സുവോളജിക്കൽ പാർക്ക്; പുത്തൂർ കാഴ്ചകൾക്ക് ദൂരമേറെ
text_fieldsതൃശൂർ: വന്യമൃഗങ്ങളെ വിശാലമായ ആവാസവ്യവസ്ഥയിൽ കണ്ടാസ്വദിക്കാൻ ഇനിയും കാത്തിരിക്കണം. തൃശൂരിലെ മൃഗശാലക്കു പകരം വിശാലമായ സംവിധാനങ്ങളോടെ പുത്തൂരിൽ ആരംഭിക്കുന്ന സുവോളജിക്കൽ പാർക്കിന്റെ നിർമാണം പൂർത്തിയാക്കാൻ ഇനിയും മാസങ്ങൾ എടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ഈ വർഷം അവസാനത്തോടെ സന്ദർശകർക്ക് പ്രവേശനം സാധ്യമാകുന്ന രീതിയിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. സീബ്ര, ജിറാഫ്, അനകോണ്ട, എലാൻഡ് അടക്കം വിദേശത്തുനിന്നുള്ള മൃഗങ്ങളെ രണ്ടാം ഘട്ടത്തിൽ മാത്രം എത്തിച്ചാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.
2024 ആദ്യം ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയുന്ന രീതിയിൽ സുവോളജിക്കൽ പാർക്ക് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ ലക്ഷ്യത്തോടെയായിരുന്നു 2023 ഒക്ടോബറിൽ തൃശൂർ മൃഗശാലയിൽനിന്നുള്ള മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചതും. എന്നാൽ, നിർമാണം പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോയില്ല. ഇതിനു പുറമെ പുത്തൂരിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ മാറ്റിയ മൃഗങ്ങളിൽ ചിലത് ചത്തതും തിരിച്ചടിയായി. ഇതിനു പിന്നാലെ ഡയറക്ടറായിരുന്ന ആർ. കീർത്തിയെ സ്ഥലംമാറ്റുകയും ചെയ്തു. സുനിൽകുമാറാണ് പുതിയ ഡയറക്ടർ.
പാർക്കിന്റെ നിർമാണം പൂർത്തിയായി സന്ദർശകർക്ക് പ്രവേശനം അനുവദിച്ചുതുടങ്ങുന്നതോടെ പൂത്തൂർ, ജില്ലയിലെ ഏറ്റവും തിരക്കേറിയ ടൂറിസം കേന്ദ്രമാകുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഇവിടം ടൂറിസം വില്ലേജായി വികസിപ്പിക്കുമെന്നാണ് പ്രദേശത്തെ എം.എൽ.എകൂടിയായ റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കിയിട്ടുള്ളത്. പ്രശസ്ത ആസ്ട്രേലിയൻ മൃഗശാല ഡിസൈനർ ജോൻ കോ ആണ് പാർക്ക് രൂപകൽപന ചെയ്തിട്ടുള്ളത്. നിർവഹണ ഏജൻസി സെൻട്രൽ പി.ഡബ്ല്യു.ഡിയാണ്. തനത് ഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗിച്ചാണ് നിർമാണം. ആകെ ചെലവ് 300 കോടി രൂപയാണ്.
വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തുറസ്സായി പ്രദർശിപ്പിക്കാനുള്ള 23ഓളം ഇടങ്ങളാണ് പുത്തൂരിൽ സജ്ജമാക്കുന്നത്. ഇവയിൽ മൂന്നെണ്ണം വിവിധയിനം പക്ഷികൾക്കുള്ള വിശാലമായ പ്രത്യേക ആവാസകേന്ദ്രങ്ങളാണ്. ആഫ്രിക്കയിൽനിന്നുള്ള മൃഗങ്ങളെ പാർപ്പിക്കാൻ സുലു വില്ലേജ് മാതൃകയിലാണ് ആവാസവ്യവസ്ഥ ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.