Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:03 AM GMT Updated On
date_range 9 Nov 2021 12:03 AM GMTപ്രകൃതി ദുരന്തങ്ങൾക്ക് കാരണം ക്വാറികളോ? ^ പഠിക്കുമെന്ന് മന്ത്രി
text_fieldsbookmark_border
പ്രകൃതി ദുരന്തങ്ങൾക്ക് കാരണം ക്വാറികളോ? - പഠിക്കുമെന്ന് മന്ത്രി തിരുവനന്തപുരം: ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ ക്വാറികൾ കാരണമാണോ എന്ന് പരിശോധിക്കുന്നതിന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെക്കൊണ്ട് പഠനം നടത്താൻ ആവശ്യപ്പെടുമെന്ന് വ്യവസായമന്ത്രി പി. രാജീവ് നിയമസഭയിൽ അറിയിച്ചു. നിലവിൽ ക്വാറികൾ കാരണമാണോ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. കൂട്ടിക്കൽ ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളിൽ അനധികൃത ക്വാറികൾ കണ്ടെത്തുന്നതിനുള്ള പരിശോധന ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ദുരന്തം നടന്ന കൂട്ടിക്കലിൽ രണ്ടു ക്വാറികളാണ് പ്രവർത്തിച്ചിരുന്നത്. അതിൽ ഒന്നിൻെറ പ്രവർത്തനം പ്രളയത്തെ തുടർന്ന് 2019ൽ അവസാനിപ്പിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻെറ കരട് വിജ്ഞാപന പ്രകാരം പരിസ്ഥിതിലോല പ്രദേശങ്ങളായി നിർണയിച്ച സ്ഥലങ്ങളിൽ ഖനന പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികൾ അഞ്ചു വർഷത്തിനകം പ്രവർത്തനം അവസാനിപ്പിക്കും. 2010-11ൽ കേരളത്തിൽ 3104 ക്വാറികളാണ് പ്രവർത്തിച്ചത്. 2020-21ൽ 604 ക്വാറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾക്ക് കരിങ്കൽ ആവശ്യമാണ്. ശരാശരി മൂന്നു ഹെക്ടറായി ക്വാറിയുടെ വിസ്തൃതി കണക്കാക്കിയാൽ വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തീകരിക്കണമെങ്കിൽ പോലും 66 ക്വാറികൾ വേണ്ടിവരും. എന്നാൽ, പദ്ധതിക്കായി എട്ടു ലക്ഷം മെട്രിക്ടൺ കരിങ്കൽ മാത്രമാണ് സംസ്ഥാനത്ത് സംഭരിക്കുന്നത്. ബാക്കിയുള്ളവ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരികയാണ്. ദേശീയപാത വികസനത്തിനും നിർദിഷ്ട സിൽവർ ലൈൻ പദ്ധതിക്കും മറ്റ് വികസന പ്രവർത്തനങ്ങൾക്കും കരിങ്കൽ ആവശ്യമായി വരും. ഇവയൊക്കെ നടപ്പാക്കുമ്പോൾ പാരിസ്ഥിതികാഘാതമുണ്ടാകാൻ പാടില്ല. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുള്ള വികസനപ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story