ആറ്റൂർ നായാടി കോളനിയിൽ കാട്ടാന; വൻ കൃഷിനാശം
text_fieldsമുള്ളൂർക്കര: ജനവാസ മേഖലകളിൽ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങൾ ഇറങ്ങാതിരിക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും പദ്ധതികൾ ആവിഷ്കരിക്കുമെന്ന് അധികൃതർ പ്രഖ്യാപിക്കുമ്പോഴും ഒരു ശമനവുമില്ല കാട്ടാന വിഹാരത്തിന്. ഒടുവിൽ ആന മുള്ളൂർക്കരയിലുമെത്തി. ജനവാസമേഖലയിൽ ഇറങ്ങി വീട്ടുവളപ്പിലെ കൃഷികൾ നശിപ്പിച്ചു.
പഞ്ചായത്തിലെ ഒമ്പതാം വാർഡായ ആറ്റൂർ വളവ് കാരക്കാട് നായാടി കോളനിയിലെ ജനവാസ മേഖലയിലാണ് ഞായറാഴ്ച പുലർച്ച ആന ഇറങ്ങിയത്. തൈവളപ്പിൽ മാധവന്റെയും ഇളമ്പലത്തൊടി രാഘവന്റെയും പറമ്പിലെ തെങ്ങ്, കവുങ്ങ്, വാഴകൾ എന്നിവയാണ് നശിപ്പിച്ചത്. ശബ്ദം കേട്ട് ആളുകൾ ബഹളം െവച്ചപ്പോൾ അസുരംകുണ്ട് ഡാം പരിസരത്തുള്ള കാട്ടിലേക്ക് ഓടി മറഞ്ഞതായി ജനങ്ങൾ പറയുന്നു.
ആദ്യമായിട്ടാണ് ആന ഈ മേഖലയിൽ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ജനങ്ങൾ വലിയ ആശങ്കയിലാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത്, വൈസ് പ്രസിഡന്റ് തങ്കപ്പൻ, വാർഡ് അംഗം ശശികല സുബ്രഹ്മണ്യൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എച്ച്. അബ്ദുൽസലാം, വനപാലകർ എന്നിവർ സ്ഥലത്തെത്തി.
ആനകൾ വീണ്ടും തിരിച്ചെത്തുമെന്ന ആശങ്കയിലാണ് മുള്ളൂർക്കരയിലെ കർഷകർ. ഏതാനും നാൾ മുമ്പ് വാഴാനിയിലെ സ്വകാര്യ ഫാമിലെത്തിയ കാട്ടാനകൾ പല ദിവസങ്ങളിലായി ഫാമിലെ കൃഷിയപ്പാടെ തകർത്തിരുന്നു. ചേലക്കര മേഖലയിലും നേരത്തെ കാട്ടാന സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.