ആദിവാസി ക്ഷേമത്തിന് യത്നിച്ച ഔസേഫ് ഓര്‍മയായി
text_fieldsകൊടകര: ആനപ്പാന്തത്തെ ആദിവാസി കുടുംബങ്ങളുടെ ക്ഷേമത്തിന് ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കോടാലി ആരോത വീട്ടില്‍ ഔസേഫ് (72) ഓര്‍മയായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രോഗബാധിതനായി കഴിയുകയായിരുന്നു ഇദ്ദേഹം. സംസ്കാരം തിങ്കളാഴ്ച നടക്കും.
ഉരുൾപൊട്ടലിനെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട് വനത്തില്‍ താല്‍ക്കാലിക കുടിലുകള്‍ കെട്ടി കഴിഞ്ഞ ആനപ്പാന്തത്തെ കാടർ വിഭാഗത്തിൽപെടുന്ന ആദിവാസികള്‍ക്ക് സ്വന്തം വീടും കൃഷി ഭൂമിയും ലഭ്യമാക്കിയതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചയാളാണ് നാട്ടുകാര്‍ ഔസേപ്പുണ്ണിയെന്ന് വിളിക്കുന്ന ആരോത ഔസേഫ്.
വെള്ളിക്കുളങ്ങരക്ക് കിഴക്ക് 17 കി.മീ. അകലെ ഉള്‍ക്കാട്ടില്‍ 1982ല്‍ സര്‍ക്കാര്‍ നിര്‍മിച്ച് നൽകിയ വീടുകളിലാണ് ആനപ്പാന്തം കോളനിയിലെ കുടുംബങ്ങള്‍ മുമ്പ് കഴിഞ്ഞിരുന്നത്. 2005 ജൂലൈയിലെ ഒരു അര്‍ധരാത്രിയുണ്ടായ ഉരുള്‍പൊട്ടല്‍ ഇവിടത്തെ ആദിവാസികളുടെ ജീവിതം മാറ്റിമറിച്ചു. രണ്ട് ജീവനുകൾക്ക് ഒപ്പം അഞ്ച് വീടുകളും നഷ്ടപ്പെട്ടു. വെള്ളിക്കുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇവരെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും പുനരധിവാസം നീണ്ടപ്പോള്‍ ഇവർ വനത്തിലേക്ക് തിരിച്ചുപോയി താല്‍ക്കാലിക കുടിലുകള്‍ കെട്ടി താമസമാക്കി. ചേറങ്കയം വനപ്രദേശത്ത് പലയിടങ്ങളിലായാണ് ഇവര്‍ താമസിച്ചിരുന്നത്. അടച്ചുറപ്പില്ലാത്ത കുടിലുകളില്‍ പട്ടിണിയും പരിവട്ടവുമായി ജീവിച്ചിരുന്ന ഇവരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഔസേപ്പുണ്ണി ആദിവാസി സംരക്ഷണ സമിതിയുടെ പേരില്‍ അഡ്വ.എ.എക്‌സ്. വര്‍ഗീസ് മുഖേന ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി അന്ന് ജില്ല ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാല്‍പാഷയോട് കോളനി സന്ദര്‍ശിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിർദേശിച്ചു. തുടര്‍ന്ന് 2009ല്‍ ജസ്റ്റിസ് കെമാല്‍പാഷ മൂന്നുതവണ ചേറങ്കയം വനത്തിലെത്തുകയും ആദിവാസികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് ഹൈകോടതിക്ക് സമര്‍പ്പിക്കുകയും ചെയ്തു. കെമാല്‍പാഷക്കുശേഷം ജില്ല ജഡ്ജിയായ ജസ്റ്റിസ് ഭദ്രനും കോളനി സന്ദര്‍ശിച്ചിരുന്നു. ജില്ല ജഡ്ജിമാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആനപ്പാന്തം കോളനിയിലെ കുടുംബങ്ങള്‍ക്ക് വീടും കൃഷിഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്‍കി പുനരധിവസിപ്പിക്കാന്‍ ഹൈകോടതി സര്‍ക്കാറിനോട് നിർദേശിച്ചു. അങ്ങനെയാണ് ശാസ്താംപൂവം വനപ്രദേശത്ത് ആദിവാസിക്കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ വഴിയൊരുങ്ങിയത്. 2010ല്‍ അരയേക്കര്‍ വീതം കൃഷിഭൂമിയും വാസയോഗ്യമായ വീടും നല്‍കി കാടര്‍ കുടുംബങ്ങളെ പുനരധിവസിപ്പിച്ചപ്പോള്‍ ഏറെ സന്തോഷിച്ചത് ആദിവാസികൾക്കൊപ്പം നീതിപീഠത്തിന്റെ സഹായം നേടിയ ഔസേപ്പുണ്ണിയായിരുന്നു.
ഇതിന് ഇദ്ദേഹം അനുഭവിച്ച ക്ലേശങ്ങള്‍ ആദിവാസികളല്ലാതെ പുറംലോകം വേണ്ടത്ര മനസ്സിലാക്കാതെ പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.