വന്യജീവി ആക്രമണം; ജില്ലയില്‍ 84.95 കിലോമീറ്റർ സൗരോര്‍ജ വേലി വരുന്നു
text_fieldsതൃശൂർ: കാര്‍ഷിക മേഖലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വനാതിര്‍ത്തി പങ്കിടുന്ന കൃഷിയിടങ്ങളില്‍ 84.95 കി.മീ ദൈര്‍ഘ്യത്തില്‍ സൗരോര്‍ജവേലി സ്ഥാപിക്കാന്‍ അനുമതിയായി.
വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം ഫണ്ട് അനുവദിച്ചത്. കൃഷി-വനം വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജന്‍സിയാണ് പദ്ധതി നടപ്പിലാക്കുക. ജനപ്രതിനിധികളും ഗ്രാമപഞ്ചായത്ത് തലത്തില്‍ ഗുണഭോക്താക്കളും രൂപീകരിക്കുന്ന ഗുണഭോക്തൃ കമ്മിറ്റിയാണ് പദ്ധതിയുടെ മേല്‍നോട്ടവും മെയിന്റനന്‍സും നിര്‍വഹിക്കുന്നത്.
ഫണ്ട് കൈമാറുന്നതിനായി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറും ജില്ല കൃഷി ഓഫിസറും കരാര്‍ വെക്കുന്നതിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സിന്റെ അധ്യക്ഷതയില്‍ ജില്ലാതല കമ്മിറ്റിയോഗം ചേര്‍ന്ന് പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, വിവിധ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ചാലക്കുടി ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ വരുന്ന കോടശ്ശേരി, പരിയാരം, പഞ്ചായത്തുകളിലും, വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലെ അതിരപ്പിള്ളി പഞ്ചായത്തിലും, തൃശൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള ദേശമംഗലം, എരുമപ്പെട്ടി, വരവൂര്‍, തെക്കുംകര, മുള്ളൂര്‍ക്കര, പഴയന്നൂര്‍, ചേലക്കര, മാടക്കത്തറ എന്നീ പഞ്ചായത്തുകളിലും, വടക്കഞ്ചേരി മുനിസിപ്പാലിറ്റിയിലും വനാതിര്‍ത്തി പങ്കിടുന്ന കൃഷി സ്ഥലങ്ങളില്‍ സൗരോര്‍ജ വേലി സ്ഥാപിക്കുകയാണ് പദ്ധതി.
തൃശൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ 59.7 കി.മീ സൗരോര്‍ജ വേലി സ്ഥാപിക്കുന്നതിന് 149.31853 ലക്ഷം രൂപയും ചാലക്കുടി ഫോറസ്റ്റ് ഡിവിഷനില്‍ 17 കി.മീറ്ററിന് 47.01 ലക്ഷം രൂപയും വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനില്‍ 8.2 കി.മീറ്ററിന് 2.19 ലക്ഷം രൂപയും ജില്ലക്ക് അനുവദിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.