വൈൽഡ് സർക്യൂട്ട് ടൂറിസം പദ്ധതിക്ക് തുടക്കം ഇനി ചിമ്മിനിയെ അടുത്തറിയാം
text_fieldsആമ്പല്ലൂർ: സന്ദർശകർക്ക് കാനന ഭംഗി ആവോളം ആസ്വദിക്കാൻ ആവിഷ്കരിച്ച ചിമ്മിനി വൈൽഡ് സർക്യൂട്ട് ടൂറിസം പദ്ധതിക്ക് തുടക്കമായി. ലോക വിനോദസഞ്ചാര ദിനത്തിൽ തുടക്കം കുറിച്ച പദ്ധതി പ്രാദേശിക ടൂറിസം മേഖലയിൽ വലിയൊരു മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പുതുക്കാട്, വടക്കാഞ്ചേരി, ഗുരുവായൂർ മണ്ഡലങ്ങളിലാണ് പുതിയ ടൂറിസം സർക്യൂട്ടുകൾ തയാറാക്കിയിട്ടുള്ളത്.
പുതുക്കാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വൈൽഡ് സർക്യൂട്ട് തൃശൂർ -ചിമ്മിനി ഉല്ലാസയാത്രക്കാണ് വെള്ളിയാഴ്ച തുടക്കമായത്. രാവിലെ ആമ്പല്ലൂരിൽനിന്ന് പുറപ്പെട്ട സംഘം വേലൂപ്പാടം മുള ഗവേഷണകേന്ദ്രം, പാലപ്പിള്ളി തോട്ടങ്ങൾ കടന്ന് ചിമ്മിനി ഡാമിലെത്തി. യാത്രികർക്ക് കെ.കെ. രാമചന്ദ്രൻ എം.എൽ.എ മധുരം വിതരണം ചെയ്തു. തുടർന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരും പ്രജ്യോതി നികേതൻ കോളജിലെ വിദ്യാർഥികളും കലാപരിപാടികൾ അവതരിപ്പിച്ചു. ഒന്നിച്ചുള്ള ഉച്ചഭക്ഷണത്തിന് ശേഷം എം.എൽ.എ യും സംഘവും മടങ്ങി.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നടപ്പാക്കുന്ന മൂന്ന് ടൂറിസം സർക്യൂട്ടുകളിൽ ആദ്യത്തേതാണ് തൃശൂർ - ചിമ്മിനി വൈൽഡ് സർക്യൂട്ട്. തൃശ്ശൂരിൽനിന്ന് ചിമ്മിനി ഡാം, പുത്തൂർ മൃഗശാല, പീച്ചി ഡാം സർക്യൂട്ടാണ് വെള്ളിയാഴ്ച തുടങ്ങിയത്. ആമ്പല്ലൂരിൽനിന്ന് ചിമ്മിനിയിലേക്കുള്ള വൈൽഡ് സർക്യൂട്ട് യാത്ര കെ.കെ. രാമചന്ദ്രൻ എം. എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. സബ് കലക്ടർ അഖിൽ വി. മേനോൻ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലാേക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, ഡി.ടി.പി.സി സെക്രട്ടറി സി. വിജയ് രാജ്, ജില്ല പഞ്ചായത്തംഗം ജെനീഷ് പി. ജോസ്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, പീച്ചി വൈൽഡ് ലൈഫ് വാർഡൻ വി.ജി. അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
ഡാം പ്രവേശനത്തിന് സൗകര്യമൊരുക്കാൻ നിർദേശം
ആമ്പല്ലൂർ: വർഷങ്ങളായി പ്രവേശന നിരോധനമുള്ള ചിമ്മിനി ഡാമിലേക്ക് സന്ദർശനം അനുവദിക്കുന്നതിനുള്ള നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് കെ.കെ. രാമചന്ദ്രൻ എം.എൽ.എ യുടെ നിർദേശം. വൈൽഡ് സർക്യൂട്ട് ഉല്ലാസയാത്ര സംഘത്തോടൊപ്പം ചിമ്മിനിയിലെത്തിയ എം.എൽ.എ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലായിരുന്നു നിർദേശം. വിഷയത്തിൽ ഡാം സുരക്ഷ അതോറിറ്റിയുടെ അനുമതി തേടിയതായി അറിയിച്ച ഇറിഗേഷൻ വകുപ്പ് അധികൃതർ അനുമതി ലഭിക്കുന്ന മുറക്ക് പ്രവേശനം അനുവദിക്കുമെന്ന് വ്യക്തമാക്കി. ചിമ്മിനി വന്യജീവി സങ്കേതം- വിനോദ സഞ്ചാര കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് തുക മാറ്റിവെച്ചതായി അറിയിച്ച എം.എൽ.എ വിനോദ സഞ്ചാര, ഇറിഗേഷൻ വകുപ്പുകൾ തമ്മിലുള്ള ഏകോപനം അത്യാവശ്യമാണെന്നും പറഞ്ഞു. ഒരു മാസത്തിനകം സന്ദർശകർക്കായി ചിമ്മിനി ഡാമിലെ ശുചിമുറി ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കാൻ വരന്തരപ്പിള്ളി പഞ്ചായത്തിന് എം.എൽ.എ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.