കൽ കള്ള്ഷാപ്പിന് സമീപം എടശ്ശേരിവളപ്പിൽ സുന്ദരാക്ഷന്റെ വീട്ടുമുറ്റത്ത് നിന്നിരുന്ന മാവ്, തേക്ക് മരങ്ങൾ കാറ്റിൽ കടപുഴകി വീടിനു മുകളിലേക്ക് വീണു.
കുണ്ടന്നൂർ വടക്കുമുറി ചീരാത്ത് ശോഭയുടെ ഷീറ്റ് മേഞ്ഞ വീടിന്റെ മുകളിലേക്ക് തേക്ക് മരം കടപുഴകി വീണ് മേൽക്കൂര തകർന്നു.
കുണ്ടന്നൂർ തിരുത്ത് ചാലിശ്ശേരി റോബിന്റെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര കാറ്റത്ത് പറന്ന് പോയി. കുണ്ടന്നൂർ ചുങ്കം ശിവകുമാരഗിരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ മരം വീണ് വൈദ്യുതി കമ്പി പൊട്ടി, സ്വകാര്യ വ്യക്തിയുടെ വീടും മതിലും തകർന്നു.
മിന്നൽ പ്രഹരം; വിറച്ച് ജില്ല; കനത്ത നാശം
തൃശൂർ: തിങ്കളാഴ്ച ഉച്ചക്ക് 12.30ന് അപ്രതീക്ഷിതമായി വീശിയടിച്ച മിന്നൽ ചുഴലിയിൽ വിറച്ച് നാടും നഗരവും. തൃശൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും കാറ്റ് വലിയ നാശനഷ്ടം വരുത്തി. അഞ്ച് മിനിറ്റോളം നീണ്ടുനിന്ന കാറ്റിനുശേഷം പേമാരിയും കൂടി പെയ്തതോടെ ആളുകൾ തീർത്തും ആശങ്കയിലായി. നഗരത്തിൽ ഏറെ നേരം വൈദ്യുതിയും തടസപ്പെട്ടു. തേക്കിൻകാട് മൈതാനിയിലെ മരം റോഡിലേക്ക് ഒടിഞ്ഞുവീണു. തൃശൂർ അയ്യന്തോൾ റോഡിൽ ചുഴലിയിൽ രണ്ടു വൻ മാവുകൾ വീണു. താഴെ ഉണ്ടായിരുന്ന തട്ടുകടക്കാർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മണലൂർ കുന്നതുള്ളി അരവിന്ദന്റെ വീട്ടിലേക്കു തെങ്ങു വീണു. മുൽക്കൂര ഭാഗികമായി തകർന്നു. ശക്തമായ കാറ്റിൽ എളവള്ളിയിൽ വ്യാപക നാശം സംഭവിച്ചു. നിരവധി മരങ്ങൾ കടപുഴകി. ഗുരുവായൂരിലും കാറ്റ് വലിയ നാശംവിതച്ചു. മറ്റത്തൂരിലെ രണ്ടിടത്ത് വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു. അപ്രതീക്ഷിതമായ കാറ്റിലും മഴയിലും നിരവധി വീടുകൾ തകർന്നു. ജില്ലയിൽ 11 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 85 കുടുംബങ്ങളെ വിവിധ താലൂക്കുകളിൽനിന്ന് ഇവിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ നിരവധി മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി.
കാറ്റില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു. വാസുപുരം, നാഡിപ്പാറ എന്നിവിടങ്ങളിയാണ് തൂണുകള്‍ ഒടിഞ്ഞത്. വൈദ്യുതികമ്പികളും മരങ്ങള്‍ വീണ് പൊട്ടി.
ഗുരുവായൂരിലും കാറ്റ് കനത്ത നാശം വിതച്ചു. ചൊവ്വല്ലൂർപ്പടി, മന്നിക്കര, ഇരിങ്ങപ്പുറം, കപ്പിയൂർ, താമരയൂർ മേഖലയിൽ പലയിടത്തും മരങ്ങൾ വീണു. വീടുകൾക്കും കേടുപാട് സംഭവിച്ചു.
