കാട്ടാനകൾ വീണ്ടും നാട്ടിലിറങ്ങുന്നു
text_fieldsതൃശൂർ: ഇടവേളക്ക് ശേഷം കാട്ടാനകൾ ജനവാസമേഖലകളിലേക്കിറങ്ങി വീണ്ടും ഭീഷണിയാവുന്നു. അതിരപ്പിള്ളി, ചിമ്മിനി, പീച്ചി, വാഴാനി മേഖലകളിലാണ് കാട്ടാനശല്യം വീണ്ടും തുടങ്ങിയത്. കാട്ടാനകളുടെ കാടിറക്കം തടയാൻ ഫലപ്രദമെന്ന് കണ്ടെത്തി പ്രവൃത്തി തുടങ്ങിയ സൗരതൂക്കുവേലികൾ പാതിയിൽ നിലച്ചു.
വയനാട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ സ്ഥാപിച്ച സൗരതൂക്കുവേലി കുതിരാനിലും പരീക്ഷിച്ചിരുന്നു. വാഴാനിയിലേക്ക് കാട്ടാനകളുടെ വരവ് തടയാനാണിത്. സൗരതൂക്കുവേലി സ്ഥാപിച്ചതോടെ മേഖലയിൽ കാട്ടാനയിറങ്ങുന്നതിൽ കാര്യമായ കുറവുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഉയരത്തിലുള്ള തൂണുകൾ സ്ഥാപിച്ച് സ്പ്രിംഗ് പോലെയുള്ള നിരവധി കമ്പികൾ തൂക്കിയിടാവുന്ന തരത്തിലുള്ള സോളാർ തൂക്കുവേലികൾ കാട്ടാനകളെ തടയാൻ ഫലപ്രദമെന്ന് കണ്ടെത്തുകയും ചെയ്തു.
എന്നാൽ തുടർ നടപടികൾ ഫണ്ടില്ലെന്ന കാരണത്താൽ നിലച്ചു. വലിയ തുക വരാത്ത വിധത്തിൽ ഇത് ക്രമീകരിക്കാനുള്ള നിർദേശത്തിൽ മൂന്ന് കമ്പികൾ കൊണ്ട് തിരശ്ചീനമായി കെട്ടുന്ന സാധാരണ സൗരവേലികൾ സ്ഥാപിക്കാനും ധാരണയായെങ്കിലും പദ്ധതി യാഥാർഥ്യമായില്ല.
വനമേഖലകളിൽ സൗരവേലി സ്ഥാപിക്കാൻ നബാർഡ് 14.62 കോടി അനുവദിച്ചിട്ടുണ്ട്. എന്നാൽ നിർമാണ പ്രവൃത്തി തുടങ്ങാൻ രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ തന്നെ പറയുന്നത്. സർക്കാർ ഫണ്ട് കാത്തിരുന്ന് മടുത്ത സ്വകാര്യ വ്യക്തികൾ ചാലക്കുടി മേഖലയിൽ സൗരതൂക്കുവേലി സ്ഥാപിച്ചിരുന്നു.
ഇത് മാതൃകയാക്കി കർഷകർ ചേർന്ന് ഇത്തരം വേലികൾ സ്ഥാപിക്കാനുള്ള ശ്രമവും പലയിടങ്ങളിലും നടക്കുന്നുണ്ട്. സോളാർ വഴി ചെറിയ ഷോക്ക് ആയതിനാൽ ജനങ്ങൾക്ക് അപകടവും ചെയ്യില്ല. ഒന്നര കിലോമീറ്ററിന് 16 ലക്ഷമാണ് ചിലവ്. 100 അടി ഉയരത്തിൽ തൂണ് നിർമിക്കാനും സ്ഥാപിക്കാനും സമയമേറെയെടുക്കും.
അതേ സമയം, ചെറിയ മൃഗങ്ങളുടെ കാടിറക്കം തടയാൻ പ്രയാസമാണ്. ഒന്നോ രണ്ടോ ലെയറാക്കിയും വേലി തൂക്കിയിട്ട് പലതരം മൃഗങ്ങളെ നിയന്ത്രിക്കാം തിരിച്ചുവരുന്ന ആനകളെ ക്യാമറയിൽ നിരീക്ഷിച്ച് വേലി തുറന്നുവിട്ട് കാട്ടിലെത്തിക്കാമെന്നതും സൗരതൂക്കുവേലിയുടെ പ്രത്യകതയാണ്.
സാധാരണ സൗരവേലിക്കാണെങ്കിൽ ഏഴ് കിലോമീറ്ററിന് എട്ട് ലക്ഷം മാത്രമേ ചെലവ് വരുന്നുള്ളൂ. ആറടി ഉയരത്തിൽ തൂണുകൾ സ്ഥാപിച്ചാൽ മതി. പൂർണമായും കാട്ടാനകളെ തടയാനാവില്ലെങ്കിലും താരതമ്യേന എളുപ്പം സ്ഥാപിക്കാമെന്നതാണ് നേട്ടം. എന്നാൽ ചെറിയ മൃഗങ്ങളെ പ്രതിരോധിക്കാൻ പ്രയാസമാവും. വേലി തുറന്നുവിട്ട് മൃഗങ്ങളെ കാട്ടിലെത്തിക്കലും എളുപ്പമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.