ഗതാഗത മന്ത്രിക്ക് ‘സ്വിഫ്റ്റ്’ സമ്മാനിക്കാൻ സൈനുൽ ആബിദ്
text_fieldsമതിലകം: ഗതാഗത മന്ത്രിക്ക് സമ്മാനിക്കാൻ ‘കെ.എസ്.ആർ ടി.സി.യുടെ സ്വിഫ്റ്റ് ബസ്’ നിർമിച്ച് കാത്തിരിക്കുകയാണ് മതിലകം സ്വദേശിയായ സൈനുൽ ആബിദ് എന്ന 17കാരൻ. കരവിരുതും ഭാവനയും സമന്വയിച്ചാണ് ഈ മിനിയേച്ചർ ബസിന്റെ നിർമിതി.
എമർജൻസി വാതിലും സീറ്റുകളും ലൈറ്റുകളും ബോർഡുമെല്ലാം പരമാവധി പൂർണതയോടെ കുഞ്ഞൻ ബസിലും കാണാം. മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായ സൈനുൽ ആബിദ് തിരുവനന്തപുരത്തുനിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സ്വിഫ്റ്റിനോടുള്ള കമ്പം മനസ്സിൽ കയറിയത്.
പിന്നെ ഒട്ടും താമസിച്ചില്ല. മനസിൽ ഒപ്പിയെടുത്ത ബസിന്റെ രൂപം ദിവസങ്ങൾക്കകം യാഥാർഥ്യമാക്കി. നിർമാണം പൂർത്തിയായപ്പോഴാണ് ഈ മിനിയേച്ചർ ബസ് ഗതാഗതമന്ത്രിക്ക് സമ്മാനിക്കണമെന്ന ആഗ്രഹം മനസ്സിലുദിച്ചത്. മന്ത്രി കൊടുങ്ങല്ലൂർ മേഖലയിൽ എത്തുമ്പോൾ കൈമാറുമെന്നാണ് ഈ വിദ്യാർഥി പറയുന്നത്.
മതിലകം വാട്ടർ ടാങ്കിന് കിഴക്ക് രായമരക്കാർ വീട്ടിൽ കബീറിന്റെയും ഷെമീനയുടെയും മകനായ സൈനുൽ ആബിദ് സ്വന്തമായി നിർമിച്ച ബസ് മിനിയേച്ചുകളിൽ16-ാമത്തെതാണ് സ്വിഫ്റ്റ്. കുഞ്ഞൻ വാഹനങ്ങൾ ഉണ്ടാക്കുന്നവരുടെ സംസ്ഥാഥാനതല ‘മിനിയേച്ചർ ക്രാഫ്റ്റേഴ്സ്’ വാട്സ് ആപ് ഗ്രൂപ്പിലും ടൂറിസ്റ്റ് ബസ് ഗ്രൂപ്പുകളിലും ഈ ബസ് നിർമാണ വിദഗ്ധൻ അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.