പള്ളിപ്പുറത്ത് വീട് കുത്തിത്തുറന്ന് 15 പവൻ കവർന്നു
text_fieldsമംഗലപുരം: മംഗലപുരം പള്ളിപ്പുറത്ത് വീടിന്റെ ജനൽകമ്പി അറുത്ത് 15 പവൻ സ്വർണം കവർന്നു. പള്ളിപ്പുറം പുതുവൽ ലൈനിൽ പ്രവാസിയായ മുഹമ്മദ് ഹസന്റെ വീട്ടിൽ നിന്നാണ് സ്വർണം കവർന്നത്. മണിക്കൂറിനുള്ളിൽതന്നെ പ്രതിയെ മംഗലപുരം പൊലീസ് പിടികൂടി. പള്ളിപ്പുറം പുതുവൽ വീട്ടിൽ എൻ. ഹുസൈൻ (27) നെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടുകാർ പുറത്തുപോയി തിരികെ വന്നപ്പോഴാണ് സ്വർണം മോഷണം പോയതായി മനസ്സിലായത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനും രാത്രി 8.30നും ഇടയിലാണ് മോഷണം നടന്നത്. വീട്ടുകാർ ധരിച്ചിരുന്ന സ്വർണം തിരികെ അലമാരയിൽ വെക്കാൻ നോക്കിയപ്പോൾ ആണ് മോഷണവിവരം അറിയുന്നത്. ആദ്യം വീട് പരിശോധിച്ചപ്പോൾ വാതിലുകളൊന്നും തുറന്നിട്ടില്ലായിരുന്നു. എന്നാൽ വിശദമായി നോക്കിയപ്പോഴാണ് അടുക്കളവശത്തെ രണ്ട് ജനൽകമ്പികൾ അറുത്തുമാറ്റിയത് ശ്രദ്ധയിൽപെട്ടത്. മോഷണശേഷം ഈ കമ്പികൾ തിരികെ വെച്ചതിനാലാണ് ആദ്യം തിരിച്ചറിയാനാകാതിരുന്നത്. വീട്ടുകാർ ഉടൻ തന്നെ മംഗലപുരം പൊലീസിൽ വിവരമറിയിച്ചു.
പൊലീസെത്തി പരിസരത്തെ സി.സി കാമറകൾ പരിശോധിച്ചു. തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി. സ്ഥലത്തെത്തിയ ഡോഗ് ഹുസൈന്റെ വീട്ടിൽ ചെന്ന് നിന്നു. അങ്ങനെയാണ് പ്രതി സമീപവാസിയായ ഹുസൈനിലേക്കെത്തിയത്. ഇയാളെ സന്ധ്യക്ക് ഈ ഭാഗത്ത് കണ്ടതായി നാട്ടുകാരും പറഞ്ഞു.
കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. മോഷ്ടിച്ച സ്വർണം തൊട്ടടുത്ത ചവറുകൂനക്കിടയിൽ ഒളിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ മോഷ്ടിച്ച സ്വർണം പൊലീസ് കണ്ടെടുത്തു. കണിയാപുരത്തെ വർക്ഷോപ്പിൽ മോഷണം നടത്തിയതിന് കഴിഞ്ഞമാസം റിമാൻഡിലായിരുന്ന ഹുസൈൻ തൊട്ടടുത്ത ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. നിരവധി മോഷണക്കേസിൽ പ്രതിയാണ് അറസ്റ്റിലായ ഹുസൈൻ. മംഗലപുരം ഇൻസ്പെക്ടർ സിജു കെ. നായർ, എസ്.ഐമാരായ ശാലു ഡി.ജെ, സന്തോഷ്, ഗ്രേഡ് എസ്.ഐ അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.