വന്യമൃഗങ്ങൾ കൃഷിയിടങ്ങൾ കൈയടക്കുന്നു; കണ്ണീരടക്കാനാവാതെ മലയോര കർഷകർ
text_fieldsഅതിരപ്പിള്ളി: കർഷകരെ ദുരിതത്തിലാക്കി മലയോര മേഖലയിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തുടരുന്നു. കോടശ്ശേരി, പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളിൽ തുടരുന്ന രൂക്ഷമായ വന്യമൃഗശല്യത്തിന് ഫലപ്രദമായ പരിഹാരം കണ്ടെത്താൻ അധികാരികൾക്ക് കഴിയുന്നില്ല. ഇതോടെ കർഷകരുടെ ഉപജീവന മാർഗം അടയുകയാണ്. വന്യമൃഗങ്ങൾ വരുത്തുന്ന നാശനഷ്ടത്തിന് കാര്യമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന പരാതി കാലങ്ങളായി ഉയരുന്നു. രാത്രിയും പകലും സ്വന്തം പുരയിടത്തിൽ പോലും ഭയം കൂടാതെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
വെറ്റിലപ്പാറ, ചിക്ളായി, പിള്ളപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാന ശല്യം പ്രധാന പേടി സ്വപ്നമാണ്. മലയിറങ്ങി വരുന്ന കാട്ടാനകളുംഎഴാറ്റുമുഖം ഭാഗത്ത് നിന്ന് പുഴ കടന്നു വരുന്ന കാട്ടാനകളും ഒരു പോലെ ഭീഷണിയാണ്. ചിലപ്പോൾ ഒറ്റയാനകളാണെങ്കിൽ മറ്റു ചിലപ്പോൾ 10 ഉം 15 ഉം ആനകളടങ്ങുന്ന കൂട്ടമായിരിക്കും. കഴിഞ്ഞ ദിവസം വെട്ടിക്കുഴിയിൽ കാവുങ്ങ ജോസിന്റെ വീട്ടുവളപ്പിൽ കാട്ടാന ഇറങ്ങി വാഴ, തെങ്ങ്, കവുങ്ങ് എന്നിവ നശിപ്പിച്ചു. കൊന്നക്കുഴി കോട്ടാമലയിൽ നിന്നാണ് കാട്ടാന കൂട്ടമായി ഇറങ്ങിയത്. തെങ്ങ് കുത്തി മറിച്ചിടുകയും പട്ട തിന്നുകയും ചെയ്തു. കുറച്ചു നാൾ മുമ്പ് പൊറായി വർഗീസിന്റെ പറമ്പിലും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.
കാട്ടാനയെ കൂടാതെ മാൻ, കാട്ടുപന്നി, വേഴാമ്പൽ, മലയണ്ണാൻ എന്നിവയും മലയോര കർഷകരുടെ ഉറക്കം കെടുത്തുകയാണ്. വനത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ വരുമ്പോഴാണ് വന്യമൃഗങ്ങൾ തീറ്റ തേടി നാട്ടിലിറങ്ങുന്നത്. കാട്ടിൽ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഒരുക്കിയാൽ ഇവയെ നിയന്ത്രിക്കാനാവുമെന്ന് ചൂണ്ടിക്കാട്ടുന്നു.
വന്യമൃഗങ്ങളുടെ സംഖ്യ ക്രമാതീതമായി ഉയരുമ്പോൾ അവയെ ഉന്മൂലനം ചെയ്യുന്ന വിദേശരാജ്യങ്ങളിലെ നിയമം ഇവിടെയും കൊണ്ടുവരണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. ഹാങ്ങിങ് ഫെൻസിങ്ങ് ജോലികൾ സമയബന്ധിതമായി പൂർത്തികരിക്കണമെന്നും വള്ളിപടർപ്പുകൾ പിടിക്കാതെ സംരക്ഷിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.
കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് കർഷക കോൺഗ്രസ് ചായ്പൻകുഴി യൂനിറ്റ് ആവശ്യപ്പെട്ടു. കൃഷി നാശം നേരിട്ട സ്ഥലങ്ങളിൽ കർഷക കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് കെ.എം.ജോസിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.