കാഞ്ഞാണി: മിന്നൽ ചുഴലിയിൽ തെങ്ങിൻ പട്ട ഒടിഞ്ഞ് വന്നടിച്ച് യാത്രക്കാരുമായി പോകുകയായിരുന്ന ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. ഡ്രൈവർക്ക് കാലിലും കൈയിലും പരിക്കേറ്റു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണലൂർ സ്വദേശി പൂക്കാട്ട് വീട്ടിൽ രാഹുലിന് (29) ആണ് പരിക്കേറ്റത്. കാഞ്ഞാണി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് ചുഴലി വീശിയടിച്ചത്. നിർമ്മാല്യം ബസിന്റെ മുൻവശത്തെ ചില്ലാണ് തകർന്നത്. മരവും കാറ്റിൽപ്പെട്ട് വീണു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുലിനെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. കാറ്റിൽ തെങ്ങ് കടപുഴകി വീണ് മണലൂർ കുന്നത്തുള്ളി അരവിന്ദന്റെ വീടിന് നാശം നേരിട്ടു. കാറ്റിൽ തളിക്കുളം കച്ചേരിപ്പടിയിൽ മരം വീണു. ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടു. മേഖലയിൽ ഉച്ചക്ക് 12.45 ഓടെ ശക്തമായ കാറ്റാണ് വീശിയടിച്ചത്. പലയിടത്തും മരങ്ങൾ ഒടിഞ്ഞുവീണു.
ചാലക്കുടി: കോടശ്ശേരിയിലെ മാരാങ്കോട് പ്രദേശത്ത് വീശിയ മിന്നൽച്ചുഴലിയിൽ നാശം സംഭവിച്ചു. മരങ്ങൾ വീണ് ട്രാൻസ്ഫോർമറും വൈദ്യുതി ബന്ധവും തകർന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെയാണ് അപ്രതീക്ഷിതമായി ചുഴലി വീശിയത്. കഷ്ടിച്ച് രണ്ട് മിനിറ്റോളം ആഞ്ഞു വീശിയ മിന്നൽ ചുഴലി തെക്കെ മാരാങ്കോട് മേഖലയിലാണ് നാശം ഉണ്ടാക്കിയത്. കാറ്റിൽ ട്രാൻസ്ഫോർമർ ഒന്നാകെ റോഡിലേക്ക് മറിഞ്ഞുവീണു. ഒപ്പം അതോടനുബന്ധിച്ചുള്ള നാല് വൈദ്യുതി തൂണും റോഡിലേക്ക് പതിച്ചു. കൂടാതെ നിരവധി വൻ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും ഗതാഗത തടസ്സമുണ്ടായി. കുറ്റിക്കാട് സ്വദേശിയായ ഷാജു എന്ന സ്കൂട്ടർ യാത്രക്കാരൻ തലനാരിഴക്ക് നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. റോഡ് സഞ്ചാരയോഗ്യമാക്കാൻ പ്രവൃത്തി നടത്തിവരുന്നു.
കാറ്റിൽ തെങ്ങ് കടപുഴകി വീണ് മണലൂർ കുന്നത്തുള്ളി അരവിന്ദന്റെ വീടിന് നാശം നേരിട്ടു. കാറ്റിൽ തളിക്കുളം കച്ചേരിപ്പടിയിൽ മരം വീണു. കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള 60 അടി മുകളിൽ മാതാവിന്റെ കുരിശു പള്ളിക്ക് മുകളിലെ കോൺക്രീറ്റ് കുരിശ് കാറ്റിൽ തകർന്നു വീണു. വടക്കാഞ്ചേരിയിലും മഴ വ്യാപക നാശനഷ്ടം. അത്താണി - മിണാലൂരിൽ മരങ്ങൾ കടപുഴകി വീണ് വീട് തകർന്നു. ചാലക്കുടി കോടശ്ശേരിയിലെ മാരാങ്കോട് പ്രദേശത്ത് വീശിയ മിന്നൽ ച്ചുഴലിയിൽ നാശം സംഭവിച്ചു. മരങ്ങൾ വീണ് ട്രാൻസ്ഫോർമറും വൈദ്യുതി ബന്ധവും തകർന്നു. തൃശൂർ നഗരത്തിലും മണിക്കൂറുകളോളം വിഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം വളരെ വൈകിയാണ് പുനസ്ഥാപിക്കാനായത്.
