മൂന്നേക്കർ സ്ഥലത്തെ അലങ്കാര പൈനാപ്പിൾ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു
text_fieldsആമ്പല്ലൂർ: തൃക്കൂർ പഞ്ചായത്തിലെ കല്ലൂർ പുല്ലുത്തിയിൽ കാട്ടുപന്നികൾ മൂന്നേക്കർ സ്ഥലത്തെ അലങ്കാര പൈനാപ്പിൾ ചെടികൾ നശിപ്പിച്ചു. പത്ത് ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി കർഷകൻ. യുവകർഷകൻ മുപ്ലിയം മുത്തുമല സ്വദേശി ചുള്ളിപ്പറമ്പൻ അനീഷ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത ഓർണമെന്റൽ പൈനാപ്പിൾ എന്ന അപൂർവയിനം പൈനാപ്പിളിന്റെ 12000 തൈകളാണ് നശിച്ചത്.
തൈ ഒന്നിന് 300 രൂപ വിലവരുന്ന പൈനാപ്പിളിന് രാജ്യത്തിനകത്തും പുറത്തും വലിയ മാർക്കറ്റുണ്ട്. ഡൽഹി, അഹമ്മദാബാദ്, ബോംബെ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കാനായി ചെയ്ത പൈനാപ്പിൾകൃഷി നാല് മാസം പ്രായമായതായിരുന്നു. അങ്കമാലി സ്വദേശിയുടെ അഞ്ചേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് അനീഷ് കൃഷി ചെയ്തത്. മൂന്നേക്കറിലെ കൃഷിയുടെ 90 ശതമാനവും കാട്ടുപന്നികൾ കുത്തിമറിച്ച നിലയിലാണ്.
വെള്ളത്തിന് ദൗർലഭ്യമുള്ള പ്രദേശത്ത് ഏറെ പ്രതിബന്ധങ്ങൾ നേരിട്ടാണ് പൈനാപ്പിൾ ചെടി കൃഷി ചെയ്തിരുന്നത്. കേരളത്തിൽ അപൂർവമായി മാത്രം കൃഷി ചെയ്യുന്ന ഓർണമെന്റൽ പൈനാപ്പിൾ അലങ്കാര ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. ഒന്നരയടി നീളം വരുന്ന തണ്ടും ചെറിയ പൈനാപ്പിളും ഉൾപ്പെടെ ഒരു കടയ്ക്ക് 300 രൂപയാണ് വില. സാധാരണ പൈനാപ്പിളിനേക്കാൾ വലിപ്പം കുറവും ഇരുണ്ടതുമായ ഓർണമെന്റൽ പൈനാപ്പിൾ ഭക്ഷ്യയോഗ്യമല്ല. ഇരുണ്ട പിങ്ക് നിറമുളള ഓർണമെന്റൽ പൈനാപ്പിൾ വേദികൾ അലങ്കരിക്കുന്നതിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഒരു തൈയിൽ നിന്ന് അഞ്ചു തവണ വിളവെടുക്കാൻ കഴിയുന്ന ഓർണമെന്റൽ പൈനാപ്പിളിന്റെ തൈകൾ തിരുവനന്തപുരത്തെ ബന്ധുവഴിയാണ് ഇവിടെ കൊണ്ടുവന്നത്.
പുഷ്പാലങ്കാരം കരാറെടുത്തു നടത്തിവരുന്ന അനീഷ് തനിക്കുണ്ടായ വൻസാമ്പത്തിക നഷ്ടത്തെകുറിച്ച് കൃഷി വകുപ്പിലും കാട്ടുപന്നി ആക്രമണത്തെപ്പറ്റി വനം വകുപ്പിലും പരാതി നൽകി. എന്നാൽ സാധാരണ പൈനാപ്പിൾ കൃഷി എന്ന നിലയിലാണ് അധികൃതർ ഓർണമെന്റൽ പൈനാപ്പിൾ കൃഷിയും കണക്കാക്കുന്നുള്ളു എന്നാണ് അനീഷ് പറയുന്നത്. മുള്ളില്ലാത്ത ഇളം പൈനാപ്പിൾ തണ്ടിന്റെ മധുരമാണ് കാട്ടുപന്നികളെ ആകർഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.