108 ആംബുലൻസ് സമരം: രോഗികൾ വലയുന്നു; ഇടപെടാതെ ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: സർക്കാറിന്റെ സൗജന്യസേവനമായ 108 ആംബുലൻസ് സർവിസ് നിർത്തി നാല് ദിവസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ ആരോഗ്യവകുപ്പ്. ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ നാലുദിവസമായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം ജീവനക്കാർ സർവിസ് നിർത്തിവെച്ച് സമരത്തിലാണ്. ഇതോടെ സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികളാണ് വലയുന്നത്. സെപ്റ്റംബർ മാസത്തെ ബാക്കി ശമ്പളം, ഒക്ടോബർ മാസത്തെ ശമ്പളം, ഇൻക്രിമെന്റ് എന്നിവ ആവശ്യപ്പെട്ടാണ് സമരം.
സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുന്ന 317, 108 ആംബുലൻസുകളിൽ വളരെ കുറച്ച് മാത്രമാണ് നിലവിൽ സർവിസ് നടത്തുന്നത്. ഇതോടെ സംസ്ഥാന സർക്കാറിന്റെ ട്രോമാകെയർ സംവിധാനം താറുമാറായ അവസ്ഥയാണ്. അത്യാഹിതങ്ങളിൽപെടുന്നവരെയും ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്ക് മാറ്റേണ്ടവരെയും കൊണ്ടുപോകുന്നതിന് സ്വകാര്യ ആംബുലൻസുകളെ പണം നൽകി ആശ്രയിക്കേണ്ട അവസ്ഥയാണ്.
സമരം ആരംഭിച്ച് നാലുദിവസം പിന്നിട്ടിട്ടും ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നാണാക്ഷേപം. ഈ ദിവസത്തിനിടയിൽ ലഭിച്ച ആയിരത്തിലേറെ അത്യാഹിത കോളുകളിൽ സേവനം നൽകാൻ സാധിച്ചില്ലെന്നാണ് വിവരം. പ്രതിദിനം 500 ട്രിപ്പുകൾ ഓടുന്നിടത്ത് കഴിഞ്ഞ നാല് ദിവസമായി ആകെ 200ൽ താഴെ ട്രിപ്പുകൾ മാത്രമാണ് ഓടിയത്. ഇതിനിടെ സമരം ഒത്തുതീർക്കാൻ വെള്ളിയാഴ്ച സി.ഐ.ടി.യു പ്രതിനിധികളും കമ്പനി ഓപറേഷൻസ് മേധാവിയും തമ്മിൽ ചർച്ച നടന്നെങ്കിലും പരാജയപ്പെട്ടു.
അതേസമയം മുൻനിശ്ചയിച്ച പ്രകാരം സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം ശനിയാഴ്ച കമ്പനി അധികൃതർ ജീവനക്കാർക്ക് നൽകി. ഒക്ടോബർ കഴിഞ്ഞിട്ടും സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം എന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് ജീവനക്കാരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.