മുക്കുപണ്ടം പണയംവെച്ച് മൂന്നുലക്ഷം രൂപ തട്ടിയ സ്ത്രീ അറസ്റ്റിൽ
text_fieldsതൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണാഭരണങ്ങൾ പണയംവെച്ച് മൂന്ന് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം പള്ളിക്കുന്ന് തെക്കേതിൽ ആനി രാജേന്ദ്രനെയാണ് (51) തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
2021 ഏപ്രിലിൽ തൃശൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് കേസിനാസ്പദമായ സംഭവം. രണ്ട് തവണകളിലായി മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തതായാണ് പരാതി. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോവുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊരട്ടിയിൽനിന്നാണ് ഇവരെ പിടികൂടിയത്.
ആനിക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനിലുകളിലും സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്. ഇവരെ അറസ്റ്റുചെയ്തതറിഞ്ഞ് നിരവധി സ്വർണപണയ ധനകാര്യ സ്ഥാപനങ്ങൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. ഉമേഷ്, അസി. സബ് ഇൻസ്പെക്ടർ ജിനികുമാർ, സിവിൽ പൊലീസ് ഓഫിസർ ഹണി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.