വനിത കമീഷൻ സിറ്റിങ് വേദിയിലേക്ക് മുളകുപൊടി എറിഞ്ഞു
text_fieldsതൃശൂർ: ടൗൺഹാളിൽ നടന്ന വനിത കമീഷൻ സിറ്റിങ് വേദിയിലേക്ക് പരാതിക്കാരി മുളകുപൊടിയെറിഞ്ഞു. രാവിലെ 10.30ഓടെ സിറ്റിങ് ആരംഭിക്കാനിരിക്കെയാണ് സംഭവം. മുളങ്കുന്നത്തുകാവ് ചൈന ബസാർ സ്വദേശിനി സൗദാമിനിയാണ് മുളകുപൊടി എറിഞ്ഞത്. കമീഷൻ അസിസ്റ്റന്റ് ലേഖ, ജീവനക്കാരായ ശ്രീജിത്ത്, അംഗങ്ങളായ സുനിത, രജിത എന്നിവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന പിങ്ക് പൊലീസ് സൗദാമിനിയെ കസ്റ്റഡിയിലെടുത്തു.
അർബുദ ബാധിതനായി മരിച്ച തന്റെ ഭർത്താവിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ഡോക്ടർമാർക്കെതിരെ വയോധികയായ സൗദാമിനി പരാതി നൽകിയിരുന്നു. കേസ് രണ്ടുതവണ പരിഗണിച്ച കമീഷൻ വീണ്ടും പരിഗണിക്കുന്നതിനായി നേരത്തേ മാറ്റിവെച്ചിരുന്നു. എന്നാൽ, തന്റെ പരാതിയിൽ ഉടൻ നടപടിയാവശ്യപ്പെട്ടാണ് സിറ്റിങ് നടക്കുന്ന വേദിയിലേക്ക് കയറി മുളകുപൊടി വിതറിയത്. കഴിഞ്ഞ ദിവസം വനിത കമീഷൻ അസിസ്റ്റന്റ് ലേഖയെ മൈബൈൽ ഫോണിൽ വിളിച്ച് ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. സൗദാമിനിയെ പിന്നീട് പൊലീസും കമീഷൻ അംഗങ്ങളും സംസാരിച്ച് വിട്ടയച്ചു.
20 കേസുകൾ തീർപ്പാക്കി
തൃശൂർ: അദാലത്തിൽ 78 കേസുകൾ പരിഗണിച്ചതിൽ 20 എണ്ണം തീർപ്പാക്കി. നാല് കേസുകൾ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പൊലീസിന് കൈമാറി.
ബാക്കിയുള്ള കേസുകൾ അടുത്ത സിറ്റിങ്ങിൽ വീണ്ടും പരിഗണിക്കും. കുടുംബ പ്രശ്നങ്ങളാണ് പ്രധാനമായും അദാലത്തിലെത്തിയത്.
വനിത കമീഷന് മെംബര്‍ അഡ്വ. ഷിജി ശിവജി, സിറ്റിങ് അഡ്വക്കറ്റുമാരായ സജിത അനിൽ, രജിത, സുനിത, ബിന്ദു രഘുനാഥ്, കൗൺസലർ മാല രമണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.