വിവരം നൽകാൻ 50 ദിവസം വൈകി, ഓഫിസർക്ക് 12,500 രൂപ പിഴ
text_fieldsതിരുവനന്തപുരം: വിവരം നൽകാൻ 50 ദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥന് 12,500 രൂപ പിഴ ചുമത്തി വിവരാവകാശ കമീഷൻ. വടകര ജില്ല വിദ്യാഭ്യാസ ഓഫിസിലെ പബ്ലിക് ഓഫിസർ ആരിഫ് അഹമ്മദാണ് സംസ്ഥാന വിവരാവകാശ കമീഷന്റെ ഉത്തരവുണ്ടായിട്ടും വിവരം വൈകിപ്പിച്ചത്.
പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാറിന് അപേക്ഷയിലും അപ്പീലിലും ആവശ്യപ്പെട്ട വിവരങ്ങൾ നിഷേധിച്ചതിനെ തുടർന്നാണ് കമീഷനെ സമീപിച്ചത്. വിവരം നൽകാൻ കമീഷൻ പറഞ്ഞിട്ടും അലംഭാവം കാട്ടിയതിനാണ് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ.എ. ഹക്കീം പിഴചുമത്തി ഉത്തരവായത്.
ജില്ലയിലെ ഒരു സ്കൂളിൽ അധ്യാപികക്ക് സ്ഥിരനിയമനം നൽകുന്ന വിഷയത്തിലെ രേഖാ പകർപ്പുകളാണ് ഓഫിസർ മറച്ചുവെച്ചത്. കമീഷന്റെ ഉത്തരവിന് ശേഷവും വിവരം നൽകാൻ വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ ക്രമത്തിൽ 50 ദിവസത്തേക്ക് 12,500 രൂപ പിഴ ചുമത്തുകയായിരുന്നു. ആരിഫ് അഹമ്മദ് ജൂലൈ 25നകം ഫൈൻ അടച്ചതായി ഡി.ഇ.ഒ ഉറപ്പുവരുത്തി 30നകം കമീഷനെ അറിയിക്കണം. അല്ലെങ്കിൽ ആരിഫിന് ജപ്തി നടപടികൾ നേരിടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.