അക്ഷരം കാരുണ്യം
text_fieldsതൃശൂർ: വൃക്ക രോഗികളെ സഹായിക്കാനായി വായനവാരത്തിൽ ദേവമാത സ്കൂളിലെ അധ്യാപകൻ എ.ഡി. ഷാജു എഴുതിയ പുസ്തകങ്ങൾ വിൽക്കുന്നു. ഡയാലിസിസ് രോഗികൾക്കായാണ് ‘നന്മ’ പുസ്തകമേള എന്ന പേരിൽ വിൽപന നടത്തുന്നത്. 30 പാവപ്പെട്ട രോഗികൾക്ക് 15,000 രൂപയാണ് സഹായമായി ജില്ല ആശുപത്രിയിൽ കൊടുക്കാൻ ഉദ്ദേശിക്കുന്നത്. 2013ലാണ് ‘സ്വപ്നം’ എന്ന ആദ്യ പുസ്തകം എഴുതി കാരുണ്യപ്രവർത്തനം തുടങ്ങിയത്.
അന്ന് 30,000 രൂപ ജില്ല ആശുപത്രിയിൽ നൽകി. തുടർന്ന് ഓരോ വർഷവും പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിക്കും. വിൽപനയിലൂടെ ലഭിക്കുന്ന തുക കാരുണ്യപ്രവർത്തനത്തിന് ഉപയോഗിക്കുകയാണ് പതിവ്. പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം, അനാഥമന്ദിരത്തിൽ ഭക്ഷണവിതരണം, രോഗികൾക്ക് സഹായം എന്നിവയും ഓരോ വർഷവും ചെയ്യുന്നു.
19 പുസ്തകങ്ങളാണ് ഇതുവരെ എഴുതിയത്. തിങ്കളാഴ്ച ദേവമാത സ്കൂളിൽ പുസ്തകമേള ആരംഭിക്കും. ചേർപ്പ് ലൂർദ് മാത സ്കൂൾ, സെന്റ് തോമസ് സ്കൂൾ, വലപ്പാട് സ്കൂൾ, കുന്നംകുളം കോളജ്, മണ്ണുത്തി സ്കൂൾ കൂടാതെ നഗരത്തിലെ സ്കൂളുകളിലും പുസ്തകങ്ങൾ വിൽക്കും. സഹായ വിതരണം 26ന് വൈകീട്ട് നാലിന് നടത്തും.
മക്കൾക്കൊപ്പം, ലഹരി വിരുദ്ധം, പുതിയ ആകാശം പുതിയ ഭൂമി, അധ്യാപനത്തിന്റെ രസതന്ത്രം, നസ്രത്തിലെ ജോസഫ്, മുന്തിരിവള്ളികൾ, സ്വപ്നം, മാധ്യമങ്ങൾ ഒരു മുന്നറിയിപ്പ്, തീർഥാടനം, സ്വയം അറിയാൻ ഒരു യാത്ര, മഞ്ഞുതുള്ളികൾ തുടങ്ങിയവയാണ് കൃതികൾ. അധ്യാപനരംഗത്ത് കാൽനൂറ്റാണ്ട് പിന്നിടുന്ന ഷാജു വായന പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കാരുണ്യപ്രവർത്തനംകൂടി വിദ്യാർഥികളിൽ ഉണ്ടാകണമെന്ന ലക്ഷ്യമാണ് പുസ്തകരചനയുടെ പ്രചോദനം. ഫോൺ: 9847724615.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.