പട്ടാപ്പകൽ ജനവാസ മേഖലയിൽ കാട്ടാന
text_fieldsവെട്ടിക്കുഴിയിൽ തിങ്കളാഴ്ച ജനവാസ പ്രദേശത്ത് ഇറങ്ങിയ കാട്ടാന
ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയായ വെട്ടിക്കുഴി പ്രദേശത്ത് ജനവാസ മേഖലയിൽ പകൽ കാട്ടാനയിറങ്ങിയത് ജനങ്ങളെ ഭീതിയിലാക്കി. തിങ്കളാഴ്ച രാവിലെയാണ് പ്രദേശത്ത് കാട്ടാനയുടെ വിളയാട്ടം. പറമ്പുകളിലൂടെയും വഴികളിലൂടെയും കാട്ടാന കയറിയിറങ്ങി. ഇതോടെ ജനം പിന്നാലെ കൂടി. കാട്ടാനയെ ശബ്ദമുണ്ടാക്കിയും കല്ലെടുത്ത് എറിഞ്ഞും ഓടിക്കാൻ ശ്രമിച്ചു. തുടർന്ന് വാകപറമ്പൻ ജേക്കബിന്റെ വീട്ടുപറമ്പിലൂടെ വന്ന കാട്ടാന റോഡിലൂടെ കുറച്ച് ദൂരം സഞ്ചരിച്ച് തൊട്ടടുത്തുള്ള തട്ടിൽ റോസയുടെ മതിൽ ഗേറ്റ് തകർത്ത് പറമ്പിൽ കയറി. പുല്ല് പറിച്ചെടുത്ത ശേഷം തിരിച്ചിറങ്ങി ചൂളക്കടവ് റോഡിലേക്ക് കയറി. ഈ സമയം നാട്ടുകാരോ വാഹനങ്ങളോ സ്കൂൾ വിദ്യാർഥികളോ ഒറ്റപ്പെട്ട വഴിയിൽ ഉണ്ടായിരുന്നില്ലയെന്നത് ഭാഗ്യമായി. ആറുമാസത്തിനുള്ളിൽ ഇതുമൂന്നാം പ്രാവശ്യമാണ് ഇവിടെ കാട്ടാന ഇറങ്ങുന്നത്. വന്യമൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും വനത്തിൽ ലഭിക്കാതെ വരുന്നതുകൊണ്ടാണ് കാട്ടാന നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടാനകളെ ജനവാസ മേഖലയിലേക്ക് ഇറങ്ങി വരാതിരിക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി. കേരളത്തിന്റെ വനവിസ്തൃതിക്കനുസരിച്ച് 600 ആനകൾക്ക് സഞ്ചരിക്കാനും ഭക്ഷണത്തിനും സൗകര്യമുള്ളിടത്ത് അതിന്റെ പത്തിരട്ടി ആനകളാണ് നിലവിലുള്ളതെന്നും അവർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.