തിരികെപോകാതെ കാട്ടാന
text_fieldsകുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസവും കാട്ടാനക്കൂട്ടം നശിപ്പിച്ച കൊക്കോ കൃഷി
ആമ്പല്ലൂർ: പാലപ്പിള്ളി കുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസവും കാട്ടാനക്കൂട്ടമിറങ്ങി. കണ്ണമ്പുഴ വർഗീസിന്റെ പറമ്പിലെ കൊക്കോ കൃഷി വ്യാപകമായി നശിപ്പിച്ചു.
രണ്ട് ദിവസങ്ങളിലായി 125 കൊക്കോ മരങ്ങളാണ് ആനക്കൂട്ടം നശിപ്പിച്ചത്. വിളവെടുത്ത് തുടങ്ങിയ മരങ്ങൾ നശിച്ചതോടെ കർഷകൻ ദുരിതത്തിലായി. കുണ്ടായിയിലെ വീട് പ്രളയത്തിൽ തകർന്നതോടെ വർഗീസ് കോടാലി മോനൊടിയിലാണ് താമസം. കുണ്ടായിയിലെ പറമ്പിൽ ഷെഡ് കെട്ടിയാണ് വർഗീസും കുടുംബവും കൃഷി പരിപാലിച്ചിരുന്നത്.
ആന ശല്യം രൂക്ഷമായതോടെ രാത്രികാലങ്ങളിൽ ഇവിടെ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. രാവിലെ പറമ്പിൽ എത്തിയപ്പോഴാണ് ആനക്കൂട്ടം കൃഷി നശിപ്പിച്ചത് കണ്ടത്. പറമ്പിലേക്ക് പുഴ കടന്നാണ് ആനകൾ എത്തുന്നത്. പറമ്പിലെ ഭൂരിഭാഗവും കൊക്കോ മരങ്ങളും നശിച്ചതോടെ ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. കൃഷിയിലൂടെ ഉപജീവനം നടത്തുന്ന വർഗീസ് ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
ജനവാസ മേഖലയിൽ മാസങ്ങളായി തമ്പടിച്ച ആനക്കൂട്ടം പ്രദേശത്ത് വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചിട്ടും വനപാലകർ നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കർഷിക വിളകൾ നശിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ വനംവകുപ്പ് ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.