നവകേരള സദസ്സിന് സുവോളജിക്കൽ പാർക്ക് വേദിയാവില്ല; അമിതാവേശത്തിന് തിരിച്ചടി
text_fieldsതൃശൂർ: സർക്കാരും ഇടതുപക്ഷവും തെരഞ്ഞെടുപ്പിന് മുമ്പുള്ള ‘രാഷ്ട്രീയ പ്രചാരണമായി’വിലയിരുത്തുന്ന നവകേരള സദസ്സിനായി കണ്ടെത്തിയ വേദി മാറ്റം സംഘാടകർ അറിഞ്ഞ് വാങ്ങിയ തിരിച്ചടി. ആസൂത്രണമില്ലായ്മയും അമിതാവേശവുമാണ് പ്രധാനമായും വീഴ്ചക്ക് കാരണം. ഇതോടൊപ്പം രാഷ്ട്രീയ വിജയത്തിനുള്ള അവസരമായി കണക്കാക്കിയ ഇടതുപക്ഷത്തിന്, കോൺഗ്രസിൽ നിന്നുള്ള അപ്രതീക്ഷിത തിരിച്ചടി കൂടിയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിനെ നവകേരള സദസ്സ് വേദിയാക്കുന്നത് തടഞ്ഞതിലൂടെ സംഭവിച്ചത്. കെ.പി.സി.സി സെക്രട്ടറി കൂടിയായ അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ ഹരജിയിലാണ് കോൺഗ്രസിന് രാഷ്ട്രീയ വിജയമുണ്ടായതെന്നതും ശ്രദ്ധേയം. രണ്ട് തവണയായി ഇടതുപക്ഷ കോട്ടയായി രാഷ്ട്രീയത്തിനതീതമായി കെ. രാജൻ അത്രമേൽ ഒല്ലൂരിൽ സ്വാധീനം നേടിയിരുന്നു. നിരവധി പദ്ധതികൾ ഇതിനകം മണ്ഡലത്തിൽ കെ. രാജന്റെ കയ്യൊപ്പ് പതിഞ്ഞു. ഇതിൽ സുപ്രധാനവും ചരിത്രവുമാകുന്നതാണ് പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർഥ്യമാകൽ.
പ്രതിപക്ഷ വിജയം
പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് ജീവൻ വെച്ചതും പദ്ധതി ഉദ്ഘാടനത്തിന് സജ്ജമാകാനുമിരിക്കെ രാഷ്ട്രീയ നേട്ടമുണ്ടാവുന്ന പദ്ധതി മന്ത്രിമാർക്കും, ഉദ്യോഗസ്ഥർക്കും മണ്ഡലത്തിലെ ജനങ്ങൾക്കും നേരിട്ട് കാണുകയെന്ന ലക്ഷ്യമായിരുന്നു നവകേരള സദസ്സ് വേദി ഇവിടെയാക്കുന്നതിന് പിന്നിൽ. മന്ത്രി കെ. രാജൻ തന്നെ കാര്യം അവതരിപ്പിച്ചതോടെ സി.പി.എമ്മും മുന്നിട്ടിറങ്ങി. എന്നാൽ പ്രതിപക്ഷത്തെ രാഷ്ട്രീയ പ്രചാരണങ്ങൾക്കൊണ്ട് നേരിടുകയെന്ന ലാഘവത്തിന് നിയമത്തെ മറി കടക്കാനാവില്ലെന്ന ആസൂത്രണമില്ലായ്മയാണ് വിനയായത്.
മൃഗശാലകളുടെ നിയന്ത്രണം കേന്ദ്ര സൂ അതോറിറ്റിക്കാണെന്നിരിക്കെ അനുമതി തേടി അപേക്ഷ പോലും നൽകിയിരുന്നില്ല. ആൾക്കൂട്ടം പങ്കെടുത്തുള്ള പൊതുപരിപാടി വനേതരവും വന നിയമങ്ങൾക്ക് വിരുദ്ധവും കേന്ദ്ര സൂ അതോറിറ്റിയുടെ അനുമതിയില്ലാതെയുമാണെന്നതും പക്ഷിമൃഗാദികളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണവുമാണ് കേസിൽ തിരിച്ചടിക്ക് നിർണായകമായത്. അനുമതികളൊന്നുമില്ലാതെ നവകേരള സദസ്സിനുള്ള ഒരുക്കങ്ങൾ ഏതാണ്ട് 90 ശതമാനത്തിലധികവും പൂർത്തിയാക്കിയിരുന്നു. ലക്ഷങ്ങൾ ചെലവിട്ട നിർമാണങ്ങളെല്ലാം ഇനി അഴിച്ചുമാറ്റണം.
ധൂർത്ത് ആരോപണം
ധൂർത്തെന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തിപകരുന്നത് കൂടിയാണ് ഇത്. അഞ്ചിന് വൈകീട്ട് മൂന്നിനാണ് ഒല്ലൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിന് പുത്തൂർ സുവോളജിക്കൽ പാർക്ക് വേദിയായി തീരുമാനിച്ചിരുന്നത്. സുവോളജിക്കൽ പാർക്കിന് പകരം കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലെ സ്റ്റേഡിയമാണ് വേദിയാവുക. മുൻകരുതലായി കാട് പിടിച്ച് കിടന്നിരുന്ന ഇവിടം കഴിഞ്ഞ ദിവസം വാഹനങ്ങൾക്ക് തടസ്സമായേക്കാവുന്ന മരച്ചില്ലകളടക്കം മുറിച്ച് നീക്കിയിരുന്നു. പന്തലൊരുക്കങ്ങളടക്കമുള്ളവയും തുടങ്ങിയിട്ടുണ്ട്. ഇവിടെയും ലക്ഷങ്ങളാണ് ചെലവിടേണ്ടത്.
അനാവശ്യമായി ഇരട്ടിച്ചെലവ് വരുത്തിവെച്ചുവെന്ന ആക്ഷേപവും ഇടതുപക്ഷത്തിന് നേരെ ഉയരും. പീച്ചി പട്ടിലുംകുഴിയിലെ കോടതിപാലം, പാലിയേക്കര ടോൾ പിരിവ്, ദേശീയപാത നിർമാണത്തിലെ അപാകത, കുതിരാൻ തുരങ്ക നിർമാണത്തിലെ ക്രമക്കേട്, നഗരത്തിലെ വെള്ളക്കെട്ട്, കോൾമേഖലയിലെ വെള്ള പ്രതിസന്ധിക്കിടയാക്കുന്ന എനാമാവ് കോൾബണ്ട് നവീകരണം, വിമാനത്താവളങ്ങളിലെ കാൻറീനിലെ ചായയുടെ അമിതവില തുടങ്ങിയവയിലെല്ലാം നിയമപോരാട്ടം നടത്തിയ ഷാജിയുടെ നിയമവഴിയിലെയും പൊതുജീവിതത്തിലെയും സുപ്രധാന ഏട് കൂടിയാണ് സുവോളജിക്കൽ പാർക്കിലെ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന എൽ.ഡി.എഫിന്റെ രാഷ്ട്രീയ ചുവട് വെയ്പിന് തിരിച്ചടി നൽകിയ ശ്രമം. ഫ്രണ്ട്സ് ഓഫ് സൂ സംഘടനയും സുവോളജിക്കൽ പാർക്കിലെ വേദിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.