ഇനി നാടിന്‍റെ കാവൽക്കാർ, അവർ നടന്നുകയറി
text_fieldsതൃശൂർ: ഒരേ താളം, ഒരേ ആവശം... മഴ മാറി നിന്ന മൈതാനത്ത് പിഴക്കാത്ത ചുവടുകളാൽ ഹൃദയങ്ങൾ കോർത്ത ഒരുമയിൽ അവർ നടന്നുകയറി. ഇനി നാടിന്‍റെ കാവൽക്കാർ. വനിത പൊലീസ് ബറ്റാലിയന്‍റെ മൂന്നാമത് ബാച്ചിലെ 446 സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി അവരെ സേനയിലേക്ക് വരവേറ്റു.
വിദേശ പൊലീസിനെ വെല്ലുംവിധം ഏറെ ചന്തമുള്ള യൂനിഫോമണിഞ്ഞ് അവരെത്തി. കാക്കി മുറിക്കൈ ഷർട്ടിൽ ഇരുകൈയിലും നീല ബോർഡർ, വെള്ളനിറത്തില്‍ ഡബ്ല്യു.പി.ബി എന്നെഴുതിയ നീല ഫ്ലാപ്, ഒപ്പം മെറൂൺ നിറത്തിലെ ബോർഡർ, ഇടത് കുപ്പായക്കൈയിൽ മെറൂൺ ബോർഡറോടെ പൊലീസ് മുദ്ര പതിപ്പിച്ച നീല ബാഡ്ജ്, ബാഡ്ജിന് മുകളില്‍ കമാനാകൃതിയിൽ കേരള പൊലീസ് മുദ്രണം, കാൽമുട്ടിനടുത്ത് രണ്ട് പോക്കറ്റുള്ള കാർഗോ ടൈപ് കാക്കി പാന്റ്സ്, വെള്ളിനിറത്തിലെ ബക്കിളോടുകൂടിയ നീല നൈലോൺ ബെൽറ്റ്, കറുത്ത ഷൂ, കാക്കി സോക്സ്, ശുഭ്രനിറത്തിലെ കൈയുറ എന്നിവ ധരിച്ച് തലയെടുപ്പോടെ തോക്കേന്തി പരേഡിനായി എല്ലാവരും മൈതാനത്തെത്തി.
നാലുകമ്പനിയിലെ 16 പ്ലാറ്റൂണിലായി സേനാംഗങ്ങൾ തയാറായി. പരേഡ് സെക്കൻഡ് ഇൻ കമാൻഡർ പി.പി. ജസ്ന ടീമിനെ അണിനിരത്തി. അലങ്കരിച്ച കോട്ടയിൽനിന്ന് പുഴയൊഴുകുംപോലെ ടീം അംഗങ്ങൾ ആത്മവിശ്വാസത്തോടെ മൈതാനത്തിനകത്തേക്ക് മാർച്ച് ചെയ്ത് കടന്നുവന്നപ്പോൾ ഗാലറിയിൽനിന്ന് കൈയടി ഉയർന്നു. അടുത്ത ഊഴം പരേഡ് കമാൻഡർ ടീമിന്റെ ചാർജ് ഏറ്റെടുക്കലാണ്. പി.ജെ. ദിവ്യ ആദ്യ കമാൻഡ് നൽകി പരേഡ് ഏറ്റെടുത്തു. തുടർന്ന് വിശിഷ്ടാതിഥികൾക്ക് സല്യൂട്ട് നൽകി സ്വീകരിച്ചു. കൃത്യം എട്ടിനുതന്നെ മുഖ്യമന്ത്രി വേദിയിലെത്തി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് ഒരുമണിക്കൂർ ഒരുമയോടെ പരേഡ് ചെയ്ത് ദൃശ്യവിസ്മയമൊരുക്കി സേനാംഗങ്ങൾ.
