നാടിനെ വിറപ്പിച്ച് കാട്ടുപോത്ത്
text_fieldsചാലക്കുടി: കാട്ടുപോത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയത് മേലൂർ, കൊരട്ടി പഞ്ചായത്തുകളിൽ പരിഭ്രാന്തി പരത്തി. ബുധനാഴ്ച പുലർച്ച മേലൂർ പഞ്ചായത്തിലെ പുഷ്പഗിരി മേഖലയിലാണ് പോത്ത് പ്രത്യക്ഷപ്പെട്ടത്.
പുലർച്ച എത്തിയ കാട്ടുപോത്തിനെ രാത്രി ഏറെ വൈകിയും പിടികൂടാനോ തിരിച്ചയക്കാനോ സാധിച്ചിട്ടില്ല. വനമേഖലയിൽനിന്ന് രാത്രിയിൽ ഇറങ്ങി വന്നതാവുമെന്ന് കരുതുന്നു. പൊതുവഴിയിലും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലുമായി പോത്ത് അലഞ്ഞു നടക്കുകയായിരുന്നു. കാര്യമായ അക്രമ സ്വഭാവങ്ങൾ കാണിക്കാതിരുന്നതിനാൽ ആദ്യം കാട്ടുപോത്താണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞില്ല. കാലുകളിലെ വെളുത്ത അടയാളം കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞത്.
വീടുകളുടെ പറമ്പുകളിലും റോഡിലും അലഞ്ഞു നടന്നതോടെ ആളുകൾക്ക് പരിഭ്രാന്തിയായി. പോത്ത് പലയിടത്തും മതിലുകൾ നിഷ്പ്രയാസം ചാടിക്കടന്ന് സഞ്ചരിച്ചു. പ്രദേശവാസികൾ പോത്തിന് പിന്നാലെ മുന്നറിയിപ്പുമായി നടന്നു. വനപാലകരെത്തി പോത്തിനെ പാട്ടകൊട്ടി ഓടിക്കാൻ ശ്രമിക്കുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്തെങ്കിലും വിജയിച്ചില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും മുന്നറിയിപ്പുകൾ പ്രചരിച്ചു.
പാലമുറി ഭാഗത്തൂടെ നടന്ന പോത്ത് കൊരട്ടി പഞ്ചായത്ത് മേഖലയിൽ പ്രവേശിച്ചു. കൊരട്ടി ഗവ. ഇന്ത്യ പ്രസിെൻറയും കിൻഫ്രയുടെയും വളപ്പിലെത്തിയതോടെ പിന്നീട് കാണാതായി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പോത്തിനെ മയക്കുവെടി വെച്ച് കാട്ടിലേക്ക് വിടാനാണ് വനപാലകരുടെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.