മഹാമാരിയിലും ഉലയാതെ കനിവിന്‍റെ സൈറണുമായി 108
text_fieldsതിരുവനന്തപുരം: കോവിഡിെൻറ രണ്ടാം വരവിലും തളർച്ചയില്ലാതെ ഓടുകയാണ് 108 ആബുലൻസിലെ ജീവനക്കാർ. 2020 ജനുവരി 29 മുതലാണ് കനിവ് 108 ആംബുലൻസുകളുടെയും ജീവനക്കാരുടെയും സേവനം കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി ജില്ല ഭരണകൂടങ്ങൾ ഉപയോഗപ്പെടുത്തിത്തുടങ്ങിയത്.
464 ദിവസങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഇതുവരെ 2,34,366 കോവിഡ് അനുബന്ധ ട്രിപ്പുകളാണ് ഇവർ ഓടിയത്. 3,32,096 പേർക്ക് കോവിഡ് അനുബന്ധ സേവനം നൽകാൻ സാധിച്ചു. ഇതിനെല്ലാം പുറമെയാണ് കോവിഡ് ബാധിതരായ മൂന്നുപേരുടെ പ്രസവം 108 ആംബുലൻസുകൾക്കുള്ളിൽ ജീവനക്കാരുടെ പരിചരണത്തിൽ നടന്നത്.
കൺട്രോൾ റൂമിലെ എമർജൻസി റെസ്പോൺസ് ഓഫിസർമാർ, ആംബുലൻസുകളിലെ പൈലറ്റുമാർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർ, ഓഫിസ് ജീവനക്കാർ ഉൾെപ്പടെ ആയിരത്തിലധികം ജീവനക്കാരാണ് കോവിഡ് പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ളത്.
ഇതിൽ 240 ജീവനക്കാർ വനിതകളാണ്. കോവിഡ് രോഗ ബാധിതരെ സി.എഫ്.എൽ.ടി.സികളിലേക്ക് മാറ്റുന്നതും വിദഗ്ധ ചികിത്സക്ക് ആശുപത്രികളിലേക്ക് മാറ്റുന്നതുമാണ് കനിവ് 108 ആംബുലൻസുകളുടെ പ്രധാന ദൗത്യം. കോവിഡ് രോഗികളുമായി അടുത്തിടപഴകുന്നതിനെ തുടർന്ന് നാളിതുവരെ 70 ജീവനക്കാരാണ് രോഗ ബാധിതരായത്.
രോഗ ബാധിതരാകുന്നവർക്കു പകരം ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ കണ്ടെത്തിയാണ് മഹാമാരിയുടെ രണ്ടാംവരവിലും സർവിസ് നിലയ്ക്കാതെ മുന്നോട്ട് പോകുന്നത്. കോവിഡ് രോഗികളുമായി അടുത്തിടപഴകുന്നതിനാൽ പലപ്പോഴും സമൂഹത്തിൽ ഒറ്റപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു.
രാവിലെ തുടങ്ങുന്ന ട്രിപ്പുകൾ രാത്രി വൈകിയാണ് അവസാനിക്കുന്നത്. ഇതിനിടയിൽ പലപ്പോഴും ഭക്ഷണം പോലും കഴിക്കാൻ സാധിക്കാറില്ല. ഒരു ട്രിപ് കഴിഞ്ഞു കിട്ടുന്ന ഇടവേളയിൽ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ ചെല്ലുമ്പോൾ ചുറ്റുമുള്ളവർ ഭയത്തോടെ നോക്കുകയും ഭക്ഷണമിെല്ലന്ന് പറഞ്ഞ് അവഗണിക്കാറുണ്ടെന്നും ജീവനക്കാർ പറയുന്നു. ദുരനുഭവങ്ങൾ ഏറെയുണ്ടെങ്കിലും കോവിഡ് പോരാട്ടത്തിൽ മുന്നോട്ട് കുതിക്കുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.