Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 12:11 AMUpdated On
date_range 29 May 2022 12:11 AMതൃക്കാക്കരക്ക് പോകുമെന്ന് ജോർജ്, പറ്റില്ലെന്ന് പൊലീസ്; അനിശ്ചിതത്വം
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറുപടി നൽകാനുള്ള മുൻ എം.എൽ.എ പി.സി. ജോർജിന്‍റെ നീക്കത്തിന് തടയിട്ട് പൊലീസ്. ഇന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ ബി.ജെ.പി സ്ഥാനാർഥിക്കായി പ്രചാരണത്തിന് ജോർജ് അവിടെ എത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസിന്‍റെ നീക്കം. വിദ്വേഷ പ്രസംഗക്കേസിൽ ഫോർട്ട് അസി. കമീഷണർ ഓഫിസിൽ ഞായറാഴ്ച ഹാജരാകാനാണ് ജോർജിന് പൊലീസ് നൽകിയിട്ടുള്ള നിർദേശം. ഇന്നലെ ഫോർട്ട് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ പി.സി. ജോർജിന്‍റെ വസതിയിൽ എത്തി ജോർജിന് നേരിട്ട് ഹാജരാകാനുള്ള നോട്ടീസ് നൽകുകയായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും ഞായറാഴ്ച സ്റ്റേഷനിൽ ഹാജരാകാനാകില്ലെന്നും പകരം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പൊലീസ് പറയുന്ന സമയത്ത് താൻ ഹാജരായിക്കൊള്ളാമെന്നും പി.സി. ജോർജ് എസ്.ഐയെയും സംഘത്തെയും അറിയിച്ചു. എന്നാൽ ഈ ആവശ്യം പൊലീസ് അംഗീകരിച്ചിട്ടില്ല. ഞായറാഴ്ച രാവിലെ 11ന് തന്നെ സ്റ്റേഷനിൽ എത്തണമെന്ന നിർദേശം നൽകിയാണ് എസ്.ഐയും സംഘവും ഈരാറ്റുപേട്ടയിൽ നിന്ന് മടങ്ങിയത്. ജോർജിന് ഹാജരാകാനുള്ള നോട്ടീസിന്‍റെ ഒരുപകർപ്പ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലേക്കും ഫോർട്ട് സ്റ്റേഷനിൽനിന്ന് ഇ-മെയിൽ മുഖാന്തരം കൈമാറിയിട്ടുണ്ട്. പി.സി. ജോർജ് ഞായറാഴ്ച പൊലീസിന് മുന്നിൽ എത്തുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് ഫോർട്ട് അസി.കമീഷണർ 'മാധ്യമ'ത്തോട് പറഞ്ഞു. പൊലീസ് ആവശ്യപ്പെടുന്ന സമയങ്ങളിൽ സ്റ്റേഷനിൽ ഹാജരാകാമെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നും ജോർജിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കിഴക്കേകോട്ട, വെണ്ണല കേസുകളിൽ ഹൈകോടതി ജാമ്യം നൽകിയത്. പൊലീസിന്‍റെ നോട്ടീസ് അവഗണിച്ച് ജോർജ് തൃക്കാക്കരയിലേക്ക് പോയാൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാനുള്ള നടപടി അന്വേഷണ ഉദ്യോഗസ്ഥന് സ്വീകരിക്കാം. ഇതോടൊപ്പം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹാജരാകാമെന്ന ജോർജിന്‍റെ ആവശ്യം പൊലീസ് അംഗീകരിക്കുകയാണെങ്കിൽ അദ്ദേഹത്തിന് നിയമക്കുരുക്കിൽ നിന്ന് താൽക്കാലികമായി രക്ഷപ്പെടുകയും ചെയ്യാം. ജോർജിനെതിരെ പൊലീസ് എന്തുനടപടി സ്വീകരിക്കുമെന്നത് ഞായറാഴ്ചക്ക് ശേഷമേ വ്യക്തമാകൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story