കാട് കയറാതെ കാട്ടാനകള്‍ ഭീതിയൊഴിയാതെ നാട്ടുകാര്‍
text_fieldsആമ്പല്ലൂര്‍: രണ്ടു ദിവസത്തെ ഇടവേളക്കുശേഷം പാലപ്പിള്ളിയില്‍ ഭീതി പരത്തി വീണ്ടും കാട്ടാന. വെള്ളിയാഴ്ച പുലര്‍ച്ചെ കൊച്ചിന് മലബാര്‍ എസ്റ്റേറ്റ് ബംഗ്ലാവ് പറമ്പിലെത്തിയ ആനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു.
ബംഗ്ലാവിന് പിറകുവശത്തെ പട്ടിക്കൂട് ആനകള്‍ തകര്‍ത്തു. ഇരുപതോളം വാഴകള്‍, പ്ലാവുകള്‍, മഞ്ഞള്‍ എന്നിവയും നശിപ്പിച്ചു. കല്ലുകള്‍കൊണ്ട് കെട്ടിയ സമീപത്തെ നാലോളം മതിലുകള്‍ തകര്‍ത്തു.
പറമ്പില്‍ ചക്ക പഴുത്തു നില്ക്കുന്ന പ്ലാവിന് സമീപത്തെ തെങ്ങുകള്‍ ആനകള്‍ കുത്തിമറിച്ചിടാന്‍ ശ്രമിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികളിലും ആനകള്‍ എത്തിയതായി നാട്ടുകാര്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നിന് നായ്ക്കളുടെ കുര കേട്ടാണ് എസ്റ്റേറ്റ് മാനേജര്‍ ബംഗ്ലാവിന് പുറത്തിറങ്ങി നോക്കിയത്. തുടര്‍ന്ന് പടക്കം പൊട്ടിച്ച് ആനകളെ തുരത്തുകയായിരുന്നു. ഇതിനുമുമ്പും കാട്ടാനകള്‍ ബംഗ്ലാവ് പറമ്പില്‍ കൃഷിനാശം വരുത്തിയിട്ടുള്ളതായി മാനേജര്‍ പറഞ്ഞു.
ആനപ്പേടിയില്‍ ചിമ്മിനി സന്ദര്‍ശകര്‍
കഴിഞ്ഞ ദിവസം ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ നിരവധി സന്ദര്‍ശകര്‍ ചിമ്മിനിയിലേക്ക് എത്തുന്നുണ്ട്. പാലപ്പിള്ളി-ചിമ്മിനി റോഡില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ കാട്ടാനകള്‍ നിലയുറപ്പിക്കുന്നത് യാത്രക്കാരെ ആശങ്കയിലാക്കുകയാണ്. റോഡിന് ഇരുവശത്തേയും തോട്ടങ്ങളില്‍ കാടുപോലെ കുറ്റിച്ചെടികളും മരങ്ങളും വളര്‍ന്നുനില്‍ക്കുന്നതിനാല്‍ അവക്കിടയില്‍ കാട്ടാനകള്‍ നില്‍ക്കുന്നത് പെട്ടെന്ന് ദൃഷ്ടിയില്‍പ്പെടില്ല.
ഒരാഴ്ചയായി കാരികുളത്തിന് സമീപം പരുന്തുപാറയിലെ തേക്ക് തോട്ടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ എട്ടോളം കാട്ടാനകള്‍ തമ്പടിച്ചിട്ടുണ്ട്. ഇവയായിരിക്കാം വെള്ളിയാഴ്ച പുലര്‍ച്ചെ എസ്റ്റേറ്റ് ബംഗ്ലാവ് പറമ്പില്‍ എത്തിയതെന്ന നിഗമനത്തിലാണ് വനം വകുപ്പ് അധികൃതര്‍.
ഈ ആനകളെ നാട്ടുകാരുടെ സഹായത്തോടെ കാടു കയറ്റാനാണ് ശ്രമമെന്ന് പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ പ്രേം ഷെമീര്‍ പറഞ്ഞു.
കവരമ്പിള്ളി, കള്ളായി മൂല, കുട്ടഞ്ചിറ, കവരമ്പിള്ളികുന്ന് തുടങ്ങിയ ജനവാസ മേഖലയില്‍ ഒരു മാസത്തോളം കൃഷിനാശം വരുത്തിയ രണ്ട് കാട്ടാനകളെ ദിവസങ്ങള്‍ക്കുമുമ്പ് കള്ളായിക്കടുത്ത വല്ലൂര്‍ കാട്ടിലേക്ക് തുരത്തിയിരുന്നു. പരുന്തുപാറയില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ വരും ദിവസങ്ങളില്‍ ഇതുപോലെ കാടു കയറ്റാനുള്ള പദ്ധതിയാണ് വനം വകുപ്പ് തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.