ദേശീയപതാകക്ക് ആദരം നൽകി, എല്ലാവരും പ്രതിജ്ഞ ചൊല്ലി സെറിമോണിയൽ ക്വിക്ക് മാർച്ചിനും തുടർന്ന് റിവ്യൂഓർഡർ മാർച്ചിനും മൈതാനം വേദിയായി. തിങ്ങിനിറഞ്ഞ ഗാലറിയിൽ ഈ സമയം മുഴുവൻ ആരവമുയർന്നു. പരേഡ് രീതിയിൽ കേന്ദ്രരീതി കൊണ്ടുവരാൻ ശ്രമിച്ചത് ഏറ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ പരേഡ് ഏകീകരിച്ചതിനുശേഷം നടന്ന ആദ്യ പരേഡ്കൂടിയായിരുന്നു ഞായറാഴ്ച. സേനാംഗങ്ങളുടെ മക്കളും കുടുംബവും അതിരാവിലെ മുതൽ പരേഡ് ഗ്രൗണ്ടിൽ നിറഞ്ഞിരുന്നു. സെൽഫിയെടുക്കാനും ഗ്രൂപ് ഫോട്ടോയെടുക്കാനും പിന്നീട് തിരക്കായി.
ശാരീരികക്ഷമതയും മനക്കരുത്തും വർധിപ്പിക്കുന്ന ഔട്ട്ഡോർ, ഇൻഡോർ പാഠങ്ങളുടെ അനുഭവത്തിലാണ് സംഘം സേനയുടെ ഭാഗമാകുന്നത്. ഔട്ട്ഡോർ വിഭാഗത്തിൽ പരേഡ്, ശാരീരികക്ഷമത പരിശീലനം, ആംസ് ഡ്രിൽ, ആയുധ പരിശീലനം, ഫയറിങ് പ്രാക്ടീസ്, യോഗ, കരാട്ടേ, ലാത്തിപ്രയോഗം, സെൽഫ് ഡിഫൻസ്, ഫീൽഡ് എൻജിനീയറിങ്, കമാൻഡോ ട്രെയിനിങ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ, വി.വി.ഐ.പി സെക്യൂരിറ്റി, ജംഗിൾ ട്രെയിനിങ്, ഫയർ ഫൈറ്റിങ്, ഹൈ ആൾട്ടിട്യൂഡ് ട്രെയിനിങ്, ഭീകരവിരുദ്ധ പരിശീലനം, ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലെ പരിശീലനം എന്നിവ ലഭിച്ചു. ഇൻഡോർ വിഭാഗത്തിൽ ഭരണഘടന, ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം, അബ്കാരി ആക്ട്, എൻ.ഡി.പി.എസ് ആക്ട്, വിവരാവകാശ നിയമം, ലിംഗ സമത്വം, മനുഷ്യാവകാശ സംരക്ഷണം, ഭരണനിർവഹണം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, സൈബർ നിയമം, ഫോറൻസിക് സയൻസ്, ക്രിമിനോളജി തുടങ്ങിയവയിൽ പരിശീലനം ലഭിച്ചു.
ഇതോടൊപ്പം നീന്തൽ, ഡ്രൈവിങ്, കമ്പ്യൂട്ടർ പരിശീലനങ്ങളും ഉൾപ്പെടുന്നു. കൊച്ചി നേവൽ ബേസിലും കോസ്റ്റ് ഗാർഡ് ആസ്ഥാനത്തുമായി കോസ്റ്റൽ സെക്യൂരിറ്റി പ്രായോഗിക പരിശീലനം, തൃശൂർ മെഡിക്കൽ കോളജിൽ ഫോറൻസിക് മെഡിസിൻ പരിശീലനം എന്നിവയും നേടി. ശാസ്ത്രീയ കുറ്റാന്വേഷണ രീതികൾ പ്രത്യേക മൊഡ്യൂൾ പ്രകാരം പരിശീലിപ്പിച്ച് വൈദഗ്ധ്യവും നേടി. പരിശീലനത്തിന്റെ പ്രാരംഭഘട്ടത്തിൽതന്നെ പൊലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടി ചെയ്യാനും ലോക്കൽ പൊലീസിന്‍റെ പ്രവർത്തനത്തിലും ദൈനംദിന ഡ്യൂട്ടികളിലും നേരിട്ട് ഇടപെട്ടുള്ള അനുഭവവും ഇവർക്ക് ലഭിച്ചു.
പ്രഫഷനലുകളുടെ പെൺകരുത്ത്; 120 പേര്‍ക്ക് പി.ജി, 184 പേര്‍ക്ക് ബിരുദം
പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായവർ വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിലും പ്രഫഷനല്‍ മികവിലും ഏറെ മുന്നില്‍. പുറത്തിറങ്ങിയ 446 പേരില്‍ 120 പേര്‍ വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും 184 പേര്‍ ബിരുദവും ഉള്ളവരാണ്.
എം.സി.എ (രണ്ട്), എം.ബി.എ (ആറ്), എം.ടെക് (ആറ്), ബി.ടെക് (57), ബി.എഡ് (47) എന്നിങ്ങനെ പ്രഫഷനല്‍ ബിരുദധാരികളും കൂട്ടത്തിലുണ്ട്. 19 പേര്‍ വിവിധ സര്‍ക്കാര്‍ സര്‍വിസുകളില്‍നിന്ന് രാജിവെച്ച് സേനയിലെത്തിയവരാണ്. 30 വയസ്സിനു താഴെയുള്ളവരാണ് കൂടുതല്‍ പേരും. 25 വയസ്സിനു താഴെയുള്ളവര്‍ 23 പേരുണ്ട്. 277 പേര്‍ വിവാഹിതരാണ്.
ബെസ്റ്റ് ഓള്‍റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട എസ്. ഐശ്വര്യ കമ്പ്യൂട്ടര്‍ സയന്‍സ്-എം.ടെക് സിസ്റ്റം എൻജിനീയറിങ്ങില്‍ ഒന്നാം റാങ്കുകാരിയാണ്. എം.ജി യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം.എ ഫിലോസഫിയില്‍ രണ്ടാം റാങ്ക് നേടിയ വല്ലാര്‍പാടം കടുമുണ്ടി പറമ്പില്‍ വീട്ടില്‍ കെ.സി. ആതിര, എം.കോം ഫിനാന്‍സില്‍ എം.ജി യൂനിവേഴ്‌സിറ്റിയില്‍നിന്ന് നാലാം റാങ്ക് നേടിയ എറണാകുളം കുമ്പളങ്ങി കടവിപറമ്പില്‍ വീട്ടില്‍ കെ.എസ്. നീനു സ്റ്റെന്‍ സ്ലാവൂസ്, എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് നാലാം റാങ്ക് നേടിയ സുല്‍ത്താന്‍ ബത്തേരി പാറച്ചാലില്‍ വീട്ടില്‍ കൃഷ്ണ സഹദേവന്‍ തുടങ്ങിയവരും പൊലീസ് സേനയുടെ ഭാഗമായി.
കോഴിക്കോട് ഡൊമസ്റ്റിക് കോൺഫ്ലിക്ട് റെസലൂഷന്‍ സെന്റര്‍ കോഓഡിനേറ്ററായി പ്രവര്‍ത്തിച്ച എം.സി.എ ബിരുദധാരി പേരാമ്പ്ര സ്വദേശി നൗഷിജ, വനിത വോളിബാള്‍ ദേശീയ ചാമ്പ്യനും കേരള ടീം അംഗവുമായിരുന്ന വയനാട് നായ്‌ക്കട്ടി സ്വദേശി സ്വദേശി വി.എ. അശ്വതി, ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജംപില്‍ രണ്ടാം സ്ഥാനം നേടിയ താമരശ്ശേരി സ്വദേശി വി.സി. സ്വാതി, ഹോക്കി താരം പാലക്കാട് മണ്ണംപാടം സ്വദേശി എസ്. നീതു, രണ്ടുതവണ ഇന്റര്‍കൊളീജിയറ്റ് ക്വിസ് ചാമ്പ്യനായ കെ. ശബ്‌ന, പ്രസംഗ രംഗത്ത് കഴിവ് തെളിയിച്ച ആലപ്പുഴ കലവൂര്‍ സ്വദേശി എസ്.പി. ആരതി, കഥകളി-കൂടിയാട്ടം കലാകാരി കൊയിലാണ്ടി സ്വദേശി കെ. നീതി, ഇക്കണോമിക്‌സില്‍ എം.ഫില്‍ നേടിയ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി സിമി മോഹന്‍ദാസ് തുടങ്ങിയവര്‍ സേനയിലെ മിന്നും താരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.