എരുമപ്പെട്ടി: മിന്നല്‍ ചുഴലിയിൽ മരക്കൊമ്പ് പൊട്ടിവീണ് കർഷക തൊഴിലാളിക്ക് പരിക്കേറ്റു. കരിയന്നൂർ മേലേപുരയ്ക്കൽ വീട്ടിൽ രാജനെ (60) എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിയന്നൂരിലെ ഹോട്ടൽ പ്രവർത്തിക്കുന്ന പറമ്പിൽ കവുങ്ങിന് തടമെടുത്തുകൊണ്ടിരിക്കെ സമീപത്തെ പറമ്പിലെ തേക്കുമരം കടപുഴകി വീഴുകയായിരുന്നു. മരക്കൊമ്പ് ദേഹത്ത് വീണാണ് രാജന് തലക്കും കൈക്കും പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് 12.45നാണ് മിന്നൽ ചുഴലി വീശിയടിച്ചത്. എരുമപ്പെട്ടി, കടങ്ങോട്, വേലൂർ പഞ്ചായത്തുകളിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകിയും പൊട്ടിയും വീണ് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. വൈദ്യുതി തൂണുകളും കമ്പികളും പൊട്ടിയതിനാൽ കുണ്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മരങ്ങൾ വെട്ടിമാറ്റുന്നതു വരെ റോഡ് ഗതാഗതത്തിനും തടസ്സങ്ങൾ ഉണ്ടായി. കരിയന്നൂര്‍, തിപ്പല്ലൂര്‍, നെല്ലുവായ് എന്നിവിടങ്ങളില്‍ റോഡിലേക്ക് മരങ്ങള്‍ പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. കരിയന്നൂര്‍ സെന്ററിൽ കാറിന് മുകളിലേക്ക് മരം പൊട്ടിവീണ് ആര്‍ക്കും പരിക്കില്ല. കുണ്ടന്നൂർ ജുമാ മസ്ജിദിന് സമീപത്തെ കുറ്റിമൂച്ചിക്കൽ മരക്കാരിന്റെ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു.
പഴവൂർ കുണ്ടുകാട് പാറക്കടവിൽ മോഹനന്റെ വീട്ടുവളപ്പിലെ തേക്ക് മരം കടപുഴകി റോഡിലേക്ക് വീണ് മൂന്ന് വൈദ്യുതി തൂണുകൾ തകർന്നു. എരുമപ്പെട്ടി പൊലീസ് സ്റ്റേഷനു സമീപം പുരയിടങ്ങളിലെ തേക്കുമരങ്ങൾ കടപുഴകി വീണ് നാല് വൈദ്യുതി തൂണുകൾ തകർന്നു. നെല്ലുവായ് മുരിങ്ങത്തേരി കോട്ടക്കുന്ന് റോഡിൽ വൈദ്യുതി കമ്പിക്കു മുകളിൽ മരം വീണ് കമ്പികൾ പൊട്ടി. മണ്ടംപറമ്പ് റോഡിൽ മരക്കൊമ്പ് പൊട്ടിവീണ് വൈദ്യുതി തൂൺ തകർന്നു. എരുമപ്പെട്ടി തയ്യൂർ റോഡിലെ ബി.എസ്.എൻ.എൽ ഓഫിസിനു സമീപം മരം വൈദ്യുതി കമ്പികളുടെ മുകളിലേക്ക് വീണു. തയ്യൂർ - കോട്ടപ്പുറം റോഡിൽ പ്ലാവ് മരം വൈദ്യുതി ലൈനിൽവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലുവായ് മുണ്ടംകോട് നഗറിൽ രണ്ട് ഇടങ്ങളിൽ വൈദ്യുതി കമ്പികൾക്ക് മുകളിൽ മരം വീണു.
വേലൂർ: തലക്കോട്ടുകര വിദ്യ എഞ്ചീനീയറിംഗ് കോളജിന്റെ പുറകു ഭാഗത്തുള്ള കനാൽ റോഡിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തൂണ് പൊട്ടി ലൈനുകൾ തകരാറിലായി. മൂന്നു സ്ഥലത്താണ് മരം കടപുഴകി വീണത്. കനാൽ പരിസരത്ത് ഇറിഗേഷന്റെ സ്ഥലത്ത് നിന്നിരുന്ന മരങ്ങളാണ് ചുഴലിയിൽ നിലം പതിച്ചത്.
വടക്കാഞ്ചേരി: കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. അത്താണി-മിണാലൂരിൽ മരങ്ങൾ കടപുഴകി വീണ് വീട് തകർന്നു. കല്ലെടുത്തുപടി വീട്ടിൽ വള്ളിയമ്മു(61) വിന്റെ വീടിന് പിറകുവശമാണ് തകർന്നുവീണത്. തൊട്ടടുത്ത പറമ്പിലെ പനയും തേക്കുമരവുമാണ് വലിയ ശബ്ദത്തോടെ ഓടും ഷീറ്റും മേഞ്ഞ മേൽക്കൂരക്ക് മുകളിലേക്ക് പതിച്ചത്. സംഭവ സമയം വള്ളിയമ്മുവിന്റെ മകൾ സിന്ധു(40) മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ ഇറങ്ങിയോടി. പുറക് വശത്തെ വർക്ക് ഏരിയ, ശുചിമുറി ഉൾപ്പെടെ തകർന്നു. വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.