മഴക്കെടുതി: 18 വീടുകൾക്ക് ഭാഗിക നാശം
text_fieldsതിരുവനന്തപുരം: കഴിഞ്ഞദിവസങ്ങളിലെ ശക്തമായ മഴയിൽ ജില്ലയിൽ ആറ് താലൂക്കുകളിലായി 18 വീടുകൾക്ക് ഭാഗിക നാശം സംഭവിച്ചു. തിങ്കളാഴ്ച മുതൽ പെയ്ത മഴയിൽ വർക്കല താലൂക്കിലെ നാല് വീടുകളാണ് ഭാഗികമായി തകർന്നത്. ചിറയിൻകീഴ്, നെടുമങ്ങാട് താലൂക്കുകളിൽ അഞ്ച് വീടുകൾ വീതവും നെയ്യാറ്റിൻകര താലൂക്കിൽ രണ്ട് വീടുകൾക്കും ഭാഗിക നാശം സംഭവിച്ചു. കാട്ടാക്കട, തിരുവനന്തപുരം താലൂക്കുകളിൽ ഓരോ വീടുകൾക്കാണ് കനത്ത മഴയിൽ നാശമുണ്ടായത്. കനത്ത മഴയിൽ ജില്ലയിൽ 2.93 കോടിയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം.
വിവിധ സ്ഥലങ്ങളിലായി 882 കർഷകരെയാണ് മഴ ബാധിച്ചത്. 26.68 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചു. ജൂലൈ മൂന്നുമുതൽ ആറുവരെയുള്ള കണക്കാണിതെന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസർ എസ്. അനിൽകുമാർ അറിയിച്ചു. തെങ്ങ്, വാഴ, റബർ, മരച്ചീനി, പച്ചക്കറികൾ, കിഴങ്ങു വർഗം എന്നീ വിളകളെയാണ് മഴ സാരമായി ബാധിച്ചത്. 23.88 ഹെക്ടർ പ്രദേശത്തെ വാഴ, 1.04 ഹെക്ടർ മരച്ചീനി, ഒരു ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷി, 0.44 ഹെക്ടർ സ്ഥലത്തെ തെങ്ങ്, 0.2 ഹെക്ടർ കിഴങ്ങുവർഗ വിളകൾ, 0.12 ഹെക്ടറിലെ റബർ എന്നിവ മഴയിൽ നശിച്ചു. മഴക്കെടുതി നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ കലക്ടർ റവന്യൂ ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് നിർദേശം നൽകി.
വ്യാപക കൃഷി നാശം
കാട്ടാക്കട: തോരാത്ത മഴയില് പൂവച്ചൽ ആനാകോട് തട്ടാംവിളയിൽ കണ്ടമത് കോണം ഏലായിൽ വീശിയടിച്ച കാറ്റിൽ വ്യാപക കൃഷി നാശം. ആനാകോട് വിഷ്ണു ഭവനിൽ സുകുമാരൻ നായരുടെ 600ഓളം ഏത്ത വാഴകൃഷി നശിച്ചു. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത കുലച്ച വാഴകളാണ് നശിച്ചത്. നിലവിലെ വിലയനുസരിച്ച് അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മൂന്നു ലക്ഷത്തോളം രൂപ ബാങ്ക് വായ്പയും കൈവായ്പകളും എടുത്താണ് സുകുമാരന് നായര് കൃഷി ഇറക്കിയിരുന്നത്. ഏകദേശം മൂപ്പെത്താറായ വാഴക്കുലകളാണ് നശിച്ചതിൽ ഭൂരിഭാഗവും. സുധൻ, വിജയൻ തുടങ്ങി നിരവധിപേരുടെ കൃഷിക്കും നാശം ഉണ്ടായി.
കാപ്പിൽ പൊഴി മുറിച്ചു
വർക്കല: വർക്കല മേഖലയിൽ വ്യാഴാഴ്ചയും മഴ തിമിർത്തു പെയ്തതോടെ ജനജീവിതം ദുരിതത്തിലായി. പലയിടത്തും മരങ്ങൾ കടപുഴകി വീടുകൾക്ക് കേടുപാടുണ്ടായി. ഇലകമൺ ചാരുംകുഴി കുറ്റിമൂല വീട്ടിൽ ഹരിദാസിന്റെ വീടിനു മുകളിൽ തെങ്ങ് വീണ് മേൽക്കൂര തകർന്നു. വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അയിരൂർ ചന്തമുക്ക് തെക്കതിൽ തങ്കമ്മയുടെ വീടിന് മുകളിൽ പ്ലാവ് ഒടിഞ്ഞുവീണു.ഇടവ വെൺകുളം മരക്കടമുക്ക് വസന്തം വീട്ടിൽ വസന്തയുടെ വീടിന് മുകളിൽ പ്ലാവ് വീണു. ഇടവ ശ്രീയേറ്റ് അങ്ങത്ത് വീട്ടിൽ നസീമാബീഗത്തിന്റെ വീട്ടിലേക്ക് വലിയ പുളിമരം അപകടകരമാം വിധം ചാഞ്ഞത് അഗ്നിരക്ഷാസേനത്തി മുറിച്ചുമാറ്റി.വർക്കല സ്റ്റാർ തിയറ്ററിന് സമീപം, പുന്നമൂട്, വിളപ്പുറം, ചാവടിമുക്ക് കുഴിയൻവിളാകം, വെട്ടൂർ വലയന്റകുഴി എന്നിവിടങ്ങളിൽ റോഡിലേക്ക് മരം വീണു. പലയിടത്തും വൈദ്യുതി കമ്പികളിലേക്ക് മരങ്ങളും മരച്ചില്ലകളും ഒടിഞ്ഞുവീണ് വൈദ്യുതി തടസ്സമുണ്ടായി. ദിവസങ്ങളായി തകർത്തുപെയ്യുന്ന മഴയിൽ ഇടവ പഞ്ചായത്തിലെ ഏലാകളെല്ലാം വെള്ളക്കെട്ടിലായി.
ഇടവ നടയറ കായലിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് മണൽ നീക്കി പൊഴി മുറിച്ചുവിട്ടു. ഇതോടെ തീരമേഖലയിലെ ആശങ്കക്ക് താൽക്കാലിക വിരാമമായി. കായലിലെ അധികജലം കടലിലേക്ക് സുഗമമായി ഒഴുകിപ്പോകുന്നുണ്ട്.
മഴ ശക്തമായാൽ കൃഷി നാശത്തിനുള്ള സാധ്യത കണക്കിലെടുത്താണ് കടലും കായലും ചേരുന്ന കാപ്പിൽ തീരത്ത് അടഞ്ഞുകൂടിയ മണൽതിട്ടകളിൽ ഒരുഭാഗത്ത് ചാലുകീറിയത്. കാലവർഷം കനക്കുമ്പോൾ കാപ്പിൽ പൊഴിമുഖത്ത് മണൽ നീക്കം എല്ലാ വർഷവും നടത്താറുണ്ട്.
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു
പെരുമാതുറ: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപെട്ട് പുതുക്കുറിച്ചി സ്വദേശി സജിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. സജിയെ കൂടാതെ, സുനിൽ, പ്രവിൻദാസ്, സുനിൽ എന്നിവരാണ് അപകടത്തിൽപെട്ടത്. കടലിലേക്ക് നീന്തിയ ഇവരെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് 4.15ഓടെയാണ് സംഭവം.
കടൽ പ്രക്ഷുബ്ദമായതിനാൽ മുതലപ്പൊഴിയിൽ പ്രവേശിക്കാനാകാത്ത സാഹചര്യത്തിൽ രക്ഷപ്പെട്ടവരെ പുതുക്കുറിച്ചി കടൽത്തീരത്ത് എത്തിച്ചു. ൺസൂൺ ആരംഭിച്ചതിന് പിന്നാലെ മുതലപ്പൊഴി അഴിമുഖത്തുണ്ടാകുന്ന ഒമ്പതാമത്തെ അപകടമാണ് വ്യാഴാഴ്ച നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.