ആനപ്പേടിയിൽ ഉറക്കം നഷ്ടപ്പെട്ട് അടിച്ചിൽത്തൊട്ടിക്കാർ
text_fieldsഅതിരപ്പിള്ളി: കാട്ടാനശല്യം പതിവായതോടെ ഉറക്കം നഷ്ടപ്പെട്ട് മലക്കപ്പാറക്കടുത്ത് അടിച്ചിൽത്തൊട്ടി ഊരിലെ ആദിവാസികൾ. കൃഷി നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്ക് നാശം വരുത്തുന്നുമുണ്ട്. ഉൾക്കാടിറങ്ങിയെത്തുന്ന കാട്ടാനക്കൂട്ടത്തിന്റെ ഉപദ്രവം ആരംഭിച്ചിട്ട് നാളുകൾ ഏറെയായെങ്കിലും അടുത്തിടെയായി അത് വർധിച്ച് ഭീകരാന്തരീക്ഷത്തിന്റെ അവസ്ഥയാണുള്ളത്.
അതിരപ്പിള്ളി-മലക്കപ്പാറ അന്തർ സംസ്ഥാനപാതയിലെ പത്തടിപ്പാലത്തനിന്ന് ഏകദേശം നാല് കി.മീ. കാടിനുള്ളിലായി എട്ടര കി.മീ. ചുറ്റളവിലായാണ് അടിച്ചിൽത്തൊട്ടി ഊര്. മുതുവാൻ വിഭാഗക്കാരായ ഇവിടത്തെ ആദിവാസികളുടെ ഏക വരുമാനം മാർഗം കൃഷിയാണ്.
എന്നാൽ, ഇവർക്കിപ്പോൾ കൃഷി ചെയ്യാനോ സമാധാനത്തോടെ പുറത്തിറങ്ങാനോ പറ്റാത്ത അവസ്ഥയാണ്. വൈകീട്ട് ആേറാടെ കൃഷിയിടങ്ങളിലെത്തുന്ന കാട്ടാനക്കൂട്ടം പലപ്പോഴും നേരം പുലരും വരെ ഇവരുടെ അധ്വാനമെല്ലാം തിന്നും നശിപ്പിച്ചും പോവുകയാണ്.
നെല്ല്, കുരുമുളക്, കാപ്പി എന്നിവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. ആനശല്യം മൂലം പലരും കുലത്തൊഴിലായ കൃഷി അവസാനിപ്പിച്ചിരിക്കുകയാണ്. രാത്രി സമാധാനത്തോടെ കണ്ണടക്കാൻപോലും കഴിയാത്ത സ്ഥിതിയാണെന്ന് ഇവർ പരാതിപ്പെടുന്നു. കൂട്ടത്തോടെ എത്തുന്ന കാട്ടാനകളെ എങ്ങനെ തുരത്തണമെന്നറിയാതെ ഇവർ വിഷമിക്കുകയാണ്. പണ്ടത്തെപോലെ പടക്കം പൊട്ടിക്കലും പാട്ടകൊട്ടലും ഒന്നും വകവെക്കുന്നില്ല.
എത്ര ശബ്ദമുണ്ടാക്കിയാലും ആനകൾ പോകാറില്ല. പോയാൽതന്നെ അൽപ നിമിഷങ്ങൾക്കുശേഷം അവ തിരിച്ചെത്തും. ആനയെ പേടിച്ച് രാത്രി വീടുകളുടെ പുറമെ തീ കത്തിച്ചു വെച്ചാണ് വീടുകളിൽ കഴിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
ആനക്കൂട്ടങ്ങൾക്ക് പുറമെ ജനവാസ മേഖലയിലേക്കെത്തുന്ന ഒറ്റയാന്മാരും ഒരുപോലെ അക്രമാസക്തരാണ്. ആനക്കൂട്ടം മുമ്പും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചിരുന്നു. അന്ന് അവ അത്ര ഉപദ്രവങ്ങൾ വരുത്തിയിരുന്നില്ല. കാട്ടിൽ ഭക്ഷണം കിട്ടാത്തതാകണം ഇപ്പോൾ ആനകളെ ഏറെ ആക്രമണകാരികളാക്കി മാറ്റിയതെന്ന് ഊരുവാസികൾ പറയുന്നു. ജീവനും സ്വത്തിനും ഭീഷണിയായി മാറിയ കാട്ടാനശല്യത്തെക്കുറിച്ച പരാതികൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.