17 മണിക്കൂർ നീണ്ട ശസ്ത്രക്രിയ; 53കാരൻ ജീവിതത്തിലേക്ക്
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ 17 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ രോഗിയുടെ നട്ടെല്ലിനു കീഴ്ഭാഗത്തെ ട്യൂമർ നീക്കം ചെയ്തു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോസർജറി, സർജിക്കൽ ഗ്യാസ്‌ട്രോ എൻററോളജി, യൂറോളജി വിഭാഗങ്ങൾ സംയുക്തമായി നടത്തിയ ശസ്ത്രക്രിയയാണ് പാലോട് സ്വദേശിയായ 53കാരൻ്റെ ജീവൻ രക്ഷിക്കാനായത്.
അപകടകരമായ നിലയിൽ വളർന്ന സേക്രൽ കോർഡോമ എന്നറിയപ്പെടുന്ന ട്യൂമറുമായി കഴിഞ്ഞ ജൂലായിലാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലമൂത്ര വിസർജനത്തിനുള്ള ബുദ്ധിമുട്ടും ഇരുകാലുകളിൽ നീരും അതിതീവ്രമായ വേദനയുമായാണ് രോഗി ആശുപത്രിയിൽ എത്തിയത്. തുടർന്നു നടത്തിയ പരിശോധനയിൽ രോഗിയിൽ ട്യൂമർ കണ്ടെത്തി. ജൂലായ് 20ന് വിവിധ ചികിത്സാ വിഭാഗങ്ങൾ സംയുക്തമായി ശസ്ത്രക്രിയ തീരുമാനിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോസർജറി, സർജിക്കൽ ഗ്യാസ്‌ട്രോ എൻററോളജി, യൂറോളജി എന്നീ വിഭാഗങ്ങൾ ചേർന്നാണ് നടത്തിയത്.
മലാശയത്തിനും നാഡീവ്യൂഹങ്ങൾക്കും കേടുസംഭവിക്കാതെ ഉദരഭാഗത്തിലൂടെയും ശരീരത്തിെൻറ പിൻഭാഗത്തിലൂടെയുമാണ് ശസ്ത്രക്രിയ ചെയ്തു മുഴ നീക്കിയത്. ശത്രക്രിയക്ക് ശേഷം നട്ടെല്ലിനു ബലക്ഷയം വരാതിരിക്കാൻ നട്ടെല്ലും ഇടുപ്പെല്ലുകളും തമ്മിൽ സ്‌ക്രൂകളും കമ്പികളും ഉപയോഗിച്ച് ബന്ധിപ്പിച്ചു ബലപ്പെടുത്തി.
തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റിയ രോഗിയെ ഫിസിയോതെറാപ്പിക്കുശേഷം കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. ന്യൂറോസർജറി വിഭാഗത്തിലെ ഡോ. കെ.എൽ സുരേഷ്‌കുമാർ, ഡോ ബിഎസ് സുനിൽകുമാർ, ഡോ. എൽ.എസ്. ജ്യോതിഷ്, ഡോ. സാനു വിജയൻ, ഡോ. വി. അഭിഷേക്, സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗത്തിലെ ഡോ. രമേശ് രാജൻ, ഡോ. സുഭാങ്കർ സാഹ, ഡോ. റിസ്‌വാൻ, യൂറോളജി വിഭാഗത്തിലെ ഡോ. പി. ആർ. സജു, ഡോ. കെ.പി. നിർമ്മൽ. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ഉഷാകുമാരി, ഡോ. ജയചന്ദ്രൻ, നഴ്‌സുമാരായ മായ, മാലിനി, സിബി, ശ്രീലേഖ, ഫ്ലോറ, ഷീജ, സയിൻറിഫിക് അസിസ്റ്റൻറ് റെസ്‌വി, നിസ, അനതേഷ്യാ ടെക്‌നിഷ്യൻ സുധീഷ്, തീയറ്റർ സ്റ്റാഫ് പ്രതീഷ്, വിഷ്ണു, നിബിൻ എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.