ലൈനിൽ മരം വീണ് വൈദ്യുതി മുടങ്ങുമോ, ആ പേടി ഇവിടെയില്ല!
text_fieldsപീച്ചി: കാറ്റും മഴയുമെത്തിയാൽ ഏവരുടെയും പേടിസ്വപ്നമാണ് വൈദ്യുതി തടസം. എന്നാൽ, അങ്ങനെയൊരു ആശങ്കയില്ലാതെയും ഒരു നാടുണ്ട്. ശക്തമായ കാറ്റിൽ മരങ്ങളോ ചില്ലകളോ പൊട്ടി ലൈനിൽ വീഴുമെന്നും മൂന്നും നാലും ദിവസം വൈദ്യുതിയില്ലാതെ കഴിയേണ്ടി വരുമെന്നുമുള്ള ആശങ്ക മൂവായിരത്തോളം വീട്ടുകാർക്ക് ഇല്ലാതായിട്ട് അഞ്ചാറ് വർഷമായി.
പീച്ചി, വിലങ്ങന്നൂർ പ്രദേശത്തെ താമസക്കാരും മറ്റുമാണ് മറ്റേത് നാട്ടുകാരും ആഗ്രഹിക്കുന്ന ഒരു സൗകര്യം കുറച്ചധികം കാലമായി അനുഭവിക്കുന്നത്. പീച്ചി ഡാം റോഡിൽ കെ.എഫ്.ആർ.ഐ പരിസരത്ത് രണ്ട് കിലോമീറ്റർ ദൂരം മരങ്ങൾകൊണ്ട് മേലാപ്പ് (ട്രീ കനോപ്പി) തീർത്തതുപോലുള്ള സ്ഥലമാണ്.
അത്രക്ക് വൃക്ഷ നിബിഡം. ഇവിടെ വൈദ്യുതി ലൈനിന് മുകളിൽ മഴക്കാലത്തെ കാറ്റിൽ മരവും കൊമ്പും പൊട്ടിവീണ് വൈദ്യുതി വിതരണം തടസപ്പെടുന്നത് പതിവായിരുന്നു. പീച്ചി പമ്പിങ് സ്റ്റേഷനിൽ വൈദ്യുതിയില്ലാതെ ജല വിതരണവും മുടങ്ങും. നാട്ടുകാർക്ക് ഇത് വലിയ ആശങ്കയായിരുന്നു.
2015ൽ പീച്ചി വൈദ്യുതി നിലയം ഉദ്ഘാടനത്തിന് എത്തിയ അന്നത്തെ വകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദിന് നാട്ടുകാർ, ഇപ്പോഴത്തെ കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ നേതൃത്വത്തിൽ നിവേദനം നൽകി. വൃക്ഷ നിബിഡമായ രണ്ട് കിലോമീറ്റർ ദൂരം വൈദ്യുതി ലൈനിൽ ഭൂഗർഭ കേബിളാക്കണമെന്നായിരുന്നു ആവശ്യം. മന്ത്രി അത് ഒറ്റയടിക്ക് തള്ളി. നാട്ടുകാർ ആവശ്യവുമായി മുന്നോട്ട് പോയി.
പീച്ചി ആസ്ഥാനമായ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും നാട്ടുകാരുടെ ആവശ്യത്തിനൊപ്പം ചേർന്നു. നിവേദനങ്ങൾക്കൊന്നും അനുകൂല മറുപടി ഇല്ലാതെ വന്നതോടെ നാട്ടുകാർ ഹൈകോടതിയെ സമീപിച്ചു. ഇതിന് കെ.എസ്.ഇ.ബി കോടതിക്ക് നൽകിയ മറുപടി മൂന്ന് കോടി രൂപയെങ്കിലും ചെലവ് വരുമെന്നും താങ്ങാനാവില്ലെന്നുമായിരുന്നു.
നാട്ടുകാർ അവിടെയും ശ്രമം അവസാനിപ്പിച്ചില്ല. മുമ്പ്, തൃശൂർ കോർപറേഷൻ ശക്തനിലേക്ക് വിയ്യൂർ പവർ സ്റ്റേഷനിൽനിന്ന് കേബിൾ കൊണ്ടുവന്നപ്പോൾ സനാന മിഷൻ റോഡ് പരിസരത്ത് ഭൂഗർഭ കേബിൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി താമസക്കാർ ഹൈകോടതിയെ സമീപിച്ചിരുന്നു. അതിന് പിന്നിലും ഷാജി കോടങ്കണ്ടത്തായിരുന്നു.
അന്ന് അത് അംഗീകരിക്കപ്പെട്ടു. അക്കാലത്ത് ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ വന്ന ചെലവ് പരിശോധിച്ചതിൽ പീച്ചി കെ.എഫ്.ആർ.ഐ റോഡിൽ ഇതുപോലെ സ്ഥാപിക്കാൻ 80 ലക്ഷം രൂപ മതിയാകുമെന്ന് കണ്ടെത്തി. ഈ വിവരം ഹൈകോടതിയെ ധരിപ്പിച്ചതോടെ ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ ഹൈകോടതി കെ.എസ്.ഇ.ബിയോട് ഉത്തരവിട്ടു. 2008ൽ ഇതിന്റെ പ്രവൃത്തി പൂർത്തിയായതോടെയാണ് പ്രദേശം അന്നോളം അനുഭവിച്ച പ്രശ്നത്തിൽനിന്ന് മുക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.