വന്യജീവി ആക്രമണം: രണ്ടു വർഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാതെ ആദിവാസികൾ
text_fieldsഅതിരപ്പിള്ളി: വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് രണ്ടു വർഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാതെ ആദിവാസികൾ അധികാരികളുടെ മുന്നിൽ കയറിയിറങ്ങുന്നു.
നഷ്ടപരിഹാര നടപടിക്കായി ഇവർ വനം മന്ത്രി ശശീന്ദ്രനെയും മന്ത്രി കെ. രാധാകൃഷ്ണനെയും കണ്ട് നിവേദനം നൽകി. വിവിധ ആദിവാസി കോളനികളിലെ അംഗങ്ങളായ ഇവർ ആക്രമണത്തിന് വിധേയരായിട്ട് രണ്ടു വർഷം മുതൽ രണ്ട് മാസം വരെയായിട്ടുണ്ട്. തവളക്കുഴിപ്പാറയിലെ വേലാവുവിനെ രണ്ട് വർഷം മുമ്പ് കാട്ടുപോത്ത് ആക്രമിച്ച് കൈക്ക് പരിക്കേറ്റ് ജോലി ചെയ്യാൻ ആവാത്ത നിലയിലാണ്.
കാട്ടുപോത്ത് ചവിട്ടിയതിനെ തുടർന്ന് പരിക്കേറ്റ തവളക്കുഴിപ്പാറയിലെ സുബ്രൻ, കാർത്തു എന്നിവർക്കും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കരടി ആക്രമിച്ച് പരിക്കേറ്റ വാഴച്ചാൽ കോളനിയിലെ സീതക്കും നഷ്ടപരിഹാരത്തിന് നടപടിയായില്ല. കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ പിള്ളപ്പാറ മലയൻ കോളനിയിലെ വാസന്തി വേലായുധനും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതിയുണ്ട്.
വേലാവു, സാമൂഹിക പ്രവർത്തകനായ റൂബിൻ ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്. ഇവരുടെ നഷ്ടപരിഹാരത്തിന് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എക്ക് മന്ത്രി ഉറപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.