കാട് കയറാതെ കാട്ടാന; ഭീതിയൊഴിയാതെ നാട്
text_fieldsഅതിരപ്പിള്ളി: മേഖലയിൽ കാട്ടാന സാന്നിധ്യം തുടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ശനിയാഴ്ച പുലർച്ചയോടെ ആറ് ആനകൾ അടങ്ങുന്ന സംഘം പ്രദേശത്ത് വ്യാപക കൃഷിനാശമാണ് വരുത്തിയത്. കൊന്നക്കുഴി, ചാട്ടുകല്ലതറ ഭാഗങ്ങളിൽ വിവിധ കർഷകരുടെതായ 15 ഏക്കറോളം കൃഷിയിടത്തിലാണ് കാട്ടാനകൾ വിളയാടിയത്.
നിരവധി വാഴകളോടൊപ്പം തെങ്ങ്, കമുക് തുടങ്ങിയവയും നശിപ്പിച്ചു. വടക്കുമ്പാടൻ ദേവസ്സിക്കുട്ടി ജോസ്, കല്ലേലി ചാക്കുണ്ണി തുടങ്ങിയവരുടെ പറമ്പുകളിലാണ് കൂടുതൽ നാശം ഉണ്ടായത്. ഏഴാറ്റുമുഖം പ്ലാന്റേഷൻ ഭാഗത്തുനിന്നാണ് പുഴ കടന്ന് കാട്ടാനകൾ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. വനപാലകരെത്തി നാശനഷ്ടം വിലയിരുത്തി. വന്യമൃഗശല്യം രൂക്ഷമായ ചാലക്കുടി-വാഴച്ചാൽ വനമേഖലയിൽ വനംവകുപ്പിന്റെ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായി സംയുക്ത പരിശോധന ആരംഭിച്ചു.
ചാലക്കുടി, വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനുകളിലെ ഉദ്യോഗസ്ഥരുടെ യോജിച്ചുള്ള പരിശോധനയാണ് ആരംഭിച്ചത്. ആനയുടെ സാന്നിധ്യം പൊതുജനത്തെ അറിയിക്കുന്ന മെസ്സേജ് അലർട്ട് സംവിധാനം കൂടുതൽ പ്രദേശവാസികളിലേക്ക് എത്തിക്കും. ആനയുടെ സഞ്ചാരപാതയുടെ മാപ്പിങ് നടത്തി അത്തരം ഇടങ്ങളിൽ പ്രതിരോധ സംവിധാനം ഏർപ്പെടുത്തുമെന്നും ആനയുടെ സാന്നിധ്യം അറിയാൻ സഹായിക്കുന്ന ആധുനിക സെൻസർ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സനീഷ് കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.
വന്യമൃഗശല്യം രൂക്ഷമായ അതിരപ്പിള്ളിയിലെ ജനവാസ മേഖലകളിൽ എ.ഐ.വൈ.എഫ് ഭഗത് സിങ് യൂത്ത് ഫോഴ്സിെൻറ നേതൃത്വത്തിൽ പ്രതിരോധ സേന ആരംഭിക്കും. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പ്രതിരോധ സേനയുടെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
തുടർന്ന് ജനവാസ മേഖലകളിൽ രാത്രികാലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളും കാവലും ഏർപ്പെടുത്തുമെന്ന് എ.ഐ.വൈ.എഫ് ചാലക്കുടി മണ്ഡലം കമ്മിറ്റി ഭാരവാഹികളായ എം.ഡി. പ്രവീൺ, പി.സി. സജിത്ത് എന്നിവർ അറിയിച്ചു.
'വനപാലകർ ജനത്തിന്റെയും പാലകരാവണം'
ചാലക്കുടി: വനപാലകർ വന്യമൃഗങ്ങളുടെ മാത്രമല്ല ജനത്തിെൻറയും പാലകരാവണമെന്ന് എൽ.ജെ.ഡി ജില്ല പ്രസിഡന്റ് യൂജിൻ മോറേലി ആവശ്യപ്പെട്ടു. വന്യമൃഗക്കെടുതി കൊണ്ട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമങ്ങളിൽനിന്ന് ജനങ്ങൾ കൂട്ടത്തോടെ പാലയനം ചെയ്യേണ്ടി വരുന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധവേലിയും കിടങ്ങ് നിർമിക്കലും അഴിമതിയുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. നഷ്ടപരിഹാരം ലഭിക്കാനുള്ള നീണ്ട കാത്തിരിപ്പും നാമമാത്രമായ തുകയും മൂലം ജനം അപേക്ഷകൾ നൽകാൻ പോലും വിമുഖത കാണിക്കുകയാണെന്നും യൂജിൻ പറഞ്ഞു.
കാട്ടാനയുടെ ആക്രമണത്തിന് ഇരയായ നിഖിലിനെ സന്ദര്‍ശിച്ചു
ചാലക്കുടി: കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നിഖിലിനെ സി.പി.എം ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ് സന്ദര്‍ശിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ യു.പി. ജോസഫ്, ടി.കെ. വാസു, ഏരിയ സെക്രട്ടറി കെ.എസ്. അശോകന്, നഗരസഭ പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ് എന്നിവർ സംബന്ധിച്ചു. ഏതാനും ദിവസം മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ നിഖിലിെൻറ മകള്‍ ആഗ്നിമിയ എന്ന അഞ്ച് വയസ്സുകാരി മരിച്ചിരുന്നു. ഈ സംഭവ സ്ഥലവും സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.