സ്ത്രീകളുടെ പൊതുശൗചാലയത്തിന് കതകില്ല, വെള്ളവുമില്ല !
text_fieldsതൃശൂർ: ''മൂത്രമൊഴിക്കാൻ പോകണമെങ്കിൽ ശൗചാലയത്തിന് പുറത്ത് കാവൽ നിൽക്കാൻ സഹപ്രവർത്തകയെ കൂടെ കൊണ്ടുപോകേണ്ട ഗതികേടിലാണ് ഞങ്ങൾ. കാരണം ശൗചാലയത്തിന് വാതിലില്ല !'' -പറയുന്നത് തൃശൂർ കോർപറേഷൻ കാര്യാലയത്തിന് മുന്നിലെ ജയ്ഹിന്ദ് മാർക്കറ്റ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഔഷധ വിൽപന സ്ഥാപനത്തിലെ ജീവനക്കാരിയാണ്. കോർപറേഷൻ പരിധിയിലെ പൊതുഇടങ്ങളിലെ ശൗചാലയങ്ങളുടെ സ്ഥിതി പഠിക്കാൻ ചെന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരോടാണ് പൊതുശൗചാലയങ്ങൾ ഉപയോഗിക്കുന്നവർ, പ്രത്യേകിച്ച് സ്ത്രീകൾ തങ്ങളുടെ ദുരവസ്ഥ വെളിപ്പെടുത്തിയത്.
പലപ്പോഴും വെള്ളം ഉണ്ടാകില്ല. സാനിറ്ററി പാഡ് ഉപേക്ഷിക്കാൻ സൗകര്യമില്ല. വസ്ത്രങ്ങളോ ഹാൻഡ്ബാഗോ തൂക്കിയിടുന്നതിന് ഹുക്കുകളോ റാഡുകളോ ഇല്ല. കെട്ടിടസമുച്ചയത്തിലെ കടകളിൽ ജോലി ചെയ്യുന്നവർക്കും പാരാമെഡിക്കൽ സ്ഥാപനത്തിലെ വിദ്യാർഥിനികൾക്കും കടകളിലേക്ക് വരുന്ന പൊതുജനങ്ങൾക്കും എണ്ണത്തിന് ആനുപാതികമായ ശൗചാലയ സൗകര്യങ്ങൾ ഇല്ല. ഉള്ളതിൽതന്നെ, അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാെണന്നും എല്ലാവരും ഒരേ സ്വരത്തിൽ പരിഷത്ത് പഠനസംഘത്തോട് പറഞ്ഞു. സ്ത്രീകൾക്ക് ആകെ രണ്ട് ശൗചാലയം മാത്രമാണുള്ളത്. പുരുഷന്മാർക്കുള്ള ശൗചാലയങ്ങൾ നിന്ന് മൂത്രമൊഴിക്കാൻ പറ്റാത്തവിധം ഇടുങ്ങിയതാണ്. സാനിറ്ററി പാഡുകൾ പൊതിഞ്ഞ് വീട്ടിൽ കൊണ്ടുപോയി നശിപ്പിക്കുകയാണ് പതിവെന്ന് പാരാമെഡിക്കൽ സ്ഥാപനത്തിലെ അധ്യാപിക പറഞ്ഞു.
മാർക്കറ്റിനുള്ളിലെ പൊതുശൗചാലയം താരതമ്യേന വൃത്തിയുള്ളതാണ്. പക്ഷേ ശൗചാലയ സമുച്ചയത്തിനുള്ളിലേക്കുള്ള പ്രവേശനം പൊതുവായ വാതിലിലൂടെയാണ്. സ്ത്രീകൾക്ക് വേണ്ടി രണ്ട് ടോയ്ലറ്റുകൾ മാറ്റിവെച്ചിട്ടുണ്ടെന്നതല്ലാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക കെട്ടിടമല്ല. വൈകീട്ട് നാലിനുശേഷം ഇവിടെ മദ്യപരുടെ താവളമാണെന്നും സ്ത്രീജീവനക്കാർ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ടി. സത്യനാരായണൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എം.ജി. ജയശ്രീ, സി. വിമല, എ. ദിവാകരൻ, തൃശൂർ മേഖല പ്രസിഡന്റ് ശശികുമാർ പള്ളിയിൽ, സെക്രട്ടറി എം.ആർ. സന്തോഷ് കുമാർ, കോലഴി മേഖല പ്രസിഡന്റ് എം.എൻ. ലീലാമ്മ, കെ.വി. ആന്റണി, സാലി അനിയൻ, എ. പ്രേമകുമാരി, കെ.ആർ. ദിവ്യ, യുവസമിതി പ്രവർത്തകരായ വി.ഡി. സിദ്ധാന്ത്, അമൃത് അനിൽകുമാർ, എ.ജി. എബിൻ എന്നിവർ പഠന സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.