പാചകവാതക സിലിണ്ടര്‍ പരിശോധനക്ക് 236 രൂപ സര്‍വിസ് ചാര്‍ജ്
text_fieldsതിരുവനന്തപുരം: ഗാര്‍ഹികാവശ്യത്തിനുപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകള്‍ സംബന്ധിച്ച പരാതി ചര്‍ച്ച ചെയ്യുന്നതിനായി ജില്ല സപ്ലൈ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ ഓപണ്‍ ഫോറം നടത്തി.
ഗാര്‍ഹികാവശ്യത്തിനുപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളിലെ തൂക്കക്കുറവ്, വിതരണം ചെയ്യുമ്പോള്‍ ഡെലിവറി ബോയ്സ് അമിത വിലയീടാക്കുന്നതായുള്ള പരാതി, സിലിണ്ടറുകള്‍ കരിഞ്ചന്തയിലേക്ക് കടത്തുന്നതായുള്ള പരാതി എന്നിവ ചര്‍ച്ച ചെയ്യാനും ഗ്യാസ് ലീക്കേജ് മൂലമുണ്ടാകുന്ന അപകടം ഒഴിവാക്കുന്നത് സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനുമായാണ് ഓപണ്‍ ഫോറം സംഘടിപ്പിച്ചത്.
ഗ്യാസ് സിലിണ്ടറുകളുടെ മാന്‍ഡേറ്ററി പരിശോധനകള്‍ ഏജന്‍സികളില്‍ നിന്നുള്ള ജീവനക്കാര്‍ വീടുകളില്‍ വന്ന് നടത്തുമ്പോള്‍ ജി.എസ്.ടി ഉള്‍പ്പെടെ 236 രൂപ സര്‍വിസ് ചാർജായി ഈടാക്കുമെന്ന് ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് സെയില്‍ ഓഫിസര്‍ അറിയിച്ചു.
അഞ്ചു വര്‍ഷം കൂടുന്തോറുമാണ് കമ്പനികള്‍ പ്രതിനിധികള്‍ പരിശോധന നടത്തുന്നത്. ഉപഭോക്താക്കള്‍ തിരിച്ചറിയൽ കാര്‍ഡ് പരിശോധിച്ച് കമ്പനി പ്രതിനിധികള്‍ ആണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ പരിശോധന അനുവദിക്കാവൂ. പരിശോധനക്കെത്തുന്ന വിവരം മൊബൈല്‍ സന്ദേശമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും സെയില്‍ ഓഫിസര്‍ അറിയിച്ചു.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടം സംബന്ധിച്ച് ഗ്യാസ് ഏജന്‍സികളുടെയും അഗ്നിരക്ഷാസേനയുടെയും സഹായത്തോടുകൂടി ഉപഭോക്താക്കള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ബോധവത്കരണം നടത്തും. നിലവാരമില്ലാത്ത ഗ്യാസ് സ്റ്റൗ, സുരക്ഷ ഹോബ് എന്നിവ ഉപയോഗിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് അറിയിച്ചു.
താലൂക്ക് സപ്ലൈ ഓഫിസര്‍ ബീന ഭദ്രന്, ഐ.ഒ.സി സെയില്‍സ് ഓഫിസര്‍ മഞ്ജുഷ, എച്ച്.പി.സി.എല്‍ സെയില്‍ ഓഫിസര്‍ സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.