വാഴച്ചാലിലെ മരംമുറി; പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ
text_fieldsഅതിരപ്പിള്ളി: കഴിഞ്ഞ രണ്ടു വർഷത്തോളമായി വാഴച്ചാൽ വനം ഡിവിഷനിൽ നടക്കുന്ന മരംമുറിക്കെതിരെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ. തേക്ക് പ്ലാന്റേഷന്റെ ഭാഗമായി നടക്കുന്ന ഈ മരംമുറി പാണ്ടൻ വേഴാമ്പലുകളടക്കം ഒട്ടേറെ ജീവികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതായി പരിസ്ഥിതിവാദികൾ പറയുന്നു.
ചെറിയ തേനീച്ചകൾ മുതൽ പാണ്ടൻ വേഴാമ്പലും സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലും വരെ ഉൾപ്പെടുന്ന 500ല് പരം ജീവിവർഗങ്ങളുടെ വംശനാശത്തിലേക്ക് വഴിവയ്ക്കുന്ന പ്രവൃത്തികളാണ് രണ്ടുവർഷത്തോളമായി വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷന്റെ വിവിധ റേഞ്ചുകളിൽ തേക്ക് മുറിച്ചു മാറ്റുന്നതിന്റെ മറവിൽ നടക്കുന്നതെന്ന് ഇവർ പറയുന്നു. വാഴച്ചാൽ ഡിവിഷനിലെ 363 ഹെക്ടർ വനഭൂമിയിലെ തേക്ക് പ്ലാന്റേഷനിലുള്ള പൊത്തുകളും പോതുകളും വളർച്ചക്കുറവുമുള്ള തേക്ക് മരങ്ങൾ എടമുറി എന്ന പേരിൽ മുറിച്ചുമാറ്റിയിരിക്കുകയാണ്.
ഇങ്ങനെ മുറിച്ചു മാറ്റുന്ന സമയത്ത് തേക്ക് മറ്റു മരങ്ങളുടെ മുകളിലേക്ക് വീഴുന്നതോടെ സ്വാഭാവികമായും മുളച്ചു വന്ന മരങ്ങളും നശിക്കും.
ക്ലിയർ ഫില്ലിങ് നടന്നിട്ടുള്ള അതിരപ്പിള്ളി റേഞ്ചിലെ 26 ഹെക്ടർ ഭൂമിയിൽ സ്വഭാവികമായി മുളച്ചുവന്ന 60 വർഷത്തിലേറെ പഴക്കമുള്ളവ അടക്കം 500ൽ പരം വൻ വൃക്ഷങ്ങളാണ് ഇത്തരത്തിൽ മുറിച്ചുമാറ്റപ്പെട്ടത്.
അടച്ചുമുറി നടന്ന വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ അതിരപ്പിള്ളി റേഞ്ചിനോട് ചേർന്ന് പ്രദേശത്ത് നൂറിലേറെ പാണ്ടൻ വേഴാമ്പലുകളുടെ കൂട്ടം അപ്രത്യക്ഷമായതായി പറയപ്പെടുന്നു. വിഷയത്തിൽ വനഗവേഷണ കേന്ദ്രം ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ തിരുത്തലുകൾ നടത്തണം എന്നതാണ് പരിസ്ഥിതി പ്രവർത്തകർ ഉന്നയിക്കുന്ന ആവശ്യം. പറമ്പിക്കുളം വന്യജീവി സങ്കേതത്തിലും അതിന്റെ സമീപപ്രദേശത്തുള്ള ടെറിട്ടോറിയൽ ഫോറസ്റ്റ് റേഞ്ചുകളിലും മരംമുറി, കാറ്റത്ത് വീണ മരങ്ങൾ ശേഖരിക്കൽ ഇതെല്ലാം നിരോധിച്ചതാണ്.
ആനപ്പാന്തം, ഷോളയാർ, കാരാന്തോട് എന്നീ ഭാഗങ്ങളിൽ ധാരാളം മലമുഴക്കി വേഴാമ്പലുകൾ കൂടുകൂട്ടുന്ന പ്രദേശമാണ്. പൊത്ത്, പോട് എന്നിവയുള്ള മരങ്ങൾ മുറിച്ചു നീക്കുമ്പോൾ കോഴിവേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ തുടങ്ങിയ വേഴാമ്പലുകൾ സ്ഥിരമായി കൂട് വയ്ക്കുന്ന മരങ്ങളാണ് ഇല്ലാതായത്.
മുറിച്ചുമാറ്റുന്ന മരങ്ങൾ വിറക് എന്ന ഇനത്തിലാണ് വിൽക്കപ്പെടുന്നത് എന്നുള്ളതാണ് ഏറ്റവും ദയനീയമായ കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.