കോവിഡ് കാലത്ത് ശ്വാസം നിലച്ചുപോകുന്നവർക്ക് ആശ്വാസമാവുകയാണ് യൂസഫ്
text_fieldsപെരുമ്പിലാവ്: കഷ്ടപ്പെടുന്നവരെ സഹായിക്കാൻ കണ്ണും കാതും മനസ്സും തുറന്നുവെച്ച കുറെ മനുഷ്യരുണ്ട് നമ്മുടെ കൂട്ടത്തിൽ. അത്തരത്തിൽ ഒരാളാണ് പെരുമ്പിലാവ് പുത്തംകുളം തെരുവത്ത് വീട്ടിൽ മുഹമ്മദ് യൂസഫ്. ദാരിദ്ര്യവും കഷ്ടതയുമനുഭവിച്ച് വിഷമിക്കുന്നവർക്കു വേണ്ടി മറ്റുള്ളവരോട് പണം ചോദിച്ച്, അത് ശേഖരിച്ച് അവശരായവരുടെ ആവശ്യങ്ങൾ നിവർത്തിക്കുകയാണ് ഇദ്ദേഹം. ഈ ദുരന്തകാലത്ത് ശ്വാസം നിലച്ചുപോകുന്ന ആളുകൾക്ക് മുന്നിൽ സ്വയം ആശ്വാസമായി മാറുകയാണ്.
രോഗം മൂർച്ഛിച്ച് ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർക്കു വേണ്ടി ഒന്നാം തരംഗത്തിൽ തന്നെ അമ്പതിനായിരത്തോളം രൂപ വില വരുന്ന മൂന്ന് ഓക്സിജൻ കോൺസെൻട്രേറ്റർ മെഷീൻ പരിചയക്കാരിൽനിന്നു പണം ശേഖരിച്ച് വാങ്ങിയിരുന്നു. മാസങ്ങൾക്കു മുമ്പ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കിടക്കുന്ന രോഗിക്ക്, ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കേട്ടപ്പോൾ, ഉടൻ ഓക്സിജൻ കോൺസെൻട്രേറ്റർ മെഷീൻ ടീം വെൽഫെയർ പ്രവർത്തകരുടെ സഹായത്തോടെ അവിടെ എത്തിച്ചു. ഇതുപോലെ എണ്ണിപ്പറയാൻ കുറെയേറെയാണ്. ഇരുപത്തഞ്ചോളം പേരാണ് ഇദ്ദേഹത്തിെൻറ മെഷീെൻറ ജീവവായുയേറ്റ് ജീവിതത്തിലേക്ക് മടങ്ങിയത്.
ആധുനിക സംവിധാനങ്ങളുള്ള കട്ടിൽ, വാക്കർ, വാട്ടർ ബെഡ്, നെബുലൈസർ എന്നിവയും രോഗികൾക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്. കടവല്ലൂർ പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ടീം വെൽഫെയറിനെ ചലിപ്പിക്കുന്നതിൽ യൂസഫ് കാര്യമായ പങ്കാണ് വഹിക്കുന്നത്. ഇവർ മുഖേനയാണ് മെഡിക്കൽ ഉപകരണങ്ങളും സേവനങ്ങളും വീടുകളിൽ എത്തിക്കുന്നത്.
ദീർഘകാലത്തെ പ്രവാസത്തിന് ശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയ യൂസഫ് കോവിഡ് കാലത്ത് വീട്ടിലിരുന്ന് സമൂഹമാധ്യമം ഉപയോഗിച്ചാണ് കർമമണ്ഡലത്തിൽ സജീവമാകുന്നത്. ഈയിടെ അദ്ദേഹത്തെയും കോവിഡ് പിടികൂടിയിരുന്നു. ടീം വെൽഫെയർ ക്യാപ്റ്റൻമാരായ എം.എൻ. സലാഹുദ്ദീൻ, കെ.ബി. സുരേഷ്, മുജീബ് പട്ടേൽ, ഷെബീർ അഹ്സൻ എന്നിവരാണ് ഓക്സിജൻ മെഷീനുകളുമായി 24 മണിക്കൂറും സേവനത്തിനായി കർമരംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.