പോത്തൻകോട്ട് 18 അന്തർസംസ്ഥാന തൊഴിലാളികൾക്ക് മന്ത് രോഗം
text_fieldsപോത്തൻകോട്: പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽ മന്ത് രോഗം പടരുന്നത് ആശങ്കയിൽ. രണ്ടാഴ്ച മുമ്പ് അമ്പത് അതിഥി തൊഴിലാളികളെ പരിശോധിച്ചതിൽ 18 പേർക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്.
ഇതിൽ പതിമൂന്നുപേർ തുടർ ചികിത്സ തേടിയപ്പോൾ മറ്റ് അഞ്ചുപേരെക്കുറിച്ച് ആർക്കും അറിവില്ല. അവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്ത അവസ്ഥയാണ്. ഇവർ ക്യാമ്പുകളിൽ ഉണ്ടോ അതോ നാട്ടിലേക്ക് തിരിച്ചുപോയോ എന്നറിയാൻ പോലും കഴിയുന്നില്ല.
ഇവർ ക്യാമ്പുകളിൽതന്നെ ഉണ്ടെങ്കിൽ മറ്റ് തൊഴിലാളികൾക്കും രോഗം പടർന്നുപിടിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ആറുസ്ഥലങ്ങളിലാണ് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി സലിൽ എ. സോണി, ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഷിബു, പോത്തൻകോട് െപാലീസ് എന്നിവർ പരിശോധന നടത്തിയത്.
ആറുകേന്ദ്രങ്ങളിൽ നിന്നായി 210 അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതായി കണ്ടെത്തി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ കണ്ടെത്തിയതിനും പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുകൊണ്ടും കെട്ടിട ഉടമകളായ നവാസ്, സെൽവൻ, സെൽവരാജ്, ബദറുദ്ദീൻ, അസീസ് എന്നിവർക്ക് ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയതായും പിഴ അടക്കാതെ വന്നാൽ കെട്ടിടം പൂട്ടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഹെൽത്ത് ഇൻസ്പെക്ടർ ഷിബു അറിയിച്ചു.
രണ്ടുമാസം മുമ്പ് കെട്ടിട ഉടമയായ നവാസിനെ അന്തർസംസ്ഥാന തൊഴിലാളികൾ മർദിച്ച സംഭവമുണ്ടായി. വാടക ചോദിച്ചെത്തിയ നവാസിനോട് കെട്ടിടം വൃത്തിഹീനമാണെന്നും ശരിയാക്കാതെ വാടക തരില്ലെന്നും തൊഴിലാളികൾ പറഞ്ഞു. തുടർന്ന് തൊഴിലാളികളും കെട്ടിട ഉടമയും തമ്മിൽ വാക്കേറ്റമുണ്ടായി.
ഇതിനിടയിൽ സഹോദരങ്ങളായ അന്തർസംസ്ഥാന തൊഴിലാളികൾ ഇരുമ്പുവടി കൊണ്ട് കെട്ടിട ഉടമയുടെ തലക്കടിച്ചു. ഇതിൽ രണ്ടുപേരെ പോത്തൻകോട് െപാലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് മുഴുവൻ അന്തർസംസ്ഥാന തൊഴിലാളികളുടെയും രേഖകൾ െപാലീസിൽ ഹാജരാക്കണമെന്ന് പോത്തൻകോട് സി.ഐ മിഥുൻ കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടെങ്കിലും ആരും ഹാജരാക്കിയില്ല. വരുംദിവസങ്ങളിൽ ശക്തമായ പരിശോധന നടക്കുമെന്ന് െപാലീസും ആരോഗ്യവകുപ്പും പറഞ്ഞു. രണ്ടാഴ്ച കഴിയുമ്പോൾ വീണ്ടും മന്തുരോഗ പരിശോധന നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.