കെ-ഡിസ്‌ക് വഴി രജിസ്റ്റർ ചെയ്തത് 53.42 ലക്ഷം തൊഴിലന്വേഷകർ -മന്ത്രി എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: 20 ലക്ഷം പേർക്ക് തൊഴിൽ ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന കെ-ഡിസ്‌ക് പദ്ധതി വഴി സംസ്ഥാനത്താകെ 53,42,094 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്‌തതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ഇതിൽ 58.3 ശതമാനം സ്ത്രീകളും 41.5 ശതമാനം പുരുഷന്മാരുമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ 3578 പേരും പട്ടികയിലുണ്ട്. അന്താരാഷ്ട്ര സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭക ദിനാഘോഷ പരിപാടിയിൽ, തദ്ദേശ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സംരംഭക ഹെൽപ് ഡെസ്‌ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലക്ഷക്കണക്കിന് അഭ്യസ്തവിദ്യർ തൊഴിലില്ലായ്മ അനുഭവിക്കന്നെന്നത് വലിയ വെല്ലുവിളിയാണ്. സംസ്ഥാനത്ത് കൂടുതൽ സംരംഭങ്ങൾ ഉയർന്നുവരുന്നത് ഗുണകരമാകും. തദ്ദേശ സ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്‌കുകൾ സജ്ജമാകുന്നതും തിങ്കൾ, ബുധൻ ദിവസങ്ങളിൽ എല്ലാ പഞ്ചായത്തുകളിലും ഇന്‍റേണുകളുടെ സേവനം ലഭിക്കുന്നതും സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
'സംരംഭക വർഷം' പദ്ധതി ആരംഭിച്ച് ചെറിയ കാലയളവിനുള്ളിൽ 24,784 പുതിയ സംരംഭങ്ങൾക്ക് അനുമതി നൽകിയെന്നും സംസ്ഥാനത്ത് ഏഴു സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈൻ വഴി ലഭിച്ചെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
ഭൂമി സംബന്ധമായ പ്രശ്‌നങ്ങളില്ലെങ്കിൽ പരമാവധി 30 ദിവസത്തിനകംതന്നെ ഇവയുടെ നിർമാണത്തിന് അനുമതി നൽകും. സംരംഭക സൗഹൃദമാകുന്നതിന്‍റെ ഭാഗമായാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നാല് ശതമാനം പലിശയിൽ ഈടില്ലാതെ വായ്പ നൽകുന്നതിന് ബാങ്കുകളുമായി ധാരണയിലെത്തിയത്. പുതിയ സംരംഭങ്ങൾ ഉയർന്നുവരുന്നതിന് ഏറ്റവും മികച്ച അന്തരീക്ഷമാണ് നിലവിൽ കേരളത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു.
വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷതവഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ആസൂത്രണബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.