Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 12:13 AMUpdated On
date_range 31 May 2022 12:13 AMസ്കൂൾ തുറക്കൽ; ഒരുക്കം അന്തിമഘട്ടത്തിൽ
text_fieldsbookmark_border
നെടുമങ്ങാട്: സ്‌കൂളുകൾ തുറക്കാന്‍ ഒരുദിവസം മാത്രം അവശേഷിക്കേ ഒരുക്കം തകൃതി. പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളെ വരവേല്‍ക്കാന്‍ മലയോരമേഖലയിലെ പള്ളിക്കൂടങ്ങളിലെല്ലാം ഒരുക്കം അന്തിമഘട്ടത്തിലാണ്. താലൂക്കിലെ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ക്ലാസ് മുറികളും പരിസരവും ശുചിയാക്കുക, െബഞ്ച്, ഡെസ്‌ക്ക് എന്നിവ കഴുകി ഉണക്കുക, ശൗചാലയങ്ങള്‍ നവീകരിക്കുക, ക്ലാസ് മുറികള്‍ കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിക്കുക, പ്രവേശനോത്സവദിവസം കുട്ടികള്‍ക്ക് നല്‍കാനുള്ള അക്ഷരമാലാ കാര്‍ഡുകള്‍, അക്ഷരകിരീടങ്ങള്‍ എന്നിവ വെട്ടിയൊരുക്കുക തുടങ്ങിയ പ്രവൃത്തികളാണ് മൂന്നുനാലു ദിവസങ്ങളായി സ്‌കൂളുകളില്‍ നടക്കുന്നത്. പി.ടി.എ, തൊഴിലുറപ്പ് തൊഴിലാളികള്‍, യുവജന സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒട്ടുമിക്ക വിദ്യാലയങ്ങളും ഇതിനകം പെയിന്റടിച്ച് മനോഹരമാക്കിക്കഴിഞ്ഞു. പഞ്ചായത്തുകളില്‍ പ്രത്യേക യോഗങ്ങള്‍കൂടി ക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്. സ്‌കൂള്‍ പരിസരത്ത് അപകടാവസ്ഥയിലുള്ള മരങ്ങളില്ലെന്നും വെള്ളക്കെട്ടുകളില്ലെന്നും കിണറുകള്‍ അപകടരഹിതമാണെന്നും സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണമെന്നും കര്‍ശനനിർദേശമുണ്ട്. കോവിഡ് ഭീതിക്കുശേഷം രണ്ടുവര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നത്. ഒരുക്കങ്ങൾക്കിടയിൽ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള നെട്ടോട്ടത്തിലാണ് പല സ്കൂളുകളും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന കര്‍ശനനിര്‍ദേശം വിദ്യാഭ്യാസവകുപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, പരിശോധനക്കായി തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് ആളെത്തുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. 31 ആകുമ്പോഴേക്കും പരിശോധന പൂര്‍ത്തിയാക്കി എല്ലാ സ്‌കൂളുകള്‍ക്കും ഫിറ്റ്‌നസ് നല്‍കാനാവുമെന്ന പ്രതീക്ഷയിലാണ് തദ്ദേശസ്ഥാപന അധികാരികളും വിദ്യാഭ്യാസവകുപ്പും. സ്‌കൂള്‍ ബസുകളില്‍ സുരക്ഷാപരിശോധനകളും നെടുമങ്ങാട് നടക്കുന്നു. സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ബസുകളുടെ പരിശോധന പുരോഗമിക്കുകയാണ്. നിലവില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുള്ള വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. സാധുവായ വാഹനങ്ങളില്‍ ടെസ്റ്റഡ് ഓക്കേ സ്റ്റിക്കര്‍ പതിച്ചുനല്‍കും. ഡ്രൈവര്‍മാര്‍, അറ്റന്‍ഡര്‍മാര്‍ തുടങ്ങിയവര്‍ക്ക് റോഡുസുരക്ഷാ ബോധവത്കരണവും നടത്തി. കൂടാതെ ഡ്രൈവര്‍, ബസിലെ സഹായികള്‍ക്കും ഇത്തവണ യൂനിഫോം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ : 1. ആട്ടുകാല്‍ ഗവ.യു.പി.എസില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ 2 പനവൂര്‍ എല്‍.പി.എസില്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ബഞ്ചും ഡസ്‌ക്കും കഴുകി വൃത്തിയാക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story