Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 12:11 AMUpdated On
date_range 29 May 2022 12:11 AMകാട്ടുപന്നിയെ വെടിവെക്കാൻ അനുമതി; ലൈസന്‍സുള്ളവരിൽ യോഗ്യതയുള്ളത് ചുരുക്കം ആളുകൾക്ക് മാത്രം
text_fieldsbookmark_border
തിരുവനന്തപുരം: തോക്ക് ലൈസന്‍സുള്ളവർ സംസ്ഥാനത്താകെ 2000ത്തോളമുണ്ടെങ്കിലും കാട്ടുപന്നിയെ വെടിവക്കാന്‍ സന്നദ്ധതയും യോഗ്യതയുമുള്ളത് 600ഓളം പേര്‍ക്കുമാത്രമെന്ന് വനം വകുപ്പിന്‍റെ പ്രാഥമിക നിഗമനം. ഇതിൽതന്നെ കൃത്യമായി വെടിവെക്കാനറിയുന്നവർ ചുരുക്കമാണ്. മന്ത്രിസഭ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷര്‍ക്ക് കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ കഴിഞ്ഞദിവസം അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ് പ്രാഥമിക കണക്കെടുപ്പ് നടന്നത്. റാപിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ (ആർ.ആർ.ടി) സഹായവും ആവശ്യമെങ്കില്‍ ഉറപ്പാക്കും. സംസ്ഥാനത്താകെ രണ്ട് ജില്ലക്ക് ഒന്ന് എന്ന കണക്കില്‍ ഏഴ് ടീമാണ് ഇപ്പോള്‍ നിലവിലുള്ളത്. ലൈസന്‍സുള്ളവരുടെ പട്ടിക തദ്ദേശസ്ഥാപനതലത്തില്‍ എംപാനല്‍ ചെയ്യാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. തോക്ക് ലൈസന്‍സിനൊപ്പം, വെടിവെച്ചിടാന്‍ കൃത്യമായ പരിശീലനം കൂടി നേടിയവരുടെ പട്ടിക വനാതിര്‍ത്തിയിലുള്ള ഓരോ തദ്ദേശസ്ഥാപനവും തയാറാക്കാനാണ് വനം വകുപ്പു നിര്‍ദേശം. കൃത്യമായി തലയിൽ വെടിവെക്കണം. കാട്ടുപന്നിയുടെ കാര്യത്തിൽ അത് പ്രായോഗികമാകില്ല. സാധാരണ വെടിയേറ്റാൽ വന്യമൃഗങ്ങൾ പിൻതിരിഞ്ഞ് ഓടുകയാണ് പതിവ്. എന്നാൽ, കാട്ടുപന്നിയാകട്ടെ വെടിവെക്കുന്ന ആൾക്കുനേരെ കുതിക്കും. അങ്ങനെ പന്നിയുടെ കുത്തേറ്റ് ജീവഹാനി സംഭവിച്ചവരുമുണ്ട്. അതിനാൽ ലൈസൻസ് ഉള്ളവർക്ക് കൃത്യമായ പരിശീലനവും നൽകണം. റിസോഴ്‌സ് പേഴ്‌സൻ മാതൃകയിലാകും ഇവരുടെ സേവനം. തദ്ദേശ സ്ഥാപന ഫണ്ടില്‍നിന്നാണ് ഇവര്‍ക്കുള്ള പ്രതിഫലം നൽകുക. ആവശ്യമെങ്കില്‍ വനംവകുപ്പ് ഫണ്ടില്‍നിന്ന് ആവശ്യമായ തുക പഞ്ചായത്തുകള്‍ക്കു നല്‍കും. മൃഗവേട്ടയുമായി ബന്ധപ്പെട്ട് കേസുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. വെടിവെക്കാന്‍ പരിശീലനം സിദ്ധിച്ചവരുടെയും തോക്ക് ലൈസന്‍സുള്ളവരുടെയും അഭാവമുണ്ടെങ്കില്‍ രണ്ടോ മൂന്നോ പഞ്ചായത്തുകള്‍ ചേര്‍ന്നുള്ള പട്ടിക ഉണ്ടാക്കുന്ന കാര്യവും ആലോചനയിലാണ്. വനം വകുപ്പിന്‍റെ കൈവശമുള്ള പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അനുമതി നല്‍കാൻ അധികാരം. കേന്ദ്ര നിയമത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഉത്തരവിറക്കുക. പുതിയ നിര്‍ദേശത്തിനെതിരെ മേനകാ ഗാന്ധി എം.പി രംഗത്തിറങ്ങിയിട്ടുള്ള സാഹചര്യത്തില്‍ നിയമത്തിന്‍റെ പഴുതുകള്‍ പൂര്‍ണമായി അടച്ചാകും ഇതു നടപ്പാക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story