ഇത്തവണ തൃശൂരിൽ പുലിയിറങ്ങുമോ?
text_fieldsതൃശൂർ: കോവിഡ് തട്ടിയെടുത്ത കഴിഞ്ഞ വർഷത്തെ പോലെ, ഇത്തവണയും തൃശൂരിെൻറ തനത് കലാരൂപമായ പുലിക്കളി കോവിഡ് തട്ടിയെടുക്കുമോയെന്ന ആശങ്കയിലാണ് തൃശൂർ. ഇത്തവണയും പുലിക്കളിയില്ലാതിരിക്കാൻ കഴിയില്ലെന്ന വിഷമമാണ് തൃശൂരിന്. പൂരത്തോളം പ്രധാനമാണ് തൃശൂരിന് നാലാമോണ നാളിൽ സ്വരാജ് റൗണ്ടിൽ കുടവയറും അരമണിയും കുലുക്കിയെത്തുന്ന പുലിക്കൂട്ടങ്ങളും കണ്ണഞ്ചിക്കുന്ന വിസ്മയ കലാരൂപങ്ങളുമൊക്കെ. പൂരത്തിനെത്തുന്ന ആസ്വാദകരോളം തന്നെയാണ് വിദേശത്തുനിന്നുപോലും പുലിക്കളിയാഘോഷം കാണാൻ ആളുകളെത്താറുള്ളത്.
കോവിഡ് രോഗികളുടെ എണ്ണം കുറയാത്തതാണ് ആശങ്കയുണ്ടാക്കുന്നത്. നിലവിൽ ആഘോഷങ്ങൾക്കായി നിയന്ത്രണം നീക്കാനുള്ള സാഹചര്യമില്ല. അത്തം നാളിൽ തെക്കേഗോപുര നടയിൽ തേക്കിൻകാടിലെ സൗഹൃദ കൂട്ടായ്മയൊരുക്കുന്ന ഭീമൻ പൂക്കളം മുതൽ ഓണാഘോഷത്തിന് തുടക്കം കുറിച്ച് നാലാമോണ നാളിൽ പുലിക്കളിയോടെയാണ് തൃശൂരിെൻറ ഓണാഘോഷം അവസാനിക്കുക. ഓണം പടിവാതിൽക്കലെത്തി നിൽക്കെ ഇതുവരെയും മുന്നൊരുക്കം നടത്തിയിട്ടില്ല. ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിലാണ് ഓണാഘോഷം. കോർപറേഷൻ ചുമതലയിലാണ് പുലിക്കളി നടത്തുക.
പുലിക്കളി സംഘങ്ങൾക്ക് ഇതിനായി കോർപറേഷൻ ഗ്രാൻറും അനുവദിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ആഘോഷങ്ങൾ ഇല്ലാതായതോടെ ചർച്ച നടന്നില്ല. ഇത്തവണയും യോഗം വിളിച്ചുചേർത്തിട്ടില്ല. കഴിഞ്ഞ തവണ ഒരു പുലിയെത്തി നടുവിലാലിൽ തേങ്ങയുടച്ച് പ്രതീകാത്മകമായി പുലിക്കളി അവതരിപ്പിച്ചു.
അയ്യന്തോൾ ദേശം വെർച്വലായും പുലിക്കളി സംഘടിപ്പിച്ചിരുന്നു. ഇത് വിപുലമാക്കി പൂരം സംഘടിപ്പിച്ചത് പോലെ ചടങ്ങ് മാത്രമായി, പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത വിധത്തിൽ പുലിക്കളി സംഘടിപ്പിക്കാനും ഓൺലൈനിലൂടെ പ്രദർശിപ്പിക്കാനും സൗകര്യമൊരുക്കിയാൽ പുലിക്കളി ഉപേക്ഷിക്കേണ്ടതില്ലെന്നാണ് സംഘാടകരുടെ അഭിപ്രായം. അടുത്ത ദിവസം ഇതുസംബന്ധിച്ച് കോർപറേഷനെ സമീപിക്കാനിരിക്കുകയാണ് പുലിക്കളി സംഘങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.