വിതരണം ചെയ്യാനാകാതെ റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് 6000 മെട്രിക് ടൺ ഗോതമ്പ്
text_fieldsതിരുവനന്തപുരം: ഗോതമ്പിന്‍റെ വിതരണത്തിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് 6000 മെട്രിക് ടണ്ണോളം ഗോതമ്പ്.
കാലവർഷം ആരംഭിച്ചതോടെ ഈർപ്പവും മറ്റ് കാരണങ്ങൾകൊണ്ടും കടകളിൽ ഇരുന്നുതന്നെ ഇവ നശിക്കുന്ന സ്ഥിതിയാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികൾ സംസ്ഥാന സർക്കാറിനെ സമീപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി വഴി എ.എ.വൈ (മഞ്ഞകാർഡ്) മുൻഗണന വിഭാഗക്കാർക്ക് (പിങ്ക് കാർഡ്) വിതരണം ചെയ്യേണ്ട ഗോതമ്പാണ് റേഷൻ കടകളിൽ നശിക്കുന്നത്.
മഞ്ഞ കാർഡുകാർക്ക് ഭക്ഷ്യഭദ്രത നിയമപ്രകാരം ലഭിക്കുന്ന 30 കിലോ അരിയും നാല് കിലോ ഗോതമ്പിന് പുറമെയാണ് കോവിഡ് കാലത്ത് പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി കേന്ദ്രം നൽകിയത്. പദ്ധതി വഴി പിങ്ക് കാർഡുകാർക്കും കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിച്ചു. പ്രതിമാസം 6459.074 മെട്രിക്ക് ടൺ ഗോതമ്പാണ് ഇതിനായി കേന്ദ്രം കേരളത്തിന് നൽകിയത്.
എന്നാൽ, ആഭ്യന്തര വിപണിയിലെ വിലക്കയറ്റത്തെ തുടർന്ന് മേയ് പകുതിയോടെ ഗോതമ്പ് വിതരണത്തിന് കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തുകയും പദ്ധതി വഴി നൽകി വന്നിരുന്ന ഗോതമ്പ് വിതരണം ചെയ്യാൻ പാടില്ലെന്ന് നിർദേശിക്കുകയുമായിരുന്നു. ഇതോടെ മേയ് 16ന് കേരളം ഗോതമ്പ് വിതരണം നിർത്തിവെച്ചു.
മേയ് ആദ്യവാരംതന്നെ പദ്ധതിക്കായുള്ള ഗോതമ്പ് എഫ്.സി.ഐയിൽനിന്ന് റേഷൻ കടകളിൽ എത്തിയിരുന്നു.
കേന്ദ്രസർക്കാർ നിർദേശം വന്നതോടെ ഈ ചാക്കുകൾ എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ഭൂരിഭാഗം വ്യാപാരികളും.
ഈ മാസം പി.എം.ജി.കെ.എ.വൈ പദ്ധതിയിലൂടെ ഗോതമ്പിന് പകരം അരിയാണ് കേന്ദ്രം കേരളത്തിന് നൽകിയിട്ടുള്ളത്. അതിനാൽ മഞ്ഞ, പിങ്ക് കാർഡിലെ ഓരോ അംഗത്തിനും ജൂണിൽ അഞ്ച് കിലോ അരി വീതമായിരിക്കും സൗജന്യമായി ലഭിക്കുക. കെട്ടിക്കിടന്ന് നശിക്കുന്നതിനാൽ നിലവിൽ കടകളിലുള്ള ഗോതമ്പ് മുൻഗണനാ വിഭാഗം കാർഡുകാരുടെ റെഗുലർ സ്റ്റോക്കിലേക്ക് മാറ്റണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
പല കടകളിലും ഒരു മാസം വിതരണത്തിനുള്ളത്രയും ഗോതമ്പ് സ്റ്റോക്കുണ്ടെന്നും ഇ-പോസ് മെഷീനിൽ വിതരണം നടത്തുന്നതിന് ആവശ്യമായ ക്രമീകരണം സർക്കാർ സ്വീകരിക്കണമെന്നും